'ജയ് ഷാ എത്ര റണ്‍സെടുത്തു? എത്ര വിക്കറ്റ് ലഭിച്ചു; ഒന്നു കണ്ണു ചിമ്മിപ്പോയാല്‍ പാറ്റ് കമിന്‍സിനെ നിങ്ങള്‍ക്ക് കാണാനാകില്ല'; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ വിഡിയോയില്‍ 'എന്റെ തല, എന്റെ ഫുള്‍ ഫിഗര്‍'; ഐസിസി പങ്കുവെച്ച വിഡിയോ വിവാദത്തില്‍
ഐസിസി പങ്കുവെച്ച വിഡിയോ വിവാദത്തില്‍
ലണ്ടന്‍: ഓസ്ട്രിലിയയെ കീഴടക്കി ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ഐസിസി പങ്കുവെച്ച വിഡിയോയെ ചൊല്ലി വിവാദം. മത്സരശേഷം ഫൈനല്‍ ഹൈലൈറ്റ് എന്ന പേരില്‍ ഐസിസി പുറത്തുവിട്ട വിഡിയോയില്‍ ഭൂരിഭാഗവും ഐസിസി ചെയര്‍മാനായ ജയ് ഷാ നിറഞ്ഞു നില്‍ക്കുന്നുവെന്നാണ് വിമര്‍ശനങ്ങള്‍. ഇരു ടീമുകളിലെയും താരങ്ങളേക്കാള്‍ കൂടുതല്‍ ഇടം ഐസിസി ചെയര്‍മാന്‍ ജയ് ഷായ്ക്ക് നല്‍കിയെന്നാണ് വിമര്‍ശനം. 'എന്റെ തല, എന്റെ ഫുള്‍ ഫിഗര്‍' എന്ന ശ്രീനിവാസന്‍ ഡയലോഗിനെ ഓര്‍മിപ്പിക്കുന്ന വിധത്തിലാണ് വിഡിയോ ഇറക്കിയിരിക്കുന്നതെന്ന വിമര്‍ശനവുമായി ഒട്ടേറെ ആരാധകരാണ് രംഗത്തെത്തിയത്. ഐസിസി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോയ്ക്കു താഴെയും വിമര്‍ശനവും ട്രോളുകളും നിറയുകയാണ്.
ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ വിഡിയോയാണെങ്കിലും, ജയ് ഷാ സ്റ്റേഡിയത്തിലേക്കു വരുന്ന സ്ലോ മോഷനിലുള്ള ദൃശ്യങ്ങളോടെയാണ് ഇത് ആരംഭിക്കുന്നത്. 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ആകെയുള്ളത് 23 ഷോട്ടുകളാണ്. ഇതില്‍ 11 എണ്ണവും ജയ് ഷായുടേതാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. വിമര്‍ശനം കടുത്തതോടെ ആദ്യം വിഡിയോ സമൂഹമാധ്യമങ്ങളില്‍നിന്ന് ഡിലീറ്റ് ചെയ്ത ഐസിസി, പിന്നീട് പ്രത്യേക വിശദീകരണങ്ങളൊന്നും കൂടാതെ തന്നെ അതേ വിഡിയോ വീണ്ടും പോസ്റ്റ് ചെയ്തു.
Didnt realise the ICC final was Jay Shah v Jay Shah.
— Erika Morris (@ErikaMorris79) June 16, 2025
This video montage looks like it has been compiled by the Jay Shah appreciation society (which has 1 member)
Yes he is the ICC chairman but this post was about the #WtcFinal2025 yet Jay is in it TWELVE times.. https://t.co/mqSQ0fNUJf
ഐസിസി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോയ്ക്കു താഴെയും വിമര്‍ശനവും ട്രോളുകളും നിറയുകയാണ്. 'ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ജയ് ഷാ എത്ര റണ്‍സെടുത്തു? അദ്ദേഹത്തിന് എത്ര വിക്കറ്റ് ലഭിച്ചു' ഷായ്ക്ക് ലഭിച്ച അമിത പ്രാധാന്യം കണ്ട് ഒരു ആരാധകന്‍ എക്സില്‍ കുറിച്ചു. 'ഒന്നു കണ്ണു ചിമ്മിപ്പോയാല്‍ ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സിനെ നിങ്ങള്‍ക്ക് കാണാനാകില്ല. പക്ഷേ ജയ് ഷാ നിറഞ്ഞുനില്‍പ്പുണ്ട്' മറ്റൊരു ആരാധകന്‍ കുറിച്ചു.
''ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയതും ജയ് ഷായും ജയ് ഷായുമാണെന്ന് അറിഞ്ഞിരുന്നില്ല. ഐസിസി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോ കണ്ടാല്‍, ജയ് ഷായുടെ ആരാധകരാണ് അതു തയാറാക്കിയതെന്നു തോന്നും. അദ്ദേഹം ഐസിസി ചെയര്‍മാനാണെന്നു സമ്മതിക്കുന്നു. പക്ഷേ ഈ വിഡിയോ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലുമായി ബന്ധപ്പെട്ടാണ്' ഒരു സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് കുറിച്ചു.
അനാവശ്യമായി ശ്രദ്ധ നേടാന്‍ ശ്രമിച്ച് ജയ് ഷാ വിമര്‍ശനം ക്ഷണിച്ചുവരുത്തുന്നത് ഇത് ആദ്യമല്ല. മുന്‍പ് ഇന്ത്യന്‍ ടീം ചാംപ്യന്‍സ് ട്രോഫി കിരീടം നേടിയപ്പോഴും സമാനമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. അന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കുള്ള ഫോട്ടോഷൂട്ടില്‍ ഒപ്പം ചേര്‍ന്നാണ് ജയ് ഷാ വിമര്‍ശനങ്ങേറ്റു വാങ്ങിയത്.