'റിട്ടന്‍ഷന്‍ ലിസ്റ്റില്‍ പേരില്ലെന്ന് അറിഞ്ഞപ്പോള്‍ കണ്ണു നിറഞ്ഞു'; അന്ന് വെങ്കടേഷ് പറഞ്ഞത് കൊല്‍ക്കത്ത കേട്ടു; പേസ് ഓള്‍റൗണ്ടറെ തിരിച്ചെത്തിച്ചത് 23.75 കോടിക്ക്; മെഗാ താരലേലത്തിലെ മൂന്നാമത്തെ മൂല്യമേറിയ താരമായി വെങ്കടേഷ് അയ്യര്‍
മെഗാ താരലേലത്തില്‍ കുതിച്ച് വെങ്കടേഷ് അയ്യര്‍
ജിദ്ദ: ഐപിഎല്‍ 2025 സീസണിന് മുന്നോടിയായി റിട്ടന്‍ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാതിരുന്നതില്‍ വിഷമം ഉണ്ടെന്നു തുറന്നു പറഞ്ഞ ഇന്ത്യന്‍ യുവതാരം വെങ്കടേഷ് അയ്യരെ മെഗാ ലേലത്തില്‍ റെക്കോര്‍ഡ് തുക നല്‍കി തിരിച്ചുപിടിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇടം കൈയന്‍ ബാറ്റ്സ്മാനും മീഡിയം പേസറുമായ വെങ്കടേഷ് അയ്യര്‍ക്കായി 23.75 കോടിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുടക്കിയത്.
കെകെആറിനൊപ്പം കളിച്ച് വളര്‍ന്ന താരമാണ് വെങ്കടേഷ് അയ്യര്‍. അവസാന സീസണില്‍ കെകെആറിനെ കിരീടത്തിലേക്കെത്തിക്കുന്നതിലും താരം നിര്‍ണ്ണായക പങ്കുവഹിച്ചു. എന്നാല്‍ മെഗാ ലേലത്തിന് മുമ്പ് വെങ്കടേഷിനെ കെകെആര്‍ ഒഴിവാക്കി. ഇതില്‍ തന്റെ കടുത്ത നിരാശ വെങ്കടേഷ് തുറന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാ സങ്കടങ്ങളും മാറ്റി റെക്കോര്‍ഡ് പ്രതിഫലത്തിലേക്കാണ് വെങ്കടേഷ് എത്തിയിരിക്കുന്നത്.
ഇന്ത്യക്കൊപ്പം വലിയ റെക്കോഡൊന്നും അവകാശപ്പെടാനാവാത്ത താരമാണ് വെങ്കടേഷ് അയ്യര്‍. എന്നാല്‍ കെകെആര്‍ താരത്തില്‍ വിശ്വാസം അര്‍പ്പിച്ച് മുന്നോട്ട് പോവുകയായിരുന്നു. കൊല്‍ക്കത്ത നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയില്‍ പേരില്ലെന്ന് അറിഞ്ഞപ്പോള്‍ കരഞ്ഞുപോയെന്നു തുറന്നുപറഞ്ഞ വെങ്കടേഷ് അയ്യര്‍ക്ക് വേണ്ടി ഐപിഎല്‍ മെഗാ താരലേലത്തില്‍ വന്‍ പോരാട്ടമാണ് ടീം അധികൃതര്‍ നടത്തിയത്. 23.75 കോടി രൂപയ്ക്കാണ് വെങ്കടേഷ് അയ്യരെ കൊല്‍ക്കത്ത തിരികെ ടീമിലെടുത്തത്. ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ ഒരു താരത്തിനു ലഭിക്കുന്ന ഉയര്‍ന്ന മൂന്നാമത്തെ തുകയാണിത്. മുന്നിലുള്ളത് ഋഷഭ് പന്ത് (27 കോടി), ശ്രേയസ് അയ്യര്‍ (26.75 കോടി) എന്നിവര്‍ മാത്രം.
വെങ്കടേഷ് അയ്യരുടെ പ്രതിഫലത്തില്‍ മൂന്ന് ഇരട്ടിയോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. എട്ട് കോടി അവസാന സീസണില്‍ വാങ്ങിയ താരമാണ് ഇന്ന് 23.75 കോടിയിലേക്കെത്തിയിരിക്കുന്നത്. നിലനിര്‍ത്തപ്പെട്ടിരുന്നെങ്കില്‍ എട്ട് കോടിയാവും പരമാവധി താരത്തിന് ലഭിക്കുക. എന്നാല്‍ ഇപ്പോള്‍ ലേലത്തിലേക്കെത്തിയതോടെ സ്വപ്ന തുല്യമായ നേട്ടത്തിലേക്കാണ് വെങ്കടേഷ് എത്തിയിരിക്കുന്നത്.
ടോപ് ഓഡറില്‍ കസറാന്‍ കഴിവുള്ള വെങ്കടേഷ് സമ്മര്‍ദ്ദ സാഹചര്യത്തിലും തിളങ്ങാന്‍ ശേഷിയുള്ളവനാണ്. ആര്‍സിബിയും രാജസ്ഥാനും പഞ്ചാബും ഹൈദരാബാദുമെല്ലാം വെങ്കടേഷിനായി രംഗത്തെത്തിയതോടെയാണ് താരത്തിന്റെ പ്രതിഫലം വളരെയധികം ഉയര്‍ന്നത്. എന്നാല്‍ കൈവിടാന്‍ കെകെആര്‍ തയ്യാറാവാതെ ഇരുന്നതോടെയാണ് റെക്കോര്‍ഡ് നേട്ടത്തിലേക്ക് വെങ്കടേഷ് ഉയര്‍ന്നത്.
തന്റെ ഉയര്‍ന്ന ഫിറ്റ്നസിനെ നന്നായി ഉപയോഗപ്പെടുത്തുന്ന താരം ടോപ് ഓഡറില്‍ അപകടം വിതക്കും. എന്നാല്‍ പന്തുകൊണ്ട് അത്ര ഉപകാരിയല്ല. വെങ്കടേഷിന്റേത് മികച്ച കണക്കുകള്‍ ഐപിഎല്ലില്‍ 50 മത്സരങ്ങളാണ് വെങ്കടേഷ് അയ്യര്‍ കളിച്ചിട്ടുള്ളത്. 31.57 ശരാശരിയില്‍ 1326 റണ്‍സാണ് താരം നേടിയിട്ടുള്ളത്. ഇതില്‍ ഒരു സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 137.13 എന്ന മോശമല്ലാത്ത സ്ട്രൈക്ക് റേറ്റും അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് വെങ്കടേഷ്. താരലേലത്തിന് തൊട്ടുമുമ്പ് രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശ് താരമായ വെങ്കടേഷ് അയ്യര്‍, ബിഹാറിനെതിരെ തകര്‍പ്പന്‍ സെഞ്ചറിയുമായി കരുത്തുകാട്ടിയിരുന്നു. 176 പന്തുകള്‍ നേരിട്ട വെങ്കടേഷ് അയ്യര്‍, 17 ഫോറും നാലു സിക്‌സും സഹിതം 174 റണ്‍സെടുത്ത് പുറത്തായി.
ഇത്തവണ കൊല്‍ക്കത്ത നിലനിര്‍ത്തിയ ആറു താരങ്ങള്‍ക്കുമായി ആകെ മുടക്കിയത് 57 കോടി രൂപയാണെന്നിരിക്കെയാണ്, നിലനിര്‍ത്താതെ ലേലത്തിനു വിട്ട വെങ്കടേഷ് അയ്യര്‍ക്കു മാത്രമായി കൊല്‍ക്കത്ത അതിന്റെ പകുതിയോളം തുക മുടക്കിയത്. വെങ്കടേഷിനെ ഏതു വിധേനയും ടീമിലെത്തിക്കാന്‍ ശ്രമിച്ച കൊല്‍ക്കത്തയ്ക്ക്, അതേ തീവ്രതയുള്ള വിളിയുമായി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ് 'ചാലഞ്ച്' സൃഷ്ടിച്ചത്.
ഇത്തവണത്തെ ഐപിഎല്‍ താരലേലം ഇതുവരെ കണ്ടതില്‍വച്ച് ഏറ്റവും വാശിയേറിയ പോരാട്ടമാണ് വെങ്കടേഷ് അയ്യര്‍ക്കായി കൊല്‍ക്കത്തയും ബെംഗളൂരുവും നടത്തിയത്. ഇരുകൂട്ടരും വിട്ടുകൊടുക്കാതെ വിളിച്ചു മുന്നേറിയതോടെയാണ് വെങ്കടേഷ് അയ്യര്‍ക്ക് വന്‍ തുക ലഭിച്ചത്. ബെംഗളൂരു അയ്യര്‍ക്കായി അവസാന നിമിഷം വരെ പൊരുതി നോക്കിയെങ്കിലും, താരത്തെ ടീമിലെത്തിച്ചേ അടങ്ങൂ എന്ന രീതിയില്‍ വാശിയോടെ തുക കൂട്ടി മുന്നേറിയ കൊല്‍ക്കത്ത, ഒടുവില്‍ 23.75 കോടിക്ക് താരത്തെ ടീമിലെത്തിച്ചു.
ഇത്തവണ റിങ്കു സിങ് (13 കോടി), വരുണ്‍ ചക്രവര്‍ത്തി (12 കോടി), സുനില്‍ നരെയ്ന്‍ (12 കോടി), ആന്ദ്രെ റസ്സല്‍ (12 കോടി), ഹര്‍ഷിത് റാണ (4 കോടി), രമണ്‍ദീപ് സിഹ് (4 കോടി) എന്നിവരെയാണ് കൊല്‍ക്കത്ത നിലനിര്‍ത്തിയത്.
2021 ല്‍ കൊല്‍ക്കത്ത ഫൈനലിലെത്തിയപ്പോള്‍ മുതല്‍ 2024ലെ കിരീടനേട്ടത്തില്‍ വരെ ടീമിന്റെ ഭാഗമായ താരമാണ് വെങ്കടേഷ്. ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്തയ്ക്കായി വിജയ റണ്‍സ് കുറിച്ചതും വെങ്കടേഷ് അയ്യരായിരുന്നു. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയ്ക്കായി 14 മത്സരങ്ങള്‍ കളിച്ച വെങ്കടേഷ്, 46.2 ശരാശരിയില്‍ 370 റണ്‍സാണ് നേടിയത്. ഇതില്‍ നാല് അര്‍ധസെഞ്ചറികളുമുണ്ട്.
അന്ന് അയ്യര്‍ കരഞ്ഞു, ഇപ്പോള്‍ ചിരിക്കുന്നു
''കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ശരിക്കും ഒരു കുടുംബമാണ്. അത് പതിനാറോ ഇരുപത്തഞ്ചോ താരങ്ങള്‍ മാത്രമല്ല. ടീം മാനേജ്‌മെന്റ്, സ്റ്റാഫുകള്‍ തുടങ്ങി പിന്നണിയിലുള്ളവരെല്ലാം അതിന്റെ ഭാഗമാണ്. റിട്ടന്‍ഷന്‍ ലിസ്റ്റില്‍ എന്റെ പേരില്ലെന്ന് അറിഞ്ഞപ്പോള്‍ കണ്ണു നിറഞ്ഞിരുന്നു. താരലേലത്തില്‍ കൊല്‍ക്കത്ത എനിക്കു വേണ്ടി ശ്രമിക്കുമോയെന്ന് അറിയാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഒരു കുട്ടിയുടെ അത്രയും കൗതുകത്തോടെയാണു ഞാന്‍ ലേലത്തെ കാണുന്നത്. കൊല്‍ക്കത്ത എന്നെ വീണ്ടും വാങ്ങിയാല്‍ അതാണു സന്തോഷം.''
''സത്യം പറഞ്ഞാല്‍ കൊല്‍ക്കത്ത നിലനിര്‍ത്തിയ താരങ്ങളെല്ലാം വളരെ മികച്ചവരാണ്. ക്രിക്കറ്റ് അറിയാവുന്ന ആര്‍ക്കും അതു മനസ്സിലാകും. പക്ഷേ റിട്ടന്‍ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടണമെന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു. കൊല്‍ക്കത്തയാണ് എന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയത്. എന്നെക്കൊണ്ടു സാധിക്കുന്നതെല്ലാം ഞാന്‍ ഈ ടീമിനായി ചെയ്തിട്ടുണ്ട്.''വെങ്കടേഷ് പറഞ്ഞു.