ഹാട്രിക് സെഞ്ചുറി നേടാന്‍ സഞ്ജു; ഇന്ത്യക്കൊപ്പമെത്തുക എന്ന ലക്ഷ്യവുമായി പ്രോട്ടീസ്; ഇന്ത്യ-ദക്ഷലണാഫ്രിക്ക് രണ്ടാം ട്വന്റി 20 ആവേശപോരാട്ടം ഇന്ന്

Update: 2024-11-10 06:34 GMT

പോര്‍ട്ട് എലിസബത്ത്: നാല് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ സെന്റ് ജോര്‍ജ് പാര്‍ക്കില്‍ വെച്ച് നേരിടും. ആദ്യ ടി20യിലെ മിന്നുന്ന പ്രകടനത്തിന് ശേഷം ഇന്ത്യ നിലവില്‍ പരമ്പരയില്‍ 1-0 ന് മുന്നിലാണ്. ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ 50 പന്തില്‍ 107 റണ്‍സ് നേടി പ്ലയര്‍ ഓഫ് ദി മാച്ച് ആയിരുന്നു. സാംസണ്‍ തന്റെ ഫോം തുടരും എന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

പോര്‍ട്ട് എലിസബത്തിലെ പിച്ച് പേസ് ബൗളര്‍മാരെ തുണയ്ക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. അതേസമയം ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്നും തിരിച്ചു വരികയെന്ന ലക്ഷ്യത്തോടെയാണ് ദക്ഷിണാഫ്രിക്ക ഇന്ന് കളത്തിലിറങ്ങുന്നത്. നായകന്‍ എയ്ഡന്‍ മാര്‍ക്രം അടക്കം കഴിഞ്ഞ കളിയില്‍ നിറംമങ്ങിയിരുന്നു. ഇന്നത്തെ മത്സരത്തെ മഴ ബാധിച്ചേക്കാം എന്ന ഭീഷണിയുണ്ട്. മത്സരം 7:30 ആരംഭിക്കും.

ഡര്‍ബനില്‍ നടന്ന ആദ്യ ടി20യില്‍ 61 റണ്‍സിന്റെ വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പ്രോട്ടീസ് 17.5 ഓവറില്‍ 141 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. മലയാളി വിക്കറ്റ് കീപ്പറും ഓപണറുമായ സഞ്ജു സാംസണിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്. 50 പന്തില്‍ പത്ത് സിക്സും ഏഴ് ബൗണ്ടറിയും സഹിതം 107 റണ്‍സാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

നേരത്തെ ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിലും സഞ്ജു സെഞ്ച്വറി അടിച്ചെടുത്തിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെഞ്ച്വറി പ്രകടനത്തിലൂടെ രാജ്യാന്തര ടി20യില്‍ തുടര്‍ച്ചയായ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന ബഹുമതിയും സഞ്ജുവിനെ തേടിയെത്തിയിരുന്നു. തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിച്ച് ടി20യില്‍ ഹാട്രിക് സെഞ്ച്വറി എന്ന ചരിത്രനേട്ടം സഞ്ജു സ്വന്തമാക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.

അതേസമയം സ്വന്തം മണ്ണില്‍ നടക്കുന്ന പരമ്പരയില്‍ ഒപ്പമെത്താനാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്. രണ്ടാം മത്സരത്തില്‍ വിജയം സ്വന്തമാക്കി ആദ്യ മത്സരത്തില്‍ വഴങ്ങിയ തോല്‍വിയില്‍ നിന്ന് തിരിച്ചുവരാനാണ് പ്രോട്ടീസിന്റെ ശ്രമം. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം അടക്കമുള്ള താരങ്ങള്‍ക്ക് കഴിഞ്ഞ മത്സരത്തില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

Tags:    

Similar News