കേരള ക്രിക്കറ്റ് ടീമിന് തിരിച്ചടി; രഞ്ജി ട്രോഫിയിൽ നിന്നും പിന്മാറി ജലജ് സക്സേന
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരള ടീമിന് തിരിച്ചടി. ടീമിന്റെ പ്രധാന ഓൾറൗണ്ടർമാരിൽ ഒരാളായ ജലജ് സക്സേന ഈ സീസണിൽ കളിക്കില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ സീസണിൽ നിന്നും താരം വിട്ടു നിൽക്കുമെന്നാണ് അറിയിപ്പ്. മറ്റ് ടീമുകൾക്കായി കളിക്കില്ല.
കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും പ്രായമായ മാതാപിതാക്കൾക്കൊപ്പം കഴിയാനുമാണ് താൻ വ്യക്തിപരമായ കാരണങ്ങളാൽ കളിക്കുന്നില്ലെന്ന് സക്സേന അറിയിച്ചതായി കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ പറഞ്ഞു. കഴിഞ്ഞ സീസണിൽ കേരളം രഞ്ജി ട്രോഫി ഫൈനലിലെത്തിയതിൽ സക്സേനയുടെ പ്രകടനം നിർണായകമായിരുന്നു. 2016 മുതൽ കേരളത്തിനായി കളിക്കുന്ന താരം 59 മത്സരങ്ങളിൽ നിന്ന് 2,215 റൺസും 269 വിക്കറ്റുകളും നേടിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ സീസണിൽ കേരളത്തിനായി കളിച്ച ഓൾറൗണ്ടർ ആദിത്യ സർവാട്ടെ ചത്തീസ്ഗഡിനായി കളിക്കാൻ എൻ.ഒ.സി വാങ്ങിയിട്ടുണ്ട്. ഇതുകൂടി വരുന്നതോടെ കേരള ടീമിന് പ്രതിരോധവും ബാറ്റിംഗും ഒരുപോലെ ശക്തിപ്പെടുത്തേണ്ടി വരും. നിലവിൽ കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനായി സക്സേന കളിക്കുന്നുണ്ട്. രഞ്ജിയിൽ ഒക്‌ടോബർ 15ന് മഹാരാഷ്‌ട്രക്കെതിരെയാണ് കേരളത്തിന്റെ ആദ്യ കളി.