ഐപിഎല്‍ കലാശപ്പോരില്‍ നിര്‍ണായക ടോസ് ജയിച്ച് ശ്രേയസ് അയ്യര്‍; ആര്‍സിബിയെ ബാറ്റിങ്ങിനു വിട്ടു; മാറ്റങ്ങളില്ലാതെ ഇരു ടീമുകളും; മഴമാറി മാനം തെളിഞ്ഞതോടെ ആരാധകര്‍ ആവേശത്തില്‍; ഇന്ത്യന്‍ സൈന്യത്തിന് ആദരമര്‍പ്പിച്ച് സമാപനച്ചടങ്ങ്

ഐപിഎല്‍ കലാശപ്പോരില്‍ നിര്‍ണായക ടോസ് ജയിച്ച് ശ്രേയസ് അയ്യര്‍

Update: 2025-06-03 13:46 GMT

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നിര്‍ണായക ടോസ് ജയിച്ച പഞ്ചാബ് കിങ്‌സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ടോസ് വിജയിച്ച പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ആര്‍സിബിയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. മഴ സാധ്യത നിലനില്‍ക്കുന്നതിനാലാണ് നിര്‍ണായക തീരുമാനം.

പഞ്ചാബിനെതിരെ ആദ്യ ക്വാളിഫയര്‍ കളിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ആര്‍സിബി ഇറങ്ങുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരെ രണ്ടാം ക്വാളിഫയര്‍ കളിച്ച ടീമില്‍ പഞ്ചാബ് കിംഗ്‌സും മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ടോസ് നേടിയിരുന്നെങ്കില്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ആര്‍സിബി നായകന്‍ രജത് പാട്ടീദാര്‍ പറഞ്ഞു.

ഐപിഎല്ലിലെ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് പഞ്ചാബും ആര്‍സിബിയും മൈതാനത്തിറങ്ങുന്നത്.ഐപിഎല്ലില്‍ കിരീടം നേടുന്ന എട്ടാമത്തെടീമാവാന്‍ പാടിദാറിന്റെയും ശ്രേയസിന്റെയും പോരാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. സീസണില്‍ ആര്‍സിബിയും പഞ്ചാബും നേര്‍ക്കുനേര്‍ വരുന്നത് ഇത് നാലാം തവണയാണ്. ലീഗ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ പഞ്ചാബ് ജയിച്ചപ്പോള്‍ രണ്ടാം കളിയിലും ആദ്യ ക്വാളിഫയറിലും ജയം ആര്‍സിബിക്കൊപ്പം നിന്നു. 2009ലും 2011ലും 2016ലും ആര്‍സിബി കിരീടത്തിനരികെ വീണപ്പോള്‍ 2014ല്‍ പഞ്ചാബിനും കിരീടപ്പോരില്‍ അടിതെറ്റി.

ഒന്നാം ക്വാളിഫയറില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍, ബെംഗളൂരു എട്ടു വിക്കറ്റ് വിജയം നേടിയിരുന്നു. മുല്ലന്‍പുരില്‍ ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 101 റണ്‍സെടുത്തപ്പോള്‍ ആര്‍സിബി പത്തോവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ വിജയ റണ്‍സ് കുറിച്ചു.

ടോസിനു മുന്‍പ് ശങ്കര്‍ മഹാദേവനും സംഘവും നയിക്കുന്ന സംഗീത വിരുന്നും നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ അരങ്ങേറി. ഇന്ത്യന്‍ സൈന്യത്തിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള ഐപിഎല്‍ സമാപനച്ചടങ്ങിനിടെ സ്റ്റേഡിയത്തിനു മുകളിലൂടെ ത്രിവര്‍ണ പതാകകളേന്തിയ ഹെലികോപ്റ്ററുകള്‍ പറത്തി.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലേയിംഗ് ഇലവന്‍: ഫിലിപ്പ് സാള്‍ട്ട്, വിരാട് കോലി, മായങ്ക് അഗര്‍വാള്‍, രജത് പതിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ജോഷ് ഹാസില്‍വുഡ്.

പഞ്ചാബ് കിംഗ്സ് പ്ലേയിംഗ് ഇലവന്‍: പ്രിയാന്‍ഷ് ആര്യ, ജോഷ് ഇംഗ്ലിസ്, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, അസ്മത്തുള്ള ഒമര്‍സായി, കൈല്‍ ജാമിസണ്‍, വിജയ്കുമാര്‍ വൈഷക്, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍.

Similar News