സഞ്ജു ടീമിലുണ്ടായിട്ടും ആദ്യം പ്രഖ്യാപിച്ചത് ജിതേഷ് ശര്‍മയുടെ പേര്; ഗില്ലിന് വേണ്ടി ശക്തമായി വാദിച്ചത് ഗംഭീര്‍; വൈസ് ക്യാപ്റ്റന്‍ സ്ഥാനവും പരിശീലകന്റെ താല്‍പര്യം; ജയ്‌സ്വാളിനെ ഒഴിവാക്കിയത് അഭിഷേക് ശര്‍മ ഫോമിലായതിനാലെന്നും അജിത് അഗാര്‍ക്കര്‍; ശ്രേയസ് അയ്യറെ പുറത്തിരുത്തി; ഏഷ്യാകപ്പ് ടീം പ്രഖ്യാപനത്തോടെ എല്ലാം ഗംഭീറിന്റെ വഴിയെ

മാറ്റത്തിന് തുടക്കമിട്ട് ഏഷ്യാകപ്പ് ടീം പ്രഖ്യാപനം

Update: 2025-08-19 10:34 GMT

മുംബൈ: അടുത്ത മാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിശീലകന്‍ ഗൗതം ഗംഭീറിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി ടീമില്‍ നിര്‍ണായക മാറ്റങ്ങളോടെയാണ് പ്രഖ്യാപനം. ഏറ്റവും ശ്രദ്ധേയമായത് ടെസ്റ്റ് ടീം നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ തിരിച്ചുവരവാണ്. ഓപ്പണര്‍ സ്ഥാനത്ത് സഞ്ജു - അഭിഷേക് ശര്‍മ സഖ്യം തുടരുമെന്ന് ഉറപ്പായിട്ടും ഗില്ലിനെ ഉള്‍പ്പെടുത്തി. മാത്രമല്ല, വൈസ് ക്യാപ്റ്റന്‍ സ്ഥാനവും നല്‍കി. ഇതോടെ പ്ലേയിംഗ് ഇലവനില്‍ ഗില്ലിന് സ്ഥാനം ഉറപ്പാകും. ഓപ്പണര്‍മാരായി സഞ്ജുവും അഭിഷേകും തുടര്‍ന്നാല്‍ ഗില്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയേക്കും. ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറാണ് ശുഭ്മന്‍ ഗില്ലിനെ ടീമിലെടുക്കണമെന്ന് സിലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ശക്തമായി വാദിച്ചത്. ഗില്ലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയതും ഗംഭീറിന്റെ താല്‍പര്യപ്രകാരമാണ്.

സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ ജസ്പ്രീത് ബുമ്രയും തിരിച്ചെത്തിയപ്പോള്‍ ശ്രേയസ് അയ്യരെ ടീമിലേക്ക് പരിഗണിച്ചില്ല. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ടി20 ടീം നായകന്‍ സൂര്യകുമാര്‍ യാദവും മുംബൈ ബിസിസിഐ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഏഷ്യാ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. യശസ്വി ജയ്‌സ്വാളിനെയും ശ്രേയസ് അയ്യരെയും ടീമില്‍നിന്ന് ഒഴിവാക്കി. അഭിഷേക് ശര്‍മ മികച്ച ഫോമിലായതു കൊണ്ടാണ് യശസ്വി ജയ്‌സ്വാളിനെ ടീമില്‍നിന്നു മാറ്റിനിര്‍ത്തിയതെന്ന് അജിത് അഗാര്‍ക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട് ടൈം ബോളറായി ഉപയോഗിക്കാമെന്നതും അഭിഷേകിന് ഗുണമായി.

ഫിറ്റനസ് വീണ്ടെടുത്തിട്ടും ശ്രേയസ് അയ്യരെ ടീമില്‍ പരിഗണിക്കാതിരുന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഗംഭീറിന്റെ നിലപാട് ശ്രേയസ് അയ്യര്‍ക്ക് തിരിച്ചടിയായെന്നാണ് സൂചന. മധ്യനിരയില്‍ വിശ്വസ്തനായ ബാറ്ററായിട്ടും ശ്രേയസിന് ഇടം നല്‍കിയില്ല. മികച്ച ഫോമില്‍ അല്ലെങ്കിലും റിങ്കു സിങിന് വീണ്ടും അവസരം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിട്ട് പഞ്ചാബ് കിംഗ്‌സിലേക്ക് നായകനായി ചേക്കേറിയ ശ്രേയസിന് ഇനിയും ഇന്ത്യന്‍ ടീമിലെ വിളിയെത്താന്‍ കാത്തിരുന്നെ മതിയാവു.

സഞ്ജു ടീമിലുണ്ടെങ്കിലും വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയുടെ പേരാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ആദ്യം പ്രഖ്യാപിച്ചത്. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ടീമിലെത്തിയപ്പോള്‍ ഇംഗ്ലണ്ടില്‍ തിളങ്ങിയ വാഷിംഗ്ടണ്‍ സുന്ദറെ പരിഗണിച്ചില്ല. അര്‍ഷ്ദീപ് സിംഗിനും ജസ്പ്രീത ബുമ്രക്കുമൊപ്പം മൂന്നാം പേസറായി ഹര്‍ഷിത് റാണ ടീമിലെത്തിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണ പുറത്തായി. പേസ് ഓള്‍ റൗണ്ടറായി ഹാര്‍ദ്ദിക് പാണ്ഡ്യയും ശിവം ദുബെയും സ്പിന്‍ ഓള്‍ റൗണ്ടറായി അക്‌സര്‍ പട്ടേലും ടീമിലുണ്ട്. പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടന്‍ സുന്ദര്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരെ ടീമിന്റെ സ്റ്റാന്‍ഡ് ബൈ താരങ്ങളായി നിര്‍ത്തും. നിലവിലെ ടീമില്‍ ആര്‍ക്കെങ്കിലും പരുക്കേറ്റാല്‍ മാത്രമായിരിക്കും ഇവര്‍ക്ക് അവസരം ലഭിക്കുക.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ, ഹര്‍ഷിത് റാണ, അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്.

അടുത്തമാസം 9ന് യുഎഇയില്‍ തുടങ്ങുന്ന ഏഷ്യാ കപ്പില്‍ 10ന് യുഎഇക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 14നാണ് ആറാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ ഗ്രൂപ്പ് പോരാട്ടം. ഇന്ത്യക്കും പാകിസ്ഥാനും യുഎഇക്കും പുറമെ ഒമാന്‍ കൂടി അടങ്ങുന്നതാണ് എ ഗ്രൂപ്പ്. നാലു ടീമുകളെ വീതം രണ്ട് ഗ്രൂപ്പാക്കി തിരിച്ച് നടക്കുന്ന മത്സരങ്ങള്‍ക്ക് ശേഷം ആദ്യ നാലിലെത്തുന്ന നാലു ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പര്‍ ഫോറില്‍ ഓരോ ടീമും മൂന്ന് മത്സരങ്ങള്‍ വീതം കളിക്കും. ഇതില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളാകും ഫൈനലിലേക്ക് യോഗ്യത നേടുക. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് പരിഗണിച്ച് ടി20 ഫോര്‍മാറ്റിലാണ് ഇത്തവണ ഏഷ്യാ കപ്പ് നടക്കുന്നത്.

Tags:    

Similar News