വനിത ലോകകപ്പില്‍ മൂന്നാം വിജയം തേടി ഇന്ത്യന്‍ ടീം ഇന്നിറങ്ങും; വിശാഖപട്ടണത്തിലെ എതിരാളികള്‍ ദക്ഷിണാഫ്രിക്ക; ആഫ്രിക്കന്‍ പരീക്ഷ വിജയിച്ചാല്‍ ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും പോയന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്താം
വനിത ലോകകപ്പില്‍ മൂന്നാം വിജയം തേടി ഇന്ത്യന്‍ ടീം ഇന്നിറങ്ങും
വിശാഖപട്ടണം: വനിത ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്നാം വിജയം തേടി ഇന്ത്യന്‍ ടീം ഇന്നിറങ്ങുന്നു. മൂന്നാം മത്സരത്തില്‍ വ്യാഴാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെയാണ് കളത്തിലിറങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങളില്‍ യഥാക്രമം ശ്രീലങ്കയെയും പാക്കിസ്താനെയും തോല്‍പിച്ച ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും ആഫ്രിക്കന്‍ പരീക്ഷ ജയിക്കാനായാല്‍ പോയന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് കയറാം. ഇന്ത്യയെപ്പോലെ നാല് പോയന്റുള്ള ഇംഗ്ലണ്ട് റണ്‍റേറ്റിന്റെ നേരിയ ബലത്തിലാണ് മുന്നില്‍ നില്‍ക്കുന്നത്.
ഇംഗ്ലീഷുകാരോട് കനത്ത തോല്‍വിയോട തുടങ്ങിയ ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡിനെ വീഴ്ത്തി ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ട്. മൂന്ന് പ്രധാന ബാറ്റര്‍മാര്‍ വലിയ സ്‌കോറുകള്‍ കണ്ടെത്താതെ മടങ്ങുന്നതാണ് ഇന്ത്യയെ സംബന്ധിച്ച് ഏക തലവേദന. ഓപണറും ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാംസ്ഥാനക്കാരിയുമായ സ്മൃതി മന്ദാനയും ക്യാപ്റ്റന്‍ ഹര്‍മനും ജെമീമ റോഡ്രിഗസും ഇനിയും ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല. മറ്റൊരു ഓപണര്‍ പ്രതിക റാവലും ഹര്‍ലീന്‍ ഡിയോളുമാണ് അല്‍പ്പമെങ്കിലും വിശ്വാസം കാക്കുന്നത്.
സ്പിന്‍ ഓള്‍ റൗണ്ടര്‍മാരായ ദീപ്തി ശര്‍മയും സ്‌നേഹ് റാണയും രണ്ട് മത്സരങ്ങളിലും നിര്‍ണായക സംഭാവനകള്‍ നല്‍കി. ലങ്കക്കെതിരെ അര്‍ധശതകവും ഒരു വിക്കറ്റും നേടിയ പേസ് ബൗളിങ് ഓള്‍ റൗണ്ടര്‍ അമന്‍ജോത് കൗറിന് പരിക്ക് കാരണം പാകിസ്താനുമായി കളിക്കാനായില്ല. അമന്‍ജോത് തിരിച്ചെത്തുന്ന പക്ഷം സ്‌പെഷലിസ്റ്റ് പേസറായ രേണുക സിങ് ഠാകുര്‍ പ്ലേയിങ് ഇലവനില്‍നിന്ന് പുറത്താവും. മറ്റൊരു പേസര്‍ ക്രാന്തി ഗൗഡും സ്പിന്നര്‍ ശ്രീ ചരണിയും ഫോമിലുള്ളത് ബൗളിങ്ങില്‍ കരുത്താണ്.
ആദ്യ കളിയില്‍ വെറും 69 റണ്‍സിന് പുറത്തായി ഇംഗ്ലണ്ടിനോട് 10 വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങിയവരാണ് ദക്ഷിണാഫ്രിക്കക്കാര്‍. ന്യൂസിലന്‍ഡിനെതിരെ ഓപണര്‍ തസ്മിന്‍ ബ്രിറ്റ്‌സ് ഉജ്ജ്വല സെഞ്ച്വറി നേടി വിജയ ശില്‍പിയായി. സ്പിന്നര്‍ നോന്‍കുലുലെക്കോ മ്ലാബയുടെ നാല് വിക്കറ്റ് പ്രകടനവും സുനെ ലൂസ് പുറത്താവാതെ നേടിയ 83 റണ്‍സും ടീമിനെ തുണച്ചു.