ഇന്ത്യയുടെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ഏതാണ്ട് അവസാനം; അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ ഇന്ത്യക്ക് കലാശപ്പോരിനെത്താനുള്ള അവസരം; അടുത്ത കളി ഇന്ത്യ ജയിക്കണം; ഒസീസ് ലങ്കയുമായി പരാജയപ്പെടണം; സംഭവിച്ചാല്‍ ഇന്ത്യക്ക് ഫൈനല്‍ പ്രതീക്ഷ
മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിലെ 184 റണ്‍സ് തോല്‍വി ഇന്ത്യയുടെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലെന്ന സ്വപ്നത്തിനും ഏതാണ്ട് അവസാനം കുറിച്ചു. ഇനി അത്ഭുതങ്ങള്‍ എന്തെങ്കിലും സംഭവിച്ചാല്‍ മാത്രമാണ് ഇന്ത്യക്ക് കലാശപ്പോരിനെത്താനുള്ള അവസരം. കഴിഞ്ഞ ദിവസം സെഞ്ചൂറിയനില്‍ പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ദക്ഷിണാഫ്രിക്ക ജയിച്ചതോടെ അവര്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പാക്കി കഴിഞ്ഞു. ഇനി രണ്ടാം ടീം ആരെന്നതു മാത്രമാണ് അറിയേണ്ടത്.
ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ജയിച്ചാല്‍ ഇന്ത്യയുടെ ഫൈനല്‍ ബര്‍ത്ത് എന്ന സാധ്യത നിലനില്‍ക്കും. ഓസ്‌ട്രേലിയക്ക് പിന്നീട് രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ശ്രീലങ്കക്കെതിരെ കളിക്കണം. ഇതില്‍ രണ്ടില്‍ ഒരു മത്സരം അവര്‍ ജയിച്ചാല്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിക്കും. രണ്ട് മത്സരത്തിലും ഓസീസിന് ജയമില്ലെങ്കില്‍ ഇന്ത്യക്ക് ഫൈനല്‍ ഉറപ്പിക്കാം.
ഓസ്ട്രേലിയക്ക് ഒരു ടെസ്റ്റ് വിജയം മാത്രം അകലെയാണ് കാര്യങ്ങള്‍ നില്‍ക്കുന്നത്. ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റും ശ്രീലങ്കക്കെതിരായ രണ്ട് മത്സരങ്ങളും അവര്‍ക്ക് മുന്നില്‍ ഉണ്ട്. ഇതില്‍ ഒരു കളി ജയിച്ചാല്‍ തന്നെ ഓസീസ് രണ്ടാം സ്ഥാനക്കാരായി ഫൈനലിലെത്തും. ഓസ്‌ട്രേലിയ മൂന്ന് കളിയും തോല്‍ക്കുകയും അല്ലെങ്കില്‍ മൂന്നിലും ജയമില്ലാതെ സമനില ആവുകയും ചെയ്താല്‍ മാത്രമാണ് ഇന്ത്യക്ക് അഞ്ചാം ടെസ്റ്റ് ജയിച്ചാലും സാധ്യത നില്‍ക്കുന്നത്.
ബംഗ്ലാദേശിനെ രണ്ട് ടെസ്റ്റിലും വീഴ്ത്തി പരമ്പര തൂത്തുവാരി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തു കുതിക്കുകയായിരുന്ന ഇന്ത്യ പൊടുന്നനെയാണ് താഴേക്ക് പോയത്. പിന്നീട് നാട്ടില്‍ അരങ്ങേറിയ ന്യൂസിലന്‍ഡിനെതിരായ പോരാട്ടം സകല കണക്കുകൂട്ടലും തെറ്റിക്കുന്നതായി. ഇന്ത്യയെ ഇന്ത്യന്‍ മണ്ണില്‍ നാണംകെടുത്തി കിവികള്‍ പരമ്പര തൂത്തൂവാരിയതോടെ വലിയ നഷ്ടമാണ് ഇന്ത്യക്ക് സംഭവിച്ചത്.
പിന്നീട് ഓസീസ് മണ്ണില്‍ ഇറങ്ങി പെര്‍ത്ത് ടെസ്റ്റില്‍ വിജയത്തോടെ തുടങ്ങിയതോടെ ഒന്നാം സ്ഥാനം നിലനിന്നു. എന്നാല്‍ പിന്നീടുള്ള മൂന്നില്‍ രണ്ട് ടെസ്റ്റുകളും ഇന്ത്യ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി അവസാനിപ്പിച്ചത് നിര്‍ണായകമായി.