ഇന്ത്യൻ പ്രീമിയർ ലീഗ്; സീസണിന് മുന്നോടിയായി അടിമുടി മാറി ഡൽഹി ക്യാപിറ്റൽസ്; മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഹേമംഗ് ബദാനി; വേണുഗോപാൽ റാവു ഡയറക്ടർ
ഡൽഹി: ഹേമംഗ് ബദാനിയെ ഐപിഎൽ 2025 സീസണിന് മുന്നോടിയായി ഡൽഹി ക്യാപിറ്റൽസ് മുഖ്യ പരിശീലകനായി നിയമിച്ചു. മുൻ ഇന്ത്യൻ താരം വേണുഗോപാൽ റാവുവിനെ ടീമിന്റെ ഡയറക്ടറായി ചുമതലപ്പെടുത്തി. അടുത്തിടെ റിക്കി പോണ്ടിംഗിനെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും മാറ്റിയ വിവരം ഡൽഹി അറിയിച്ചിരുന്നു.
7 സീസണുകളിൽ ഡൽഹിയുടെ കോച്ചായിരുന്നു റിക്കി പോണ്ടിങ്. സൗരവ് ഗാംഗുലിയുടെ സ്ഥാനത്തേക്കാണ് വേണുഗോപാൽ റാവു എത്തുന്നത്. ഇതുവരെ ഐപിഎൽ കിരീടം നേടാൻ കഴിയാത്ത ഡൽഹി പുതിയ സീസണ് മുന്നോടിയായി വലിയ അഴിച്ചുപണികളാണ് ടീം മാനേജ്മെന്റിൽ നടത്തുന്നത്. അസിസ്റ്റൻ്റ് കോച്ചായ പ്രവിൻ ആംറേയുമായുള്ള കരാർ പുതുക്കേണ്ടതില്ലെന്നും ഫ്രാഞ്ചൈസി തീരുമാനിച്ചിട്ടുണ്ട്.
മൂന്ന് തമിഴ്നാട് പ്രീമിയർ ലീഗ് (ടിഎൻപിഎൽ) കിരീടങ്ങൾ നേടിയ ചെപ്പോക്ക് സൂപ്പർ ഗില്ലീസിൻ്റെ മുഖ്യ പരിശീലകനായിരുന്നു ബദാനി. കൂടാതെ നിലവിലെ തമിഴ്‌നാട് ക്യാപ്റ്റനായ ആർ സായി കിഷോറിനെപ്പോലുള്ള യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ ബദാനി പ്രധാന പങ്കുവഹിച്ചു. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ താരമാണ് സായ് കിഷോർ.
ഐപിഎൽ 2022ൽ സൺറൈസേഴ്സ് ഹൈദരാബാദിൽ ഫീൽഡിംഗ് കോച്ചായിട്ടായിരുന്നു ഹേമംഗ് ബദാനി ആദ്യമായി പരിശീലക സ്ഥാനത്തെത്തുന്നത്. കൂടാതെ വിദേശ ടി20 ലീഗുകളിലും ബദാനിക്ക് പരിശീലന പരിചയമുണ്ട്. 2023ൽ സൗത്ത് ആഫ്രിക്കൻ ടി20 ലീഗിൽ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ് കിരീടം നേടിയപ്പോൾ അദ്ദേഹം സഹപരിശീലകനായിരുന്നു. കൂടാതെ ലങ്കൻ പ്രീമിയർ ലീഗിൽ ജാഫ്‌നാ കിംഗ്‌സ് കിരീടം നേടുമ്പോൾ കോച്ചിംഗ് കൺസൾട്ടന്റായി ബഥാനി ഉണ്ടായിരുന്നു.