'ഏറ്റവും വിലമതിക്കുന്ന വാനരന്‍' കമന്ററിക്കിടെ ബുംറയ്‌ക്കെതിരെ അധിക്ഷേപം; ക്ഷമ പറഞ്ഞ് ഇസ ഗുഹ: ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളെ പ്രശംസിക്കുക എന്നത് മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത് എന്ന താരം

Update: 2024-12-16 08:21 GMT

ബ്രിസ്ബെയ്ന്‍: ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ ബുംറയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി മുന്‍ ഇംഗ്ലണ്ട് താരം ഇസ ഗുഹ. ഇസയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷമാപണം. ഇന്ത്യന്‍ പേസറുടെ മികച്ച പ്രകടനത്തെ വിശേഷിപ്പിച്ചപ്പോള്‍ തെറ്റായ വാക്ക് തെരഞ്ഞെടുത്തുവെന്നും അങ്ങേയറ്റം ഖേദിക്കുന്നുവെന്നും മൂന്നാം ദിനം കമന്ററിക്കിടെ ഇസ പറഞ്ഞു.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റില്‍ കമന്ററിക്കിടെയാണ് ഇസ, ബുംറയെ 'പ്രൈമേറ്റ്' എന്ന് വിശേഷിപ്പിച്ചത്. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാരെ ബുംറ പുറത്താക്കിയതിനെ കുറിച്ച് ബ്രെറ്റ് ലീയുടെ പ്രശംസയ്ക്ക് മറുപടിയായാണ് വിവാദ പരാമര്‍ശം ഉണ്ടായത്. 'മോസ്റ്റ് വാല്യുബള്‍ പ്രൈമേറ്റ്' (പ്രൈമേറ്റ് ആള്‍ക്കുരങ്ങ് വര്‍ഗമാണ്) എന്നാണ് കമന്ററിക്കിടെ ഇസ താരത്തെ വിശേഷിപ്പിച്ചത്.

'ഇന്നലെ കമന്ററിയില്‍ പല തരത്തില്‍ വ്യാഖ്യാനിക്കാവുന്ന ഒരു വാക്ക് ഞാന്‍ ഉപയോഗിച്ചു. തെറ്റ് സംഭവിച്ചതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു, ഞാന്‍ വളരെയധികം ആരാധിക്കുന്ന ഒരാളെ, ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളെ പ്രശംസിക്കുക എന്നത് മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്' മൂന്നാം ദിവസം കളിയുടെ തുടക്കത്തില്‍ ഇസ പറഞ്ഞു. ഇസയുടെ പരമാര്‍ശനത്തിനെതിരെ മുതിര്‍ന്ന താരങ്ങള്‍ രംഗത്ത് വന്നിരുന്നു. ഇതോടെയാണ് താരം മാപ്പ് പറഞ്ഞത്. മാപ്പു പറഞ്ഞതിനു പിന്നാലെ ഇസയെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്നു രവി ശാസ്ത്രി രംഗത്തെത്തി. ധീര വനിതയെന്നാണ് അവരെ ശാസ്ത്രി വിശേഷിപ്പിച്ചത്.

രണ്ടാംദിനം അഞ്ചു ഓസീസ് താരങ്ങളെ മടക്കി ഇന്ത്യന്‍ ബൗളിങ്ങിനെ ഓറ്റക്ക് നയിക്കുകയായിരുന്നു ബുംറ. താരത്തിന് പിന്തുണ നല്‍കാന്‍ സഹ ബൗളര്‍മാര്‍ക്കൊന്നും കഴിഞ്ഞില്ല. ക്രീസില്‍ നിലയുറപ്പിച്ച് ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ ട്രാവിഡ് ഹെഡ്ഡിനെയും സ്റ്റീവ് സ്മിത്തിനെയും മടക്കിയതും ബുംറയായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ മൊത്തം 28 ഓവറില്‍ ഒമ്പത് മെയ്ഡനടക്കം 76 റണ്‍സ് വഴങ്ങി ആറു വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്.

Tags:    

Similar News