1254 താരങ്ങള്‍, 10 ടീമുകള്‍, അവസരം 204 താരങ്ങള്‍ക്ക് മാത്രം; ബാക്കിയുള്ളത് 641 കോടി; ഏറ്റവും വിലയേറിയ താരമാകാന്‍ പന്ത്; ലേലത്തില്‍ മലയാളി താരങ്ങളും; ഐപിഎല്‍ താര ലേലത്തിന് ഇന്ന് തുടക്കം
ജിദ്ദ: ഐപിഎല്‍ മെഗാ താരലേലത്തിന് ജിദ്ദയില്‍ ഇന്ന് തുടക്കമാകും. ഇന്നും നാളെയുമായിട്ടാണ് ലേലം. 1254 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 10 ടീമുകളിലായി 204 താരങ്ങള്‍ക്കാണ് അവസരം ലഭിക്കുക. 10 ടീമുകള്‍ക്കുമായി 641 കോടി രൂപയാണ് ബാക്കിയുള്ളത്. ലേലത്തിലെ ഏറ്റവും വിലയേറിയ താരം ആരായിരിക്കുമെന്ന് കാത്തിരിക്കുകയാണ് കായികലോകം. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് താരലേലത്തിലെ സൂപ്പര്‍ താരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 25 മുതല്‍ 30 കോടി വരെ പന്തിന് ലഭിച്ചേക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തല്‍.
ഇന്ത്യക്ക് പുറത്ത് നടക്കുന്ന രണ്ടാമത്തെ ഐപിഎല്‍ മെഗാ താരലേലത്തിനായി ജിദ്ദയിലെ അബാദി അല്‍ ജോഹര്‍ അറീന ഒരുങ്ങിക്കഴിഞ്ഞു. ഓരോ ദിവസവും ലേലം രണ്ട് ഘട്ടമായി 3.30 മുതല്‍ 5 വരെയും, 5.45 മുതല്‍ രാത്രി 10.30 വരെയുമാണ് ലേലം നടക്കുക. 367 ഇന്ത്യക്കാരും 210 വിദേശികളും ഉള്‍പ്പടെ ആകെ 577 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10 ടീമുകളിലായി താരലേലത്തില്‍ അവസരം കിട്ടുക 70 വിദേശികള്‍ അടക്കം 204 താരങ്ങള്‍ക്കാണ്. രണ്ട് കോടി രൂപയാണ് ഉയര്‍ന്ന അടിസ്ഥാന വില. 12 മാര്‍ക്വീ താരങ്ങള്‍ ഉള്‍പ്പടെ രണ്ട് കോടി പട്ടികയില്‍ 81 പേര്‍ ഇടംപിടിച്ചു.
ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, അര്‍ഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചഹല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, മിച്ചല്‍ സ്റ്റാര്‍ക്, ജോസ് ബട്‌ലര്‍, ലിയം ലിവിംഗ്സ്റ്റണ്‍, ഡേവിഡ് മില്ലര്‍, കാഗിസോ റബാഡ എന്നിവരാണ് മാര്‍ക്വീ താരങ്ങള്‍. ഒന്നരക്കോടി അടിസ്ഥാന വിലയുള്ള 27 താരങ്ങളും ഒന്നേകാല്‍ കോടി അടിസ്ഥാന വിലയുള്ള 18 താരങ്ങളും ഒരു കോടി രൂപ അടിസ്ഥാന വിലയുള്ള 23 താരങ്ങളുമുണ്ട്. രണ്ട് ഗ്രൂപ്പുകളിലുള്ള ആറ് വീതം മാര്‍ക്വീ താരങ്ങളുടെ ലേലമാണ് ആദ്യം നടക്കുക.
42 വയസുള്ള ഇംഗ്ലണ്ട് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സനാണ് ലേലത്തിലെ പ്രായമേറിയ താരം. ബിഹാറിന്റെ പതിമൂന്നു വയസുകാരന്‍ വൈഭവ് സൂര്യവംശി ഏറ്റവും പ്രായം കുറഞ്ഞ താരവും. നിലനിര്‍ത്തിയ താരങ്ങള്‍ ഉള്‍പ്പടെ ഓരോ ടീമിനും ചെലവഴിക്കാവുന്ന പരമാവധി തുക 120 കോടി രൂപയാണ്.