പെര്‍ത്തില്‍ കലമുടച്ച് പടിക്കല്‍; ആദ്യ അണ്‍സോള്‍ഡ് പ്ലെയറായി മലയാളി താരം; അയ്യര്‍ ദി ഗ്രേറ്റായി വെങ്കിടേഷും; 23.75 കോടിക്ക് യുവതാരം കൊല്‍ക്കത്തയില്‍; രചിനും അശ്വിനും കോണ്‍വെയും ചെന്നൈയില്‍; വാങ്ങാന്‍ ആളില്ലാതെ വാര്‍ണറും

താരലേലത്തിലെ ആദ്യ അണ്‍സോള്‍ഡ് പ്ലെയറായി ദേവദത്ത് പടിക്കല്‍

Update: 2024-11-24 14:27 GMT

ജിദ്ദ: 2025-ലെ സീസണിന് മുന്നോടിയായിലുള്ള ഐ.പി.എല്‍. മെഗാതാരലേലത്തില്‍ ഏറ്റെടുക്കാന്‍ ആളില്ലാത്ത ആദ്യതാരമായി ദേവദത്ത് പടിക്കല്‍. രണ്ടുകോടി അടിസ്ഥാനവിലയുള്ള താരത്തിനുവേണ്ടി ടീമുകളൊന്നും മുന്നോട്ടുവന്നില്ല.

വില്‍ക്കപ്പെടാത്ത താരങ്ങളെ ഒടുവില്‍ വീണ്ടും ലേലത്തിനെടുക്കും. കര്‍ണാടകത്തിന്റെ മലയാളി താരമായ പടിക്കലിന് പിന്നാലെ എത്തിയ എയ്ഡന്‍ മാക്രത്തെ ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഡിവോണ്‍ കോണ്‍വെയെ ചെന്നൈ സൂപ്പര്‍ കിങ്സും സ്വന്തമാക്കി. ലേലത്തിന് മുന്നോടിയായി കോണ്‍വെയെ ചെന്നൈ കൈവിട്ടിരുന്നു. പിന്നാലെ വന്ന രാഹുല്‍ തൃപാഠിയേയും ചെന്നൈ സ്വന്തമാക്കി. ശേഷമാണ് ഡേവിഡ് വാര്‍ണറെ ലേലത്തിനെടുത്തത്. വാര്‍ണര്‍ക്കുവേണ്ടിയും കൈയ്യുയര്‍ത്താന്‍ ആളുണ്ടായില്ല.

2020-ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമില്‍ ഇടം പിടിച്ച ദേവദത്ത് പടിക്കല്‍ ആദ്യ സീസണില്‍ 15 മാച്ചുകളില്‍നിന്ന് 473 റണ്‍സ് നേടി. സീസണിലെ എമര്‍ജിങ് പ്ലെയര്‍ അവാര്‍ഡും ബാറ്റര്‍ സ്വന്തമാക്കി. 2021-ലെ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ആദ്യ സെഞ്ചുറി സ്വന്തമാക്കി.

2022-ലെ സീസണിന് മുന്നോടിയായി നടന്ന ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍ പടിക്കലിനെ സ്വന്തമാക്കി. ആ സീസണില്‍ ഐ.പി.എല്ലില്‍ 1,000 റണ്‍സ് തികച്ചു. 2024-ലെ സീസണിന് മുന്നോടിയായി നടന്ന ലേലത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് പടിക്കലിനെ സ്വന്തമാക്കി. സീസണില്‍ 38 റണ്‍സ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം.

ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് ഇപ്പോള്‍ ദേവദത്ത് പടിക്കല്‍. പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ താരത്തിന്റേത് മോശം പ്രകടനമായിരുന്നു. ആദ്യ ഇന്നിങ്സില്‍ 23 പന്ത് നേരിട്ട പടിക്കല്‍ ഡക്കായി. ഇതോടെ ലോങ്സ്റ്റ് ഡക്കുകളുടെ പട്ടികയില്‍ നാലാമനായി പടിക്കല്‍. രണ്ടാം ഇന്നിങ്സില്‍ 71 പന്തുകള്‍ നേരിട്ട പടിക്കല്‍ 25 റണ്‍സ് മാത്രമാണ് നേടിയത്.

മെഗാതാരലേലത്തില്‍ പ്രതീക്ഷകള്‍ ശരിവച്ച് സൂപ്പര്‍താരമായി ഋഷഭ് പന്ത് മാറുന്ന കാഴ്ചയാണ് തുടക്കത്തില്‍ കണ്ടത്. താരലേലം ആരംഭിച്ച് അര മണിക്കൂര്‍ പിന്നിടും മുന്‍പേ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ശ്രേയസ് അയ്യര്‍ പഞ്ചാബ് കിങ്‌സിലെത്തിച്ചെങ്കിലും, മിനിറ്റുകള്‍ക്കുള്ളില്‍ ഋഷഭ് പന്ത് ആ റെക്കോര്‍ഡ് തകര്‍ത്തു. 27 കോടി രൂപയ്ക്ക് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് താരത്തെ ടീമിലെത്തിച്ചത്. 26.75 കോടി രൂപയ്ക്കാണ് ശ്രേയസ് അയ്യരെ പഞ്ചാബ് സ്വന്തമാക്കിയത്.

അവസാന നിമിഷം വരെ താരത്തെ ടീമിലെത്തിക്കാന്‍ വാശിയോടെ പൊരുതിയ ഡല്‍ഹി ക്യാപിറ്റല്‍സിനെ പിന്തള്ളിയാണ് അയ്യരെ പഞ്ചാബ് സ്വന്തമാക്കിയത്. പന്തിനെയും ആര്‍ടിഎമ്മിലൂടെ നിലനിര്‍ത്താന്‍ ഡല്‍ഹി ശ്രമിച്ചെങ്കിലും, ലക്‌നൗ ഒറ്റയടിക്ക് ഏഴു കോടിയോളം രൂപ ഉയര്‍ത്തി പന്തിനെ ടീമിലെത്തിച്ചു.

ക്രിക്കറ്റ് ലോകം ശ്രദ്ധയോടെ വീക്ഷിച്ച ലേലത്തിനൊടുവില്‍ കെ.എല്‍. രാഹുല്‍ 14 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സിലെത്തി. മാര്‍ക്വീ താരങ്ങളുടെ രണ്ടാമത്തെ സെറ്റില്‍ ഉള്‍പ്പെട്ടിരുന്ന വെറ്ററന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചെഹലിനെ 18 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. പരുക്കിന്റെ പിടിയില്‍നിന്ന് തിരിച്ചെത്തിയ മുഹമ്മദ് ഷമിയെ 10 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദും, ലിയാം ലിവിങ്സ്റ്റനെ 8.75 കോടി രൂപയ്ക്ക് ആര്‍സിബിയും സ്വന്തമാക്കി.

മുഹമ്മദ് സിറാജിനെ 12.25 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെത്തിച്ചു. അര്‍ഷ്ദീപ് സിങ്ങിനെ 18 കോടി രൂപയ്ക്ക് ആര്‍ടിഎമ്മിലൂടെ പഞ്ചാബ് കിങ്‌സ് നിലനിര്‍ത്തിയപ്പോള്‍, കഗീസോ റബാദയെ 10.75 കോടിക്കും ജോസ് ബട്‌ലറിനെ 15.75 കോടിക്കു ഗുജറാത്ത് ടൈറ്റന്‍സും ടീമിലെത്തിച്ചു. കഴിഞ്ഞ സീസണില്‍ 24.75 കോടിക്ക് കൊല്‍ക്കത്ത സ്വന്തമാക്കിയ മിച്ചല്‍ സ്റ്റാര്‍ക്കിനെ, ഇത്തവണ 11.75 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സിലെത്തി.

Tags:    

Similar News