അഞ്ച് വിക്കറ്റ് നേട്ടവുമായി വരുണ്‍ ചക്രവര്‍ത്തി; കൈവിട്ട കളി തിരിച്ചുപിടിച്ച് ട്രിസ്റ്റണ്‍ സ്റ്റെപ്‌സും ജെറാള്‍ഡ് കോട്സീയും; രണ്ടാം ട്വന്റി 20യില്‍ ഇന്ത്യയെ മൂന്ന് വിക്കറ്റിന് കീഴടക്കി ദക്ഷിണാഫ്രിക്ക; പരമ്പരയില്‍ ഒപ്പത്തിനൊപ്പം
രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് ജയം
കെബെര്‍ഹ: ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 125 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ട് വച്ചത്. മറുപടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 41 പന്തില്‍ 47 റണ്‍സുമായി പുറത്താവാതെ നിന്ന ട്രിസ്റ്റണ്‍ സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്. വിക്കറ്റുകള്‍ പിഴുത് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പ്രതിരോധിച്ചെങ്കിലും ജെറാള്‍ഡ് കോട്സീയെ (9 പന്തില്‍ 19) കൂട്ടുപിടിച്ച് സ്റ്റബ്സ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയെങ്കിലും സ്റ്റബ്സിന്റെ പ്രകടനം നിര്‍ണായകമായി. ജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-1ന് ഒപ്പമെത്തി. മോശമായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. 44 റണ്‍സിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. റ്യാന്‍ റിക്കിള്‍ടണ്‍ (13), എയ്ഡന്‍ മാര്‍ക്രം (3), റീസ ഹെന്‍ഡ്രിക്സ് (24) എന്നിവരാണ് പുറത്തായത്. പിന്നീട് മാര്‍കോ ജാന്‍സന്‍ (7) സ്റ്റബ്സ് സഖ്യം 20 റണ്‍സ് ചേര്‍ത്തു. എന്നാന്‍ ജാന്‍സനെ പുറത്താക്കി വരുണ്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി.
പിന്നാലെ ഹെന്റിച്ച ക്ലാസന്‍ (2), ഡേവിഡ് മില്ലര്‍ (0) എന്നിവരെ കൂടി തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ വരുണ്‍ മടക്കി. ഇതോടെ ആറിന് 66 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. ആന്‍ഡിലെ സിംലെനിനെ (7) രവി ബിഷ്ണോയ് ബൗള്‍ഡാക്കിയെങ്കിലും ജെറാള്‍ഡ് കോട്സീയെ (9 പന്തില്‍ 19) കൂട്ടുപിടിച്ച് സ്റ്റബ്സ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു.
തുടര്‍ച്ചായ രണ്ടാം ട്വന്റി20 മത്സരത്തിലും ടോസ് ഭാഗ്യം കടാക്ഷിച്ച ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം ഇത്തവണയും ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമടക്കമുള്ളവര്‍ നിരാശപ്പെടുത്തിയപ്പോള്‍ 45 പന്തില്‍ 39 റണ്‍സ് നേടിയ ഹാര്‍ദിക്കിന്റെ ഇന്നിങ്‌സിന്റെ ബലത്തിലാണ് ഇന്ത്യ വലിയ തകര്‍ച്ച അതിജീവിച്ചത്. ഇതോടെ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 124 റണ്‍സ് നേടി.
ഓപ്പണര്‍മാരെ തുടക്കത്തിലേ നഷ്ടപ്പെട്ട ഇന്ത്യയെ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണാഫ്രിക്ക സമ്മര്‍ദ്ദത്തിലാക്കി. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ സഞ്ജു സാംസണ്‍ റണ്‍ ഒന്നുമെടുക്കാതെ പുറത്തായി. മൂന്ന് പന്തുകള്‍ നേരിട്ട സഞ്ജുവിനെ പുറത്താക്കി മാര്‍ക്കോ യാന്‍സനാണ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ അഭിഷേക് ശര്‍മ്മയും മടങ്ങി. അഞ്ച് പന്തില്‍ നാല് റണ്‍സ് എടുത്ത അഭിഷേകിനെ ജെറാള്‍ഡ് കോട്‌സെ മാര്‍ക്കോ യാന്‍സന്റെ കൈകളിലെത്തിച്ചു.
പിന്നാലെ എത്തിയ സൂര്യകുമാര്‍ യാദവും കാര്യമായ സംഭാവ നല്‍കാതെ മടങ്ങി. ഒന്‍പത് പന്തില്‍ നാല് റണ്‍സ് എടുത്ത സൂര്യ ആന്‍ഡില്‍ സിമെലന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങി. നാലാം വിക്കറ്റില്‍ അക്ഷര്‍ പട്ടേലും തിലക് വര്‍മയും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് കൂട്ടത്തകര്‍ച്ചയില്‍നിന്ന് ഇന്ത്യയെ കരകയറ്റിയത്. 20 പന്തില്‍ 20 റണ്‍സ് എടുത്ത് തിലക് വര്‍മയെ ഡേവിഡ് മില്ലറുടെ കൈകളില്‍ എത്തിച്ച് എയ്ഡന്‍ മാക്രം ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ 21 പന്തില്‍ 27 റണ്‍സ് എടുത്ത അക്‌സര്‍ പട്ടേല്‍ റണ്‍ ഔട്ടായി.
11 പന്തില്‍ ഒന്‍പത് റണ്‍സ് എടുക്ക് റിങ്കു സിങ്ങും മടങ്ങി. എന്‍കബയോംസി പീറ്ററിന്റെ പന്തില്‍ കോട്‌സെ ക്യാച്ചെടുത്താണ് റിങ്കുവിനെ പുറത്താക്കിയത്. 45 പന്തില്‍ 39 റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യയും ആറ് പന്തില്‍ ഏഴ് റണ്‍സുമായി അര്‍ഷദീപ് സിങ്ങും പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ജെറാള്‍ഡ് കോട്‌സെ, പീറ്റര്‍, എയ്ഡന്‍ മാക്രം, മാര്‍ക്കോ യാന്‍സന്‍, ആന്‍ഡില്‍ സിമെലന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.