ഇന്ത്യയും ദക്ഷിണാഫ്രിക്കയും വീണ്ടും നേര്‍ക്കുനേര്‍; ഇന്ത്യയ്ക്ക് സെഞ്ചൂറിയന്‍ ചലഞ്ച്; ലീഡ് ഉയര്‍ത്താന്‍ ഇരു ടീമും: മൂന്നാം ട്വന്റി 20 ഇന്ന്
സെഞ്ചൂറിയന്‍: ടി20 പരമ്പരയില്‍ മുന്നിലെത്താന്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും വീണ്ടും നേര്‍ക്കുനേര്‍. ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20 മത്സരം ഇന്ന് സെഞ്ചൂറിയനില്‍ അരങ്ങേറും. ഇന്ത്യന്‍ സമയം 8.30നാണ് നിര്‍ണായകപോരാട്ടം ആരംഭിക്കുക. നാല് മത്സരങ്ങളടങ്ങിയ ടി20 പരമ്പര നിലവില്‍ 1-1 എന്ന നിലയില്‍ സമനിലയിലാണ്. ആദ്യ മത്സരം 61 റണ്‍സിന് ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം മത്സരംമൂന്ന് വിക്കറ്റിന് പിടിച്ചെടുത്ത് ദക്ഷിണാഫ്രിക്ക ഒപ്പമെത്തി. പരമ്പരയില്‍ മുന്നിലെത്താന്‍ ഇന്ന് നടക്കുന്ന മൂന്നാം പോരാട്ടത്തില്‍ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമാണ്.
മൂന്നാം മത്സരത്തില്‍ വിജയം പിടിച്ചെടുത്ത് പരമ്പരയില്‍ തിരിച്ചെത്താനാണ് സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീം ഇന്ത്യ ഇന്ന് സെഞ്ചൂറിയനില്‍ ഇറങ്ങുന്നത്. അവസാന മത്സരത്തില്‍ ബാറ്റര്‍മാര്‍ക്ക് താളം കണ്ടെത്താന്‍ കഴിയാതെ പോയത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. പ്രധാന ബാറ്റര്‍മാരില്‍ ആര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടാം ടി20യില്‍ ഓപണറും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ സഞ്ജു സാംസണ്‍ ഡക്കായി പുറത്തായത് ഇന്ത്യയെ ഏറെ നിരാശപ്പെടുത്തിയിരുന്നു. ആദ്യ മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറി അടിച്ചെടുത്ത് ഇന്ത്യന്‍ സ്‌കോറിങ്ങിന്റെ നെടുംതൂണായി മാറിയത് സഞ്ജുവിന്റെ ഇന്നിങ്‌സായിരുന്നു. ഓപണര്‍ അഭിഷേക് ശര്‍മയ്ക്ക് രണ്ട് മത്സരങ്ങളിലും തിളങ്ങാനായിരുന്നില്ല. അതുകൊണ്ടുതന്നെ സഞ്ജുവിനൊപ്പം പുതിയ ജോഡിയെ പരീക്ഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ദക്ഷിണാഫ്രിക്കന്‍ പേസ് നിരയ്ക്ക് മുന്നില്‍ ഇന്ത്യയുടെ പേരുകേട്ട യുവബാറ്റിങ് നിര പകച്ചുനിന്നതാണ് രണ്ടാം ടി20യില്‍ കാണാന്‍ കഴിഞ്ഞത്. സെഞ്ചൂറിയനിലും ഫാസ്റ്റ് ബൗളര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചാണുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അതേസമയം വിജയം തുടര്‍ന്ന് പരമ്പരയില്‍ ആധിപത്യം ഉറപ്പിക്കാനാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കും കാര്യങ്ങള്‍ അത്ര എളുപ്പമല്ല. രണ്ടാം പോരാട്ടത്തില്‍ ഇന്ത്യയെ ചെറിയ സ്‌കോറില്‍ ഒതുക്കാന്‍ സാധിച്ചെങ്കിലും മുന്‍നിര ബാറ്റര്‍മാര്‍ക്ക് ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. പേസ് അനുകൂല പിച്ചില്‍ ദക്ഷിണാഫ്രിക്കയും മാറ്റങ്ങള്‍ക്ക് മുതിരാന്‍ സാധ്യതയുണ്ട്.