ഹെയ്‌ഡ്ലിയുടെ 40 വർഷത്തെ റെക്കോർഡ് തകർത്ത് ജേക്കബ് ഡഫി; കിവി പേസറെ ബംഗളൂരു ടീമിലെത്തിച്ചത് അടിസ്ഥാന വിലയ്ക്ക്; ആർസിബിക്ക് ഇതൊരു വൻ ലാഭക്കച്ചവടമെന്ന് ആർ. അശ്വിൻ

Update: 2025-12-22 09:57 GMT

ലണ്ടൻ: വരാനിരിക്കുന്ന ഐപിഎൽ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു വെറും 2 കോടി രൂപയ്ക്ക് സ്വന്തമാക്കിയ കിവി പേസറാണ് ജേക്കബ് ഡഫി. ഇന്ത്യയിൽ ഒരു മത്സരം പോലും കളിച്ചിട്ടില്ലാത്ത 31കാരൻ മികച്ച ഫോമിലാണ് ബംഗളൂരുവിലെത്തുന്നത്. നിലവിൽ ടി20 റാങ്കിംഗിൽ രണ്ടാം സ്ഥാനത്തുള്ള ഡഫി, വർഷാവസാനം ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായാണ് മടങ്ങുന്നത്. വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ന്യൂസിലൻഡ് ക്രിക്കറ്റിലെ ഇതിഹാസ താരം റിച്ചാർഡ് ഹാഡ്‌ലിയുടെ 40 വർഷം പഴക്കമുള്ള ലോക റെക്കോർഡും ജേക്കബ് ഡഫി തകർത്തിരിക്കുകയാണ്. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേട്ടവുമായി (5/42) തിളങ്ങിയ ഡഫി, ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന ന്യൂസിലൻഡ് താരം എന്ന റെക്കോർഡാണ് സ്വന്തമാക്കിയത്.

ഹാഡ്‌ലിയെ മറികടന്ന കുതിപ്പ് 1985-ൽ റിച്ചാർഡ് ഹാഡ്‌ലി നേടിയ 79 വിക്കറ്റുകൾ എന്ന റെക്കോർഡാണ് 2025-ൽ 81 വിക്കറ്റുകൾ തികച്ചുകൊണ്ട് ഡഫി തകർത്തത്. ഈ വർഷം എല്ലാ ഫോർമാറ്റുകളിലുമായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർ എന്ന ഖ്യാതിയും ഡഫിക്കാണ്. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് ടെസ്റ്റുകളിൽ നിന്ന് മാത്രം 23 വിക്കറ്റുകളാണ് താരം കൊയ്തത്.

അശ്വിൻ്റെ പ്രശംസ ഡഫിയുടെ ഈ പ്രകടനത്തിൽ ഇന്ത്യൻ സ്പിൻ മാന്ത്രികൻ ആർ. അശ്വിൻ വലിയ അത്ഭുതമാണ് രേഖപ്പെടുത്തിയത്. സോഷ്യൽ മീഡിയയിലൂടെ അശ്വിൻ ഡഫിയെ വാനോളം പുകഴ്ത്തി. "എന്തൊരു ക്രിക്കറ്ററാണ് ജേക്കബ് ഡഫി! 2025 അദ്ദേഹത്തിൻ്റെ വർഷമാണ്. 31-ാം വയസ്സിലും അദ്ദേഹം തൻ്റെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്," അശ്വിൻ കുറിച്ചു.

വരാനിരിക്കുന്ന ഐപിഎൽ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു വെറും 2 കോടി രൂപയ്ക്കാണ് ജേക്കബ് ഡഫിയെ സ്വന്തമാക്കിയത്. ഡഫിയുടെ ഇപ്പോഴത്തെ ഫോം കണക്കിലെടുക്കുമ്പോൾ ആർസിബിക്ക് ഇതൊരു വൻ ലാഭക്കച്ചവടമാണെന്ന് അശ്വിൻ അഭിപ്രായപ്പെട്ടു. "വെറും 2 കോടി രൂപയ്ക്ക് ഇത്തരമൊരു താരത്തെ ലഭിച്ചത് ആർസിബിയുടെ വലിയൊരു ബുദ്ധിയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News