'എനിക്ക് മുന്നേ ബാറ്റ് ചെയ്യാൻ ഇവനാരാണ്'; ഡ്രസ്സിംഗ് റൂമില്‍വെച്ച് സീനിയര്‍ താരം കോളറില്‍ കുത്തിപ്പിടിച്ചെന്ന് ഇർഫാൻ പത്താൻ

Update: 2025-08-16 10:52 GMT

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിംഗ് റൂമിൽ വെച്ച് ഒരു സീനിയർ താരം തൻ്റെ കോളറിൽ കുത്തിപ്പിടിച്ച് കയർത്തതായി മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ്റെ വെളിപ്പെടുത്തൽ. ബാറ്റിംഗ് ഓർഡറിൽ മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിലുള്ള അതൃപ്തിയായിരുന്നു താരത്തിന്റെ പ്രകോപനത്തിന് കാരണം. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പത്താൻ കരിയറിന്റെ തുടക്കത്തിലുണ്ടായ ഈ അസുഖകരമായ സംഭവം വെളിപ്പെടുത്തിയത്.

ഗ്രെഗ് ചാപ്പൽ ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്ന കാലത്താണ് സംഭവം. മികച്ച സ്വിങ് ബൗളറായിരുന്ന തന്നെ ഒരു ബാറ്റിംഗ് ഓൾറൗണ്ടറാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ അയച്ചത്. ഇത് ടീമിലെ ഒരു മുതിർന്ന താരത്തിന് ഇഷ്ടപ്പെട്ടിരുന്നില്ല. ശ്രീലങ്കയ്‌ക്കോ പാകിസ്ഥാനോ എതിരായ ഒരു പരമ്പരയ്ക്കിടെയായിരുന്നു ഇത്.

'എനിക്ക് മുന്നേ ബാറ്റ് ചെയ്യാൻ ഇവനാരാണെന്ന്' ചോദിച്ചായിരുന്നു ആ താരം ദേഷ്യത്തോടെ ജേഴ്‌സിയിൽ പിടിച്ചതെന്ന് പത്താൻ ഓർത്തെടുത്തു. അന്ന് താൻ ചെറുപ്പമായതുകൊണ്ട് പ്രതികരിച്ചില്ല. ആരുടെയും പേര് പറഞ്ഞ് അവരെ മോശക്കാരാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ക്രിക്കറ്റിൽ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവം വെളിപ്പെടുത്തിയതിന് പിന്നാലെ അത് സച്ചിനോ, ഗാംഗുലിയോ, ദ്രാവിഡോ, സെവാഗോ, ലക്ഷ്മണോ ആണോ എന്ന ചോദ്യത്തിന്, അവരാരുമല്ലെന്ന് പത്താൻ തറപ്പിച്ചുപറഞ്ഞു. സൗരവ് ഗാംഗുലി സ്വന്തം ഓപ്പണിംഗ് സ്ഥാനം പോലും മറ്റുള്ളവർക്ക് വേണ്ടി ഒഴിഞ്ഞു കൊടുത്തയാളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെക്കാൾ മികച്ച ബാറ്ററാണെന്ന് സ്വയം വിശ്വസിച്ചിരുന്ന, ക്യാപ്റ്റന് വലിയ സ്വാധീനമുണ്ടായിരുന്ന താരമാണ് അങ്ങനെ പെരുമാറിയതെന്നും പത്താൻ സൂചിപ്പിച്ചു.

അതേസമയം, അന്ന് തന്നോട് കയർത്തതിന് ശേഷം ബാറ്റിംഗിനിറങ്ങിയ ആ താരത്തിന് മത്സരത്തിൽ തിളങ്ങാനായില്ലെന്നും പെട്ടെന്ന് പുറത്തായെന്നും ഇർഫാൻ പത്താൻ വ്യക്തമാക്കി. പാകിസ്താനോ ശ്രീലങ്കയോ എതിരാളികളായ ഒരു മത്സരത്തിനിടെയാകാം ഈ സംഭവം നടന്നതെന്നും പഠാൻ സൂചന നൽകി.

Tags:    

Similar News