രേണുക സിങ്ങിന്റെ മികച്ച ബൗളിങ്; വിന്‍ഡീസിനെ 103 റണ്‍സിന് പിടിച്ചുകെട്ടി ഇന്ത്യന്‍ വനിതകള്‍; ഇന്ത്യക്ക് കൂറ്റന്‍ ജയം
വഡോദര: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് മിന്നും ജയം. 211 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 27 ഓവറില്‍ 103 റണ്‍സിന് പുറത്തായി.
10 ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തിയ രേണുക സിങിന്റെ മികച്ച ബൗളിങാണ് വിന്‍ഡീസിനെ തകര്‍ത്തത്. ഏകദിനത്തിലെ താരത്തിന്റെ കന്നി 5 വിക്കറ്റ് നേട്ടമാണിത്. ഏകദിനത്തിലെ താരത്തിന്റെ മികച്ച ബൗളിങ് ഫിഗറും ഇതു തന്നെ. പ്രിയ മിശ്ര രണ്ട് വിക്കറ്റുകളും ടിറ്റസ് സാധു, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
24 റണ്‍സെടുത്തു പുറത്താകാതെ നിന്ന അഫി ഫ്ളെച്ചറാണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍. 21റണ്‍സെടുത്ത ഷെമയ്ന് കാംബെലാണ് പിടിച്ചു നിന്ന മറ്റൊരാള്‍. അലിയ അല്ലെയ്ന്‍ (13), കരിഷ്മ രാംഹരാക് (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
ടോസ് നേടി വിന്‍ഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി ആദ്യ ആറ് മുന്‍നിര താരങ്ങള്‍ മികച്ച ബാറ്റിങുമായി കളം വാണു. 91 റണ്‍സെടുത്ത സ്മൃതി മന്ധാനയാണ് ടോപ് സ്കോറര്‍. താരം 102 പന്തില്‍ 13 ഫോറുകള്‍ സഹിതമാണ് ഇന്നിങ്സ്. 9 റണ്‍സില്‍ താരത്തിനു അര്‍ഹിച്ച സെഞ്ചുറി നഷ്ടമായതു മാത്രമാണ് ഇന്ത്യയെ നിരാശപ്പെടുത്തിയത്.
അരങ്ങേറ്റ മത്സരം കളിച്ച സഹ ഓപ്പണര്‍ പ്രതിക റാവലും ആദ്യ അന്താരാഷ്ട്ര മത്സരം അവിസ്മരണീയമാക്കി. താരം 40 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്നു ഓപ്പണിങില്‍ 110 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് മടങ്ങിയത്. ഹര്‍ലീന്‍ ഡിയോള്‍ (44), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (34), റിച്ച ഘോഷ് (13 പന്തില്‍ 26), ജെമിമ റോഡ്രിഗസ് (31) എന്നിവരും തിളങ്ങി. 14 റണ്‍സുമായി ദീപ്തി ശര്‍മ പുറത്താകാതെ നിന്നു. അവസാന ഓവറുകളിലാണ് ഇന്ത്യക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായത്.
വിന്‍ഡീസിനായി സയ്ദ ജെയിംസ് 5 വിക്കറ്റുകള്‍ വീഴ്ത്തി. ക്യാപ്റ്റന്‍ ഹെയ്ലി മാത്യൂസ് 2 വിക്കറ്റെടുത്തു. ദിയേന്ദ്ര ഡോട്ടിന് ഒരു വിക്കറ്റ് സ്വന്തമാക്കി.