ഐപിഎല്‍ ലേലത്തിന് രജിസ്റ്ററ ചെയ്തത് 1500ല്‍ അധികം താരങ്ങള്‍: പന്ത്, രാഹുല്‍, ശ്രേയസ് എന്നിവര്‍ക്ക് രണ്ട് കോടി അടിസ്ഥാന വില, സര്‍ഫറാസിനും പൃഥ്വി ഷാക്കും 75 ലക്ഷം

Update: 2024-11-06 08:36 GMT

മുംബൈ: ഐപിഎല്‍ താരലേലത്തിന്റെ തീയതിയും വേദിയും ബിസിസിഐ പ്രഖ്യാപിച്ചതിന് പിന്നാലെ താരങ്ങളുടെ അടിസ്ഥാന ലേലത്തുക സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഡല്‍ഹി ക്യാപിറ്റല്‍സ് റിലീസ് ചെയ്ത റിഷഭ് പന്തിനും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് റിലീസ് ചെയ്ത കെ എല്‍ രാഹുലിനും രണ്ട് കോടി രൂപയാണ് അടിസ്ഥാനവില. രാജസ്ഥാന്‍ റോയല്‍സ് റിലീസ് ചെയ്ത ആര്‍ അശ്വിനും യുസ്വേന്ദ്ര ചാഹലും, ഗുജറാത് ടൈറ്റന്‍സ് മുഹമ്മദ് ഷമിയും രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കൊല്‍ക്കത്തയുടെ സ്റ്റാറ ബൗളറായ മിച്ചല്‍ സ്റ്റാര്‍ക്കിനും രണ്ട് കോടിയാണ് അടിസ്ഥാന വില. 24.5 കോടിയാണ് കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത താരത്തെ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്‌സ് ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതേസമയം, ഇംഗ്ലണ്ട് ടീമില്‍ നിന്ന് വിരമിച്ച പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1.25 കോടി അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയിലാണ് ആന്‍ഡേഴ്‌സണ്‍. ഡല്‍ഹി ക്യാപിറ്റല്‍സ് റിലീസ് ചെയ്ത ഇന്ത്യന്‍ താരങ്ങളായ പൃഥ്വി ഷാക്കും സര്‍ഫറാസ് ഖാനും 75 ലക്ഷം രൂപയാണ് അടിസ്ഥാന വിലയിട്ടിരിക്കുന്നത്.

രണ്ട് കോടി രൂപ അടിസ്ഥാന വിലയുളള മറ്റ് ഇന്ത്യന്‍ താരങ്ങള്‍ ഇവരാണ്. ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, വെങ്കിടേഷ് അയ്യര്‍, ആവേശ് ഖാന്‍, ഇഷാന്‍ കിഷന്‍, മുകേഷ് കുമാര്‍, ഭുവനേശ്വര്‍ കുമാര്‍, പ്രസിദ്ധ് കൃഷ്ണ, ടി നടരാജന്‍, ദേവ്ദത്ത് പടിക്കല്‍, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 18-ാം പതിപ്പിനുള്ള മെഗാതാരലേലം നവംബര്‍ 24, 25 തിയതികളിലാണ് നടക്കുക. സൗദിയിലെ ജിദ്ദയിലാണ് ലേലം നടക്കുക. 1,574 താരങ്ങളാണ് ഐപിഎല്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1,165 താരങ്ങള്‍ ഇന്ത്യക്കാരാണ്. 409 വിദേശ താരങ്ങളും ലേലത്തിനെത്തും. 320 അന്താരാഷ്ട്ര താരങ്ങളാണ് ലേലത്തിനെത്തുന്നത്. 1,224 താരങ്ങള്‍ അണ്‍ക്യാപ്ഡ് പട്ടികയിലാണുള്ളത്. 30 താരങ്ങള്‍ അസോസിയേറ്റ് രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നവരാണ്.

Tags:    

Similar News