83 ലെ സെമിയില്‍ ടീമിന് ബാറ്റിങ്ങിന് വിട്ട് കുളിച്ചെത്തിയ കപില്‍ കണ്ടത് തകര്‍ന്ന ബാറ്റിങ്ങ് നിരയെ; മൂന്നാം നമ്പറിലെക്കുള്ള സ്ഥാനക്കയറ്റം ജമീമ അറിഞ്ഞതും സമാനം; ഹോക്കി സ്റ്റിക്ക് പിടിച്ച കുഞ്ഞുകൈകളില്‍ ക്രിക്കറ്റ് ബാറ്റെത്തിയത് പന്ത്രണ്ടാം വയസ്സില്‍; വിമര്‍ശനങ്ങള്‍ക്ക് ബാറ്റ് കൊണ്ട് മറുപടി പറഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റിലെ ഡാന്‍സിങ്ങ് ക്വീന്‍ ജമീമ റോഡ്രിഗ്രസിന്റെ കഥ
ക്രിക്കറ്റിലെ ഡാന്‍സിങ്ങ് ക്വീന്‍ ജമീമ റോഡ്രിഗ്രസിന്റെ കഥ
നവിമുംബൈ: 1983 ലെ പുരുഷന്മാരുടെ ഏകദിന ലോകകപ്പ് സെമിഫൈനല്‍ മത്സരം.സിംബാവെയെ നേരിടുന്ന ഇന്ത്യയെ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ക്യാപ്റ്റന്റെ ഇന്നിങ്ങ്‌സിലൂടെ കപില്‍ദേവ് രക്ഷിച്ചെടുക്കുന്നു.ഒരു പക്ഷെ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റിന്റെ തന്നെ ഭാവി നിര്‍ണ്ണയിച്ച ഒരിന്നിങ്ങ്‌സായിരുന്നു കപിലിന്റെ ആ 175.ബിബിസി പണിമുടക്കിയതിനാല്‍ ടെലിവിഷനില്‍ തത്സമയം കാണാന്‍ സാധിക്കാതിരുന്ന ആ ഇന്നിങ്ങ്‌സിനൊപ്പം ചേര്‍ത്തുവെക്കാന്‍ കഴിയുന്ന പ്രകടനമാണ് 42 വര്‍ഷത്തിനിപ്പുറം കഴിഞ്ഞ ദിവസം നവിമുംബൈയിലെ സ്റ്റേഡിയത്തില്‍ ജമീ മ റോഡ്രിഗ്രസിന്റെതായി കായിക ലോകം കണ്ടത്. ഇനി ഒരു വിജയത്തിനപ്പുറം വിശ്വകിരീടത്തില്‍ മുത്തമിടാനായാല്‍ ഇന്ത്യന്‍ വനിത ക്രിക്കറ്റിന്റെ തന്നെ ഭാവി നിര്‍ണ്ണയിച്ച ഇന്നിങ്ങ്‌സായി ഇ 127 നെ ചരിത്രം രേഖപ്പെടുത്തും.
സ്മൃതി ഉള്‍പ്പടെ കൂടാരം കയറിയതോടെ ഓസ്‌ട്രേലിയ വിജയവും ഫൈനലും സ്വപ്നം കണ്ടു തുടങ്ങിയിരുന്നു.എന്നാല്‍ അവിടുന്നാണ് ക്യാപറ്റന്‍ ഹര്‍മ്മനെ കൂട്ട് പിടിച്ച് വിജയത്തിന് അടിത്തറ പാകിയ നിര്‍ണ്ണായക കൂട്ടുകെട്ടുണ്ടാക്കുന്നത്. എന്നാല്‍ ഇതാദ്യമായല്ല ജമീമ ഇന്ത്യന്‍ വനിത ബാറ്റിങ്ങിന്റെ നിര്‍ണ്ണായക ശക്തിയാകുന്നത്. ടി 20 വനിത ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഇന്നിങ്ങ്‌സ്,ഇക്കഴിഞ്ഞ ത്രിരാഷ്ട്ര പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഫൈനലിലേക്ക് വഴി തുറന്നത്, അങ്ങിനെ ജമീമയുടെ ബാറ്റിങ്ങ് മികവ് കണ്ട നിമിഷങ്ങള്‍ അനവധിയാണ്. പക്ഷെ അപ്പോഴും ആ പ്രതിഭയ്ക്ക് വേണ്ട പിന്തുണ ലഭിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.ഫോമിന്റെ പേരില്‍ കഴിഞ്ഞ ഏകദിന ലോകകപ്പിന്റെ ടീമില്‍ നിന്ന് തഴയപ്പെട്ട താരം ഇത്തവണ ലീഗ് മത്സരങ്ങളില്‍ ടീമിന് പുറത്തായിരുന്നു.ഒടുവില്‍ അതെ കൈ പിടിച്ചാണ് ഇന്ത്യ കലാശപ്പോരിലേക്ക് മുന്നേറിയത്. ഹോക്കി സ്റ്റിക്ക് പിടിച്ച കൈയിലേക്ക് കാലം ക്രിക്കറ്റ് ബാറ്റ് വച്ച് നല്‍കിയതിന് ചിലപ്പോള്‍ ഇങ്ങനെ കൂടി അര്‍ത്ഥങ്ങള്‍ ഉണ്ടായിരിക്കാം.
ഹോക്കി സ്റ്റിക്ക് പിടിച്ച ബാല്യം.. ക്രിക്കറ്റിലേക്കെത്തിയത് 12 ആം വയസ്സില്‍
ജെമിമ റോഡ്രിഗസ് മുംബൈയിലെ ഭാണ്ഡൂപ്പിലാണ് ജനിച്ചതും വളര്‍ന്നതും. സ്‌കൂളില്‍ ചെറിയ പ്രായത്തിലെ കായികമത്സരങ്ങളില്‍ മികവ് കാട്ടിയ ജെമിമ ക്രിക്കറ്റിലും ഹോക്കിയിലും അത്‌ലറ്റിക്‌സിലുമെല്ലാം സജീവമായിരുന്നു. സ്‌കൂളിലെ കായികപരിശീലകനായിരുന്നു ജെമിമയുടെ പിതാവ് ഇവാന്‍ റോഡ്രിഗസ്. കായികരംഗത്ത് മികച്ച സൌകര്യത്തിനായ ബാന്ദ്ര വെസ്റ്റിലെ സെന്റ് ജോസഫ് കോണ്‍വെന്റ് ഹൈസ്‌കൂളിലാണ് ജമെമിയെയും രണ്ടു സഹോദരന്‍മാരെയും ചേര്‍ത്തത്. ഹോക്കിയിലും ക്രിക്കറ്റിലും ഒരുപോലെ മികവ് കാട്ടിയാണ് ജെമിമ എന്ന കായികതാരം വളര്‍ന്നുവന്നത്.ഹോക്കി യോടായിരുന്നു കമ്പം കൂടുതല്‍. അതിനാല്‍ തന്നെ വൈകാതെ മഹാരാഷ്ട്ര അണ്ടര്‍ 17, അണ്ടര്‍ 19 ഹോക്കി ടീമുകളിലേക്ക് ജെമിമ റോഡ്രിഗസ് തിരഞ്ഞെടുക്കപ്പെട്ടു. ഹോക്കിക്കൊപ്പം ക്രിക്കറ്റിലും ജെമിമ ശ്രദ്ധിയൂന്നി.2012ല്‍ പന്ത്രണ്ടാം വയസില്‍ മഹാരാഷ്ട്രയുടെ അണ്ടര്‍-19 ക്രിക്കറ്റ് ടീമില്‍ ജെമിമ അരങ്ങേറ്റം കുറിച്ചു.
ക്രിക്കറ്റിലേക്ക് തിരിഞ്ഞ ജെമിമാ വളരെ വേഗം മികവ് തെളിയിച്ചു. മുംബൈ വനിതാ ക്രിക്കറ്റിലെ അനിഷേധ്യയായ ഓള്‍റൌണ്ടറായി അവര്‍ വളര്‍ന്നു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമിലേക്കുള്ള വരവും വളരെ വേഗത്തിലായിരുന്നു. 2018 ജൂണില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് മികച്ച ആഭ്യന്തര ജൂനിയര്‍ വനിതാ ക്രിക്കറ്റര്‍ക്കുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയതിന് പിന്നാലെയാണ് അവര്‍ സീനിയര്‍ ടീമിലേക്ക് വരുന്നത്.
ഇന്ത്യയുടെ വനിതാ ടീമില്‍ ഇടം നേടിയ ജെമിമ ഇതിനോടകം ഒട്ടനവധി നേട്ടങ്ങള്‍ കൈവരിച്ചുകഴിഞ്ഞു. സ്മൃതി മന്ദാനയ്ക്ക് ശേഷം 50 ഓവര്‍ ക്രിക്കറ്റ് മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ വനിതയാണ് ഇവര്‍. 2017 നവംബറില്‍ സൗരാഷ്ട്ര ടീമിനെതിരെ ഔറംഗബാദില്‍ വെറും 163 പന്തില്‍ 202* റണ്‍സാണ് അവര്‍ നേടിയത്. ഈ ഇന്നിംഗ്‌സില്‍ 21 ബൗണ്ടറികളും ഉള്‍പ്പെടുന്നു. അതിനുമുമ്പ്, അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ ഗുജറാത്തിനെതിരെ മുംബൈയ്ക്കുവേണ്ടി 142 പന്തില്‍ 178 റണ്‍സും അവര്‍ നേടിയിരുന്നു.
2018 ഫെബ്രുവരി 13-ന് ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്കായി അവര്‍ വനിതാ ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. 2018 മാര്‍ച്ച് 12-ന് ഓസ്ട്രേലിയ വനിതകള്‍ക്കെതിരെയാണ് ജെമിമയുടെ ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റം.
2021 മെയ് മാസത്തില്‍, ഇംഗ്ലണ്ടിനെതിരെയാണ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. അതിനിടെ ബാറ്റിങ്ങില്‍ ശ്രദ്ധേയമായ പ്രകടനം അവര്‍ തുടര്‍ന്നു. ഇംഗ്ലണ്ടിലെ പ്രാദേശിക ടി20 ടൂര്‍ണമെന്റില്‍ മിന്നുന്ന പ്രകടനം നടത്തിയ ജെമിമ റോഡ്രിഗസ് അവിടെ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമായി മാറി. 2021ല്‍ ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗിലും ജെമിമ കളിച്ചു. തൊട്ടടുത്ത വര്‍ഷം നടന്ന വനിത ലോകകപ് ടിമില്‍ ഇടം നേടാന്‍ ജമീമയ്ക്ക് സാധിച്ചില്ല. കിട്ടിയ അവസരങ്ങളില്‍ മികവ് തെളിയിച്ചപ്പോഴും ടീമില്‍ സ്ഥിരമായൊരു സാന്നിദ്ധ്യമാകാന്‍ ജമീമയ്ക്ക് കഴിഞ്ഞില്ല.
അച്ഛനെ ചൊല്ലിയും വിവാദം! പുറത്താക്കപ്പെട്ടത് പ്രിയപ്പെട്ട അക്കാദമയില്‍ നിന്ന്
കായികതാരമെന്ന നിലയില്‍ തന്റെ വളര്‍ച്ചയില്‍ കടപ്പെട്ടിരിക്കുന്നത് പിതാവിനോടാണെന്ന് ജെമിമ എപ്പോഴും പറയാറുണ്ട്.പക്ഷെ അതെ പിതാവിന്റെ പേരിലും ജമീമയ്ക്ക് കായിക ലോകത്തില്‍ തിരിച്ചടികള്‍ നേരിട്ടു. പരിശീലനം നടത്തിവന്ന ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് വരെ ജമീമ പുറത്താക്കപ്പെട്ടു.ജമീമയുടെ പിതാവ് മതപരിവര്‍ത്തനം ചെയ്യുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് മുംബൈയിലെ പഴക്കമേഴിയ ക്ലബ്ബുകളിലൊന്നായ ഖാര്‍ ജിംഖാനയില്‍ നിന്നാണ് താരത്തിനെതിരെ നടപടിയുണ്ടായത്.
ജമീമയുടെ പിതാവ് ക്ലബ്ബുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ മതപരമായ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നടപടി. ജമീമയുടെ പിതാവ് ഇവാന്റെ നേതൃത്വത്തില്‍ ക്ലബ്ബിന്റെ പരിസരപ്രദേശങ്ങളില്‍ ഉള്‍പ്പെടെ മതപരമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതായും മതപരിവര്‍ത്തനത്തിന് ഉള്‍പ്പെടെ വഴിയൊരുക്കുന്നതായുമാണ് ആരോപണം ഉയര്‍ന്നത്.
ഇതിനെതിരെ അംഗങ്ങളില്‍ ഒരു വിഭാഗം ശക്തമായ നിലപാടെടുത്തതോടെയാണ് ഇന്ത്യന്‍ താരത്തിന്റെ അംഗത്വം റദ്ദാക്കാന്‍ ക്ലബ്ബിന്റെ വാര്‍ഷിക പൊതുയോഗം തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലെ വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുത്തവര്‍ പാസാക്കിയ പ്രമേയത്തിലൂടെ, ജമീമ റോഡ്രിഗസിന് നല്‍കിയിരുന്ന മൂന്നു വര്‍ഷത്തെ ഓണററി മെംബര്‍ഷിപ് റദ്ദാക്കിയതായി ഖാര്‍ ജിംഖാന പ്രസിഡന്റ് വിവേക ദേവ്നാനി അറിയിച്ചു.
''ജമീമ റോഡ്രിഗസിന്റെ പിതാവ് ഇവാന്‍ ബ്രദര്‍ മാനുവല്‍ മിനിസ്ട്രീസ് എന്നു പേരുള്ള ഒരു സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ പ്രസിഡന്‍ഷ്യല്‍ ഹാള്‍ 35 പരിപാടികള്‍ക്കായാണ് ബുക്ക് ചെയ്തിരുന്നത്. അവിടെ എന്താണ് നടക്കുന്നതെന്നും ഞങ്ങള്‍ക്കറിയാം' ഖാര്‍ ജിംഖാന മാനേജിങ് കമ്മിറ്റി അംഗം ശിവ് മല്‍ഹോത്ര പറഞ്ഞു.
2023ലാണ് ഖാര്‍ ജിംഖാന ജമീമ റോഡ്രിഗസിനെ ക്ലബ്ബിന്റെ ഭാഗമാകാന്‍ ക്ഷണിച്ചത്. മൂന്നു വര്‍ഷത്തെ ഓണററി അംഗത്വവും പരിശീലനത്തിന് ഉള്‍പ്പെടെ ക്ലബ്ബിന്റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള അവസരവുമാണ് ജമീമയ്ക്ക് ലഭിച്ചിരുന്നത്.പുറത്താക്കപ്പെട്ടതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ജമീ മയ്ക്കും പിതാവിനും നേരിടേണ്ടി വന്നത്. പക്ഷെ അവയോടൊന്നും തന്നെ ഇ കായിക കുടുംബം പ്രതികരിച്ചില്ല.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഡാന്‍സിങ് ക്വീന്‍
ഗ്രൗണ്ടിലിറങ്ങിയാല്‍ ബാറ്റിങ്ങിലെയും ഫീല്‍ഡിങ്ങിലെയും മികവ് കൊണ്ടു മാത്രമല്ല, നൃത്തച്ചുവടുകള്‍ കൊണ്ടും ആരാധാകരെ കൈയിലെടുക്കാറുണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം ജമീമ റോഡ്രിഗ്‌സ്. വനിത പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ ബൗണ്ടറി ലൈനിനരികെ നിന്ന് കാണികളെ നോക്കി ഡാന്‍സ് ചെയ്തും എയര്‍പോര്‍ട്ടില്‍ സുരക്ഷാ ജീവനക്കാരിക്കൊപ്പം തന്റെ ആരാധകരായ യാത്രക്കാര്‍ക്കൊപ്പവുമൊക്കെ നൃത്തം ചെയ്യുന്ന ജമീമയുടെ വീഡിയോ സമുഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
പക്ഷെ നൃത്തത്തോടുള്ള ഈ കമ്പവും താരത്തിനുണ്ടാക്കിയ പൊല്ലാപ്പുകള്‍ ചെറുതല്ല.ഒരു തവണ പരാജയപ്പെട്ടാല്‍ താരത്തെ അടിക്കാനുള്ള വടിയായി പലരും ഈ ഡാന്‍സ് വീഡിയോയെ ഉപയോഗിച്ചു.ഡാന്‍സ് മാത്രമെയുള്ളു.. ഡാന്‍സിലെ ശ്രദ്ധ ഇടക്കൊക്കെ ക്രിക്കറ്റിലും കാണിക്കു തുടങ്ങി വിമര്‍ശനങ്ങള്‍ നിരവധിയായിരുന്നു. അവിടെയും തനിക്കിഷ്ടമുള്ള കാര്യങ്ങള്‍ വീണ്ടും തുടര്‍ന്ന് അനാവശ്യ പ്രതികരണത്തിലൂടെ വിവാദത്തിന് വഴിവെക്കാതെ മൗനം പാലിക്കുകയായിരുന്നു ജമീമ.
സെഞ്ച്വറിയിലും ആഘോഷമില്ല ! എനിക്കു വേണ്ടി പോരാടിയത് അവന്‍
കപില്‍ ദേവിന്റെ ഇന്നിങ്ങ്‌സുമായി ജമീമയുടെ ഇന്നിങ്ങ്‌സിനെ താരാതമ്യപ്പെടുത്തിയത് വെറുതെയല്ല 1983 ലെ സിംബാവെക്കെതിരാ സെമിയില്‍ തന്റെ ബാറ്റ്‌സ്മാന്‍മാരെ ബാറ്റിങ്ങിനയച്ച് കുളിക്കാന്‍ കയറിയ ക്യാപ്റ്റന്‍ കപില്‍ ദേവ് കുളികഴിഞ്ഞ് പുറത്തെത്തിയപ്പോള്‍ കണ്ടത് ഔട്ടായി തിരിച്ചെത്തിയ മുന്‍നിര താരങ്ങളെയാണ്.പിന്നീടാണ് സ്വയം ഉത്തരവാദിത്തം ഏറ്റെടുത്ത് കപില്‍ദേവ് ക്രിസിലേക്കെത്തിയതും ഐതിഹാസിക ഇന്നിങ്ങ്‌സ് പിറന്നതും.
ചരിത്രത്തിന്റെ ആവര്‍ത്തനമെന്നൊക്കെ പറയാവുന്ന കാഴ്ച്ചകള്‍ക്കാണ് ഇന്നലെ നവിമുംബൈ സാക്ഷ്യം വഹിച്ചത്. താനാണ് മുന്നാം നമ്പറില്‍ ഇറങ്ങുന്നതെന്ന കാര്യം പോലും ജമീമ അറിഞ്ഞത് ഇന്നിങ്ങ്‌സ് ബ്രേക്കിനിടെയുള്ള കുളിക്കിടെയായിരുന്നു.മത്സരശേഷമുള്ള പ്രതികരണത്തില്‍ ജമീമ തന്നെ ഇത് വ്യക്തമാക്കുകയും ചെയ്തു.
ഞാന്‍ മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നതെന്ന് അറിയില്ലായിരുന്നു. ഞാന്‍ കുളിക്കുകയായിരുന്നു. എന്നെ അറിയിച്ചാല്‍ മതിയെന്ന് അവരോട് പറഞ്ഞു. കളത്തിലിറങ്ങുന്നതിന് അഞ്ച് മിനിറ്റ് മുമ്പാണ് ഞാന്‍ മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നതെന്ന് അറിഞ്ഞത്. ആദ്യ റൗണ്ടില്‍ നിര്‍ണായക മത്സരങ്ങള്‍ തോറ്റതിനാല്‍, ഈ മത്സരം ഇന്ത്യയ്ക്ക് വേണ്ടി വിജയിക്കണമെന്ന് ഞാന്‍ ആ?ഗ്രഹിച്ചു. എന്റെ അര്‍ദ്ധ സെഞ്ച്വറിയോ സെഞ്ച്വറിയോ പ്രധാന്യമുള്ള കാര്യമല്ല. മറിച്ച് ഇന്ത്യയുടെ വിജയമാണ് പ്രധാനം'' ജമീമ റോഡ്രിഗസ് പറഞ്ഞു.
ടൂര്‍ണ്ണമെന്റില്‍ നേരിട്ട മാനസീക സമ്മര്‍ദ്ദത്തെ കുറിച്ചും ജമീമ സമ്മാനദാനത്തിനിടെ സംസാരിച്ചു.ആദ്യമല്‍സരങ്ങളിലടക്കം തന്റെ മോശം പ്രകടനം നല്‍കിയ പ്രയാസകരമായ സമയത്തെ നേരിടാന്‍ സഹായിച്ചതിന് ദൈവത്തിലുള്ള തന്റെ വിശ്വാസത്തെ അഭിനന്ദിക്കുകയും ചെയ്തു. 'ഈ ടൂറില്‍ ഞാന്‍ മിക്കവാറും എല്ലാ ദിവസവും കരഞ്ഞിട്ടുണ്ട്. മാനസികമായി സുഖമില്ല, മല്‍സരശേഷം ഉത്കണ്ഠയിലൂടെ കടന്നുപോകുന്നു. എന്റെ ഫോം ഞാന്‍ തന്നെ കണ്ടെത്തണമായിരുന്നു എനിക്കറിയാമായിരുന്നു, ദൈവം എല്ലാം നോക്കി. തുടക്കത്തില്‍, ഞാന്‍ കളിക്കുകയായിരുന്നു, ഞാന്‍ എന്നോട് തന്നെ സംസാരിച്ചുകൊണ്ടിരുന്നു. അവസാനം, ഞാന്‍ ബൈബിളില്‍ നിന്നുള്ള ഒരു തിരുവചനങ്ങള്‍ ഉദ്ധരിക്കുക മാത്രമാണ് ചെയ്തത് - നിശ്ചലമായി നില്‍ക്കുക, ദൈവം എനിക്കുവേണ്ടി പോരാടും. ഞാന്‍ അവിടെ നിന്നു, അവന്‍ എനിക്കുവേണ്ടി പോരാടി.'
ഹര്‍മന്‍പ്രീത് കൗര്‍ ക്രീസില്‍ എത്തിയപ്പോള്‍, ഇരുവരും ചേര്‍ന്ന് ശക്തമായ ഒരു കൂട്ടുകെട്ട് കെട്ടിപ്പടുത്ത് ഇന്ത്യയെ റെക്കോഡ് വിജയത്തിലേക്ക് നയിച്ചു. പിന്നീട്, ക്ഷീണം തോന്നിയപ്പോള്‍, ജെമീമ തന്റെ സഹതാരങ്ങളില്‍ ശക്തി കണ്ടെത്തി. പ്രത്യേകിച്ച് ദീപ്തി ശര്‍മ, ഓരോ ബോളിനും മുമ്പ് അവളോട് സംസാരിച്ചു, അവളുടെ ശ്രദ്ധയും ശാന്തതയും നിലനിര്‍ത്തി എല്ലാം ഒരു നല്ല പാര്‍ട്ണര്‍ഷിപ്പിനെകുറിച്ചായിരുന്നു. അവസാനം, ഞാന്‍ എന്നെത്തന്നെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചു, പക്ഷേ കഴിഞ്ഞില്ല.
ദീപ്തി ഓരോ പന്തിലും എന്നോട് സംസാരിച്ചു, എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. എനിക്ക് മുന്നോട്ട് പോകാന്‍ കഴിയാത്തപ്പോള്‍, എന്റെ സഹതാരങ്ങള്‍ക്ക് എന്നെ പ്രോത്സാഹിപ്പിക്കാന്‍ കഴിയും. ഒന്നിനും ക്രെഡിറ്റ് എടുക്കാന്‍ കഴിയില്ല, ഞാന്‍ സ്വന്തമായി ഒന്നും ചെയ്തില്ല. ആള്‍ക്കൂട്ടത്തിലെ ഓരോ അംഗവും പ്രോത്സാഹിപ്പിക്കുകയും, വിശ്വസിക്കുകയും, ഓരോ റണ്ണിനും അവര്‍ ആഹ്ലാദിക്കുകയും ചെയ്തു, അത് എന്നെ ഉത്തേജിപ്പിക്കുകയായിരുന്നു' ജമീമ പറഞ്ഞു നിര്‍ത്തി.
ഒരിക്കല്‍ ന്യൂസിലാന്റ് പര്യടനത്തിനിടെ വിരാട് കോഹ്ലിയെ കണ്ട സ്മൃതിയോടും ജമീമയോടും കോഹ്ലി പറഞ്ഞ കാര്യം ഇങ്ങനെയായിരുന്നു..നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും വനിതാ ക്രിക്കറ്റിനെ മാറ്റിമറിക്കാനുള്ള കരുത്തുണ്ട്, ആ മാറ്റം ഞാന്‍ കാണുന്നുണ്ട്'.. കോഹ്ലിയുടെ വാക്ക് അന്വര്‍ത്ഥമായ രാത്രിയായിരുന്നു ഇന്നലെ.ഫൈനലിലെ ഫലം എന്തായാലും കഴിഞ്ഞ ദിവസത്തെ റെക്കോര്‍ഡ് ചെസിങ്ങും അതില്‍ നെടും തുണായ ജമീമയുടെ ഇന്നിങ്ങ്‌സും ഇന്ത്യന്‍ വനിത ക്രിക്കറ്റ് ഉള്ളിടത്തോളം കാലം തങ്കലിപികളില്‍ തന്നെ ശോഭിക്കപ്പെടും.
