ഐസിസിയുടെ പുതിയ ചെയര്‍മാനായി ജയ് ഷാ; ഐസിസി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി; ഈ സ്ഥാനത്ത് എത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരന്‍

Update: 2024-12-02 10:41 GMT

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) പുതിയ ചെയര്‍മാനായി സ്ഥാനം ഏറ്റെടുത്ത് ജയ് ഷാ. നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ചുമതലയേറ്റെടുക്കല്‍ വൈകുകയായിരുന്നു. ക്രിക്കറ്റിനെ കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ജയ്ഷാ പറഞ്ഞു. ഗ്രെഗ് ബാര്‍ക്ലേയുടെ പിന്‍ഗാമിയായാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ കൂടിയായ ജയ് ഷാ ഐസിസി തലപ്പത്തേക്ക് എത്തുന്നത്. ഐസിസി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് 35കാരനായ ജയ് ഷാ.

ഐസിസി ചെയര്‍മാനാകുന്ന മൂന്നാമത്തെ ഇന്ത്യക്കാരനുമാണ്. 2014- 2015 കാലയളവില്‍ എന്‍ ശ്രീനിവാസന്‍, 2015- 2020 വരെ ശശാങ്ക് മനോഹര്‍ എന്നിവരാണ് നേരത്തെ ഐസിസിയുടെ ചെയര്‍മാന്‍ സ്ഥാനത്തെത്തിയത്. ജഗ്മോഹന്‍ ഡാല്‍മിയയും ശരദ് പവാറും ഐസിസി പ്രസിഡന്റ് സ്ഥാനത്തെത്തിയിരുന്നു.അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പാകിസ്താന്‍ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയാണ് ജയ്ഷായുടെ വെല്ലുവിളി. ഇന്ത്യ പാകിസ്താനിലേക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചതോടെ ഹൈബ്രിഡ് മോഡലിലാകും ടൂര്‍ണമെന്റ് നടക്കുക. ഇന്ത്യയുടെ മാച്ചുകള്‍ പൊതുവേദിയായ യു.എ.ഇയിലാകും നടക്കുക.

ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി സംഘാടക രംഗത്തെത്തിയ പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും ഏറെക്കാലം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെയും നയിച്ചു. വനിതകളുടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ക്രിക്കറ്റ് തുടങ്ങിയതും ദേശീയ ടീമില്‍ കളിക്കുന്ന സ്ത്രീകള്‍ക്ക് പുരുഷ ടീമിന് നല്‍കുന്ന അതേ പ്രതിഫലം നല്‍കാന്‍ തീരുമാനിച്ചതും ജയ് ഷാ തലപ്പത്തുണ്ടായിരുന്നപ്പോഴാണ്.

ജയ് ഷാ ഇന്ത്യന്‍ ക്രിക്കറ്റ് കണട്രോള്‍ ബോര്‍ഡിന്റെ സെക്രട്ടറിയായിരുന്നു. ഇനി ഈ സ്ഥാനത്തേക്ക് ആര് എത്തുമെന്ന ചര്‍ച്ചകള്‍ സജീവമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ബി.ജെ.പി. നേതാവ് അനുരാഗ് ഠാക്കൂറിന്റെ സഹോദരനും ഐ.പി.എല്‍. ചെയര്‍മാനുമായ അരുണ്‍ സിങ് ധൂമല്‍ സാധ്യതാപട്ടികയില്‍ മുന്നിലുണ്ട്. ബി.സി.സി.ഐ. മുന്‍ പ്രസിഡന്റുമായിരുന്നു അനുരാഗ്. ഇപ്പോഴത്തെ ട്രഷറര്‍ ആശിഷ് ഷെലാര്‍, ജോയിന്റ് സെക്രട്ടറി ദേവജിത്ത് സൈക്കിയ തുടങ്ങിയവരും പരിഗണനയിലുണ്ട്.

Tags:    

Similar News