സെമി ഫൈനലിന് പിന്നാലെ ആയിരത്തിലേറെ മെസേജുകള്‍, വാട്‌സ്ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്തു'; ഫൈനലിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടുനിന്നെന്ന് ജമീമ റോഡ്രിഗസ്

സെമി ഫൈനലിന് പിന്നാലെ ആയിരത്തിലേറെ മെസേജുകള്‍, വാട്‌സ്ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്തു

Update: 2025-12-02 12:06 GMT

മുംബൈ: വനിത ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ സെമിഫൈനലില്‍ ഇന്ത്യയുടെ വിജയശില്‍പിയായി മാറിയത് ജെമീമ റോഡ്രിഗസായിരുന്നു. 134 പന്തില്‍ 14 ഫോറുകളുടെ അകമ്പടിയോടെ പുറത്താകാതെ 127 റണ്‍സെടുത്ത ജെമീമ ഇന്ത്യക്ക് അവിശ്വസനീയ ജയം സമ്മാനിച്ചാണ് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. മത്സരത്തിനു പിന്നാലെ അഭിനന്ദന പ്രവാഹമായിരുന്നു താരത്തിന്. ഇതിനിടെ എങ്ങനെയോ വാട്‌സ്ആപ്പ് നമ്പര്‍ ആരാധകര്‍ക്ക് കിട്ടിയതോടെ ആയിരത്തിലേറെ അജ്ഞാത നമ്പരുകളില്‍നിന്നാണ് ജെമീമക്ക് മെസേജുകള്‍ വന്നത്. ഇതോടെ ഫൈനലിനു ദിവസങ്ങള്‍ ശേഷിക്കെ, വാട്‌സ്ആപ്പ് താല്‍ക്കാലികമായി ഉപേക്ഷിക്കേണ്ടി വന്നുവെന്നും ക്രിക്ബസിന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു

''സെമി ഫൈനലിലെ ആ ഇന്നിങ്‌സിന് ശേഷം എന്റെ ഫോണ്‍ നിര്‍ത്താതെ ശബ്ദിച്ചുകൊണ്ടിരുന്നു. കോളുകളും മെസ്സേജുകളും കൊണ്ട് ഫോണ്‍ നിറഞ്ഞു. എനിക്ക് ആയിരത്തിലേറെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വന്നു. എന്നാല്‍ അതിന് മറുപടി നല്‍കാനായിരുന്നില്ല എന്റെ പ്രാഥമിക പരിഗണന. കാരണം ടൂര്‍ണമെന്റ് കഴിഞ്ഞിട്ടില്ല, ഫൈനല്‍ ഇനിയുമുണ്ട്.


ഒടുവില്‍ ഏകാഗ്രത കിട്ടാനായി വാട്‌സ്ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്തു. ഫൈനല്‍ കഴിയുന്നത് വരെ ഞാന്‍ വാട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തില്ല. ഞാന്‍ സോഷ്യല്‍ മീഡിയയില്‍നിന്നും പൂര്‍ണമായും വിട്ടുനിന്നു. ലോകകപ്പിന് ശേഷമാണ് പിന്നീട് സാമൂഹ മാധ്യമങ്ങളില്‍ സജീവമായത്'' -ജെമീമ പറഞ്ഞു.

ടൂര്‍ണമെന്റിനു ശേഷം സമൂഹമാധ്യമങ്ങളില്‍ തന്റെ പ്രകടനത്തിന്റെയോ തന്നെക്കുറിച്ച് ആരെങ്കിലും പറയുന്നതിന്റെയോ വിഡിയോ കണ്ടത് വലിയ അനുഭവമായിരുന്നുവെന്നും ജമീമ പറഞ്ഞു. സാധാരണ ഗതിയില്‍ നാലോ അഞ്ചോ പേരുടെ മെസേജുകളാണ് വാട്‌സ്ആപ്പില്‍ വരാറുണ്ടായിരുന്നത്.


എന്നാല്‍ സെമിയിലെ ആ പ്രകടനത്തിനു ശേഷം എണ്ണമറ്റ സന്ദേശങ്ങള്‍ വന്നത് എങ്ങനെ കൈകാര്യം ചെയ്യണമെന്നു പോലും തനിക്ക് മനസ്സിലായില്ലെന്ന് താരം കൂട്ടിച്ചേര്‍ത്തു. നേരത്തെ ടൂര്‍ണമെന്റിനിടെ താന്‍ കടന്നുപോയ മാനസിക പ്രയാസത്തെക്കുറിച്ചും താരം മനസ്സ് തുറന്നിരുന്നു. വിഷാദം അലട്ടിയ പല ഘട്ടങ്ങളിലും സഹതാരങ്ങളാണ് തനിക്ക് ഊര്‍ജം പകര്‍ന്നതെന്നും ജമീമ പറഞ്ഞു.

Tags:    

Similar News