ലോക ടെസ്റ്റ് ചാപ്യംന്‍ഷിപ്പിലേക്ക് ഇന്ത്യക്ക് വഴി തുറന്ന് ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും; 4-0ത്തിനു ഓസീസിനെ വീഴ്‌ത്തേണ്ടിയിരുന്ന ഇന്ത്യക്ക് സമനില പിടിച്ചാലും ഫൈനലില്‍ പ്രവേശിക്കാം
അഡ്ലെയ്ഡ്: ന്യൂസിലന്‍ഡിനോടു മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സമ്പൂര്‍ണമായി അടിയറ വച്ചപ്പോള്‍ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശ വലിയ ചോദ്യ ചിഹ്നത്തില്‍ നിന്നിരുന്നു. ഓസ്‌ട്രേലിയയെ അവരുടെ മണ്ണില്‍ ചെന്നു 4-0ത്തിനു വീഴ്‌ത്തേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. ഓസീസിനെതിരായ ഒന്നാം ടെസ്റ്റില്‍ പക്ഷേ ഇന്ത്യ എല്ലാ തരത്തിലും തിരിച്ചെത്തുന്ന കാഴ്ചയായിരുന്നു. ആദ്യ കടമ്പ ജയത്തിലൂടെ ഇന്ത്യ കടന്നു.
അതിനിടെ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകള്‍ യഥാക്രമം ശ്രീലങ്ക, ന്യൂസിലന്‍ഡ് ടീമുകളെ വീഴ്ത്തിയതോടെ ഫലത്തില്‍ ആശ്വാസം ഇന്ത്യക്കായി മാറി. 4-0ത്തിനു ഓസീസിനെ വീഴ്‌ത്തേണ്ടിയിരുന്ന ഇന്ത്യക്ക് ഈ രണ്ട് ടീമുകളുടെ ജയം വലിയ ആശ്വാസമായി. ഓസ്‌ട്രേലിയക്കെതിരായ പരമ്പര 2-2 എന്ന നിലയില്‍ എത്തിച്ചാലും ഇന്ത്യക്ക് ഇനി ഫൈനല്‍ കളിക്കാമെന്ന സാധ്യത തുറന്നു കിട്ടി. ഓസീസിന് ഫൈനലിലെത്താന്‍ ഇനി ഇന്ത്യയെ 4-0ത്തിനു വീഴ്ത്തണം.
ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ ഫൈനല്‍ സാധ്യതയുള്ളത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യയാണ് ഒന്നാമത്. ദക്ഷിണാഫ്രിക്ക രണ്ടാമതും ഓസീസ് മൂന്നാമതുമാണ്. ശ്രീലങ്കക്കെതിരെ ആദ്യ ടെസ്റ്റ് ജയിച്ച ദക്ഷിണാഫ്രിക്കയ്ക്ക് അടുത്ത ടെസ്റ്റ് ജയിച്ച് പരമ്പര നേടിയും പാകിസ്ഥാനെതിരെ നടക്കാനിരിക്കുന്ന പരമ്പര തൂത്തുവാരിയും നേരിച്ച് ഫൈനലുറപ്പിക്കാം. ഈ പരമ്പരകളില്‍ ഒരു മത്സരം തോറ്റാല്‍ പക്ഷേ അവര്‍ക്ക് കാര്യങ്ങള്‍ സങ്കീര്‍ണമാക്കും. അപ്പോള്‍ ഇന്ത്യ, ശ്രീലങ്ക ടീമുകളുടെ മത്സര ഫലം ആശ്രയിക്കണം.
ലങ്കയ്ക്ക് ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടെസ്റ്റും ഓസീസിനെതിരായ പരമ്പരയും നേടിയാല്‍ മാത്രമേ പ്രതീക്ഷയുള്ളു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് തോറ്റതോടെ ന്യൂസിലന്‍ഡിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. ഇംഗ്ലണ്ടിനെതിരെ ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചാല്‍ പോലും വിദൂര സാധ്യത മാത്രമാണ് അവര്‍ക്കുള്ളത്. ഇന്ത്യ- ഓസ്‌ട്രേലിയ, ശ്രീലങ്ക- ഓസ്‌ട്രേലിയ പരമ്പരകള്‍ സമനിലയില്‍ അവസാനിച്ചാലേ ഈ സാധ്യത യാഥാര്‍ഥ്യമാകു.
പെര്‍ത്തില്‍ ഇന്ത്യയോടു തോറ്റതും ദക്ഷിണാഫ്രിക്ക ആദ്യ പോരില്‍ ശ്രീലങ്കയെ വീഴ്ത്തിയതും ഓസീസിന്റെ കണക്കുകൂട്ടല്‍ അപ്പാടെ തെറ്റിച്ചു. ഇനി ശേഷിക്കുന്ന ആറ് പോരില്‍ 4 വിജയവും ഒരു സമനിലയുമാണ് ഫൈനല്‍ ബെര്‍ത്തിനു അവര്‍ക്ക് വേണ്ടത്. ഇന്ത്യക്കെതിരായ പരമ്പരയില്‍ രണ്ട് വിജയമെങ്കിലും ഉറപ്പിക്കാന്‍ അവര്‍ ശ്രമിച്ചേക്കും. ഇംഗ്ലണ്ട്, പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് ടീമുകളുടെ സാധ്യതകള്‍ ഏതാണ്ട് അവസാനിച്ച മട്ടാണ്.
ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍
5-0, 4-1, 4-0, 3-0 എന്നീ നിലകളില്‍ പരമ്പരയില്‍ മുന്നേറിയാല്‍ ഇന്ത്യക്ക് നേരിട്ട് ഫൈനലിലേക്ക് കടക്കാം. മറ്റൊരു ടീമിന്റേയും ഫലം ആശ്രയിക്കേണ്ടതില്ല.
ഓസ്‌ട്രേലിയ ഇന്ത്യയെ 3-1നു വീഴ്ത്തിയാല്‍ ദക്ഷിണാഫ്രിക്ക- ശ്രീലങ്ക രണ്ടാം ടെസ്റ്റില്‍ ലങ്ക ജയിക്കുകയോ മത്സരം സമനിലയില്‍ അവസാനിക്കുകയോ വേണം.
ഇന്ത്യ 3-2നു ഓസീസിനെ വീഴ്ത്തിയാല്‍ ജനുവരിയില്‍ നടക്കുന്ന ശ്രീലങ്ക- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര സമനിലയില്‍ അവസാനിക്കണം.
ഓസീസിനെതിരായ പോരാട്ടം 2-2നാണ് ഇന്ത്യ അവസാനിപ്പിക്കുന്നതെങ്കില്‍ സാധ്യത ഇങ്ങനെ വരും. ദക്ഷിണാഫ്രിക്ക- ശ്രീലങ്ക രണ്ടാം ടെസ്റ്റില്‍ പ്രോട്ടീസ് ജയിക്കണം. ശ്രീലങ്ക- ഓസ്‌ട്രേലിയ പരമ്പര ലങ്ക 2-0ത്തിനു സ്വന്തമാക്കണം.