ഐസിസിയുടെ ഓഗസ്റ്റ് മാസത്തിലെ മികച്ച താരമായി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്; നേട്ടം മാറ്റ് ഹെന്റിയെയും ജെയ്ഡന്‍ സീല്‍സിനെയും പിന്തള്ളി; കളിച്ചതിൽ ഏറ്റവും മികച്ച മത്സരങ്ങളായിരുന്നു ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലേതെന്ന് താരം

Update: 2025-09-15 11:19 GMT

മുംബൈ: ഐസിസിയുടെ ഓഗസ്റ്റ് മാസത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരം ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ശ്രദ്ധേയമായ പ്രകടനമാണ് ഈ നേട്ടത്തിന് താരത്തെ അർഹനാക്കിയത്. ന്യൂസിലൻഡ് താരം മാറ്റ് ഹെൻറിയെയും വെസ്റ്റ് ഇൻഡീസ് താരം ജെയ്ഡൻ സീൽസിനെയും പിന്തള്ളിയാണ് മുപ്പതുകാരനായ സിറാജ് പുരസ്കാരം കരസ്ഥമാക്കിയത്.

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ സിറാജ് നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യക്ക് പരമ്പര സമനിലയിലാക്കാൻ തുണയായത്. ടെസ്റ്റിന്റെ അഞ്ചാം ദിനം സിറാജ് നേടിയ തകർപ്പൻ പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നേടിയ സിറാജ്, ടെസ്റ്റിൽ ആകെ ഒമ്പത് വിക്കറ്റുകൾ വീഴ്ത്തി. ഈ പരമ്പരയിൽ 23 വിക്കറ്റുകളുമായി സിറാജ് ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറുമായിരുന്നു.

'ഐസിസി പ്ലെയർ ഓഫ് ദി മന്ത് ആയതിൽ ഞാൻ അഭിമാനിക്കുന്നു. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര ഞാൻ കളിച്ചതിൽ ഏറ്റവും മികച്ച മത്സരങ്ങളായിരുന്നു. ഈ പുരസ്കാരം എൻ്റെ ടീം അംഗങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും വേണ്ടിയുള്ളതാണ്. അവരുടെ പിന്തുണയാണ് മികച്ച പ്രകടനം കാഴ്ചവെക്കാൻ എന്നെ പ്രേരിപ്പിച്ചത്,' സിറാജ് പ്രതികരിച്ചു.

പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിലും കളിച്ച ഏക പേസറായിരുന്നു സിറാജ്. ബുമ്രയുടെ അഭാവത്തിൽ ഇന്ത്യൻ പേസ് നിരയുടെ കുന്തമുനയായി അദ്ദേഹം തിളങ്ങി. സിംബാബ്‌വെയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മാറ്റ് ഹെൻറി രണ്ട് മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. പാകിസ്ഥാനെതിരെ 34 വർഷങ്ങൾക്ക് ശേഷം വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പര നേടിയപ്പോൾ ജെയ്ഡൻ സീൽസ് മികച്ച പ്രകടനം നടത്തി ചുരുക്കപ്പട്ടികയിലെത്തി.

Tags:    

Similar News