രണ്ട് കോടിയില്‍ നിന്നും 27 കോടിയിലേക്ക് കുതിച്ച പന്ത്; 26.75 കോടി പോക്കറ്റിലാക്കിയ ശ്രേയസ്; 18 കോടി നേടിയ അര്‍ഷ്ദീപും ചാഹലും; പന്ത്രണ്ട് താരങ്ങള്‍ക്കായി ചെലവിട്ടത് 180.85 കോടി; താരലേലത്തില്‍ 'കാഴ്ചക്കാരായി' ചെന്നൈയും മുംബൈയും കൊല്‍ക്കത്തയും രാജസ്ഥാനും

പന്ത്രണ്ട് താരങ്ങള്‍ക്കായി ചെലവിട്ടത് 180.85 കോടി

Update: 2024-11-24 13:18 GMT

ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ താരലേലത്തിനാണ് ഇത്തവണ ആരാധകര്‍ സാക്ഷിയാകുന്നത്. രണ്ട് കോടി രൂപ അടിസ്ഥാന വിലയുമായി താരലേലത്തിന് എത്തിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും മുന്‍ ഡല്‍ഹി കാപ്പിറ്റല്‍സ് നായകനുമായ ഋഷഭ് പന്തും മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ശ്രേയസ് അയ്യരും ചേര്‍ന്ന് സ്വന്തമാക്കിയത് 54 കോടിയോളം രൂപയാണ്. പന്തിന് വേണ്ടി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് 27 കോടി ചെലവിട്ടപ്പോള്‍ ശ്രേയസിനെ പഞ്ചാബ് കിംഗ്‌സ് ടീമിലെത്തിച്ചത് 26.75 കോടി രൂപയ്ക്കാണ്. താരലേലത്തിന്റെ തുടക്കത്തില്‍ രണ്ട് കോടി അടിസ്ഥാന വിലയുള്ള പന്ത്രണ്ട് താരങ്ങള്‍ക്ക് വേണ്ടി ആറ് ടീമുകള്‍ ചെലവിട്ടതാകട്ടെ 180.85 കോടിയും.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി ഋഷഭ് പന്ത് ചരിത്രം കുറിച്ചപ്പോള്‍ രണ്ടാമത്തെ താരമായി ശ്രേയസ് അയ്യര്‍ മാറി. പന്തിനെ ആര്‍ടിഎമ്മിലൂടെ നിലനിര്‍ത്താന്‍ ഡല്‍ഹി ശ്രമിച്ചെങ്കിലും, ലക്‌നൗ ഒറ്റയടിക്ക് ഏഴു കോടിയോളം രൂപ ഉയര്‍ത്തിയാണ് ടീമിലെത്തിച്ചത്. മെഗാ താരലേലത്തില്‍ 26.75 കോടി രൂപയ്ക്ക് ശ്രേയസ് അയ്യരെ പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കി 20 മിനിറ്റുകള്‍ക്കുള്ളിലാണ് പന്ത് റെക്കോര്‍ഡ് മറികടന്നത്. ലക്‌നൗവും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് പന്തിനായി അവസാനം വരെ പോരടിച്ചത്.

നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സുമായി നടത്തിയ വാശിയേറിയ ലേലത്തിന് ഒടുവിലാണ് ശ്രേയസിനെ പഞ്ചാബ് സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുക നല്‍കി നല്‍കി സ്വന്തമാക്കിയ ശ്രേയസിനെ പഞ്ചാബ് നായകനാക്കിയേക്കുമെന്നാണ് സൂചന. അതേ സമയം പതിനെട്ട് കോടി രൂപ മുടക്കി മുന്‍ രാജസ്ഥാന്‍ താരമായ യുസ് വേന്ദ്ര ചെഹലിനെയും പഞ്ചാബ് ടീമിലെത്തിച്ചു. ഇന്ത്യന്‍ സ്പിന്നര്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് യുസ്വിക്ക് ലഭിച്ചത്. ഒപ്പം പതിനെട്ട് കോടി മുടക്കി അര്‍ഷ്ദീപ് സിങിനെയും പഞ്ചാബ് നിലനിര്‍ത്തി.

ഇന്ത്യയുടെ ഇടംകയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങാണ് താരലേലത്തിനെത്തിയ ആദ്യതാരം. രണ്ടു കോടി രൂപ അടിസ്ഥാന വിലയുള്ള അര്‍ഷ്ദീപിനായി ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും രാജസ്ഥാന്‍ റോയല്‍സും രംഗത്തെത്തി. ഡല്‍ഹി 7.5 കോടി വരെ പോയപ്പോള്‍ ചെന്നൈ പിന്മാറി. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സ് 10 കോടി വിളിച്ചു. ഇതോടെ ഡല്‍ഹി പിന്മാറി. പിന്നാലെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ചിത്രത്തിലേക്ക് വന്നു.

പതിനാല് കോടി രൂപ മുടക്കിയാണ് കെ എല്‍ രാഹുലിനെ ഡല്‍ഹി സ്വന്തമാക്കിയത്. കൊല്‍ക്കത്തയും ചെന്നൈയും രാഹുലിനായി വാശിയോടെ വിളിച്ചെങ്കിലും ഡല്‍ഹി താരത്തെ ടീമില്‍ എത്തിച്ചു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ലേലത്തിന് വിട്ട മുഹമ്മദ് സിറാജ് ഇനി ഗുജറാത്തിന് വേണ്ടി പന്തെറിയും. 12.25 കോടി രൂപയാണ് ഇന്ത്യന്‍ താരത്തിന് വേണ്ടി ഗുജറാത്ത് മുടക്കിയത്. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്സ്റ്റോണ്‍ ബെംഗളൂരു 8.75 കോടി കോടി മുടക്കി ടീമിലെത്തിച്ചു.

കഴിഞ്ഞ തവണ 24.75 കോടി നേടിയ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് 11.75 കോടി മാത്രമാണ് ലഭിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സാണ് സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയത്. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ പത്ത് കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ മധ്യനിര താരം ഡേവിഡ് മില്ലറെ 7.50 കോടിക്ക് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിലെത്തിച്ചു. രാജസ്ഥാന്‍ റോയല്‍സ് കൈവിട്ട ഇംഗ്ലണ്ട് നായകനും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലറെ 15.75 കോടി രൂപയ്ക്ക് ഗുജറാത്ത് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാദയെ ഗുജറാത്ത് 10.75 കോടി രൂപയ്ക്ക് ടീമിലെത്തിച്ചു. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും താരലേലത്തിന് എത്തിയ മുഹമ്മദ് ഷമിക്ക് വേണ്ടി ഹൈദരാബാദ് മുടക്കിയത് 10 കോടി.

Tags:    

Similar News