'മികച്ച ഫോമിലായിരുന്നപ്പോൾ ഒരു മുന്നറിയിപ്പുമില്ലാതെ ടീമിൽ നിന്നും പുറത്താകാൻ കാരണം ധോണിയുടെ ഇടപെടൽ'; തുറന്നടിച്ച് ഇർഫാൻ പത്താൻ
ബറോഡ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് തന്നെ പുറത്താക്കിയതിന് പിന്നിൽ മുൻ നായകൻ എം.എസ്. ധോണിയായിരുന്നുവെന്ന് വെളിപ്പെടുത്തി മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. മികച്ച ഫോമിൽ കളിച്ചിരുന്ന സമയത്ത് ഒരു മുന്നറിയിപ്പുമില്ലാതെയാണ് തന്നെ ടീമിൽ നിന്ന് ഒഴിവാക്കിയതെന്നും ഇതിന് പിന്നിൽ ധോണിയുടെ തീരുമാനമായിരുന്നുവെന്നും ലല്ലൻടോപ്പിന് നൽകിയ അഭിമുഖത്തിൽ പത്താൻ വ്യക്തമാക്കി.
2009-ലെ ന്യൂസിലൻഡ് പര്യടനത്തിനിടെയാണ് സംഭവം. ഇതിന് തൊട്ടുമുമ്പ് ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തിൽ സഹോദരൻ യൂസഫ് പത്താനോടൊപ്പം ചേർന്ന് ടീമിനെ അവിശ്വസനീയമായ വിജയത്തിലെത്തിച്ചിരുന്നു. അത്തരമൊരു പ്രകടനത്തിന് ശേഷം മറ്റൊരാളായിരുന്നെങ്കിൽ കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും ടീമിൽ നിന്ന് പുറത്താകുമായിരുന്നില്ലെന്നും എന്നാൽ ന്യൂസിലൻഡ് പര്യടനത്തിൽ ഒരു മത്സരം പോലും കളിക്കാൻ തനിക്ക് അവസരം ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതേക്കുറിച്ച് അന്നത്തെ പരിശീലകൻ ഗാരി കിർസ്റ്റനോട് ചോദിച്ചപ്പോൾ, 'ചില കാര്യങ്ങൾ തന്റെ നിയന്ത്രണത്തിലല്ല' എന്നായിരുന്നു ആദ്യ മറുപടി. ആരുടെ നിയന്ത്രണത്തിലാണെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ലെങ്കിലും അത് ധോണിയാണെന്ന് തനിക്ക് മനസ്സിലായതായി പത്താൻ പറഞ്ഞു. പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുക്കാനുള്ള പൂർണ അധികാരം നായകനാണെന്നും അതിനെ ശരിയോ തെറ്റോ എന്ന് താൻ വിലയിരുത്തുന്നില്ലെന്നും ഓരോ നായകനും ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ അവരുടേതായ ശൈലികളുണ്ടെന്നും പത്താൻ സമ്മതിച്ചു.
ടീമിന് ഒരു ബാറ്റിംഗ് ഓൾറൗണ്ടറെയാണ് അപ്പോൾ ആവശ്യമെന്നായിരുന്നു കിർസ്റ്റൻ നൽകിയ രണ്ടാമത്തെ വിശദീകരണം. യൂസഫ് ബാറ്റിംഗ് ഓൾറൗണ്ടറും താൻ ബൗളിംഗ് ഓൾറൗണ്ടറുമായിരുന്നുവെന്നും പത്താൻ ഓർമിച്ചു. 2008-ൽ ഏകദിന ടീമിൽ നിന്ന് പുറത്തായ പത്താൻ, 2012-ൽ ടീമിൽ തിരിച്ചെത്തിയെങ്കിലും 12 മത്സരങ്ങൾ മാത്രമാണ് കളിച്ചത്. പിന്നീട് ഭുവനേശ്വർ കുമാർ, ഇഷാന്ത് ശർമ തുടങ്ങിയവരുടെ വരവോടെ ടീമിൽ ഇടം നഷ്ടമായി. 2020-ലാണ് ഇർഫാൻ പത്താൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.