'സഞ്ജു ഭായി മൂത്ത സഹോദരനെപ്പോലെ, ഞങ്ങൾ മത്സരിക്കുന്നത് ഇന്ത്യന്‍ ടീമിലെത്താൻ'; ലഭിക്കുന്ന അവസരം പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കുമെന്നും ജിതേഷ് ശർമ

Update: 2025-12-10 12:36 GMT

കട്ടക്ക്: ഇന്ത്യൻ ടി20 ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റർ സ്ഥാനത്തിനായി സഞ്ജു സാംസണും താനും തമ്മിൽ ആരോഗ്യകരമായ മത്സരമാണുള്ളതെന്ന് യുവതാരം ജിതേഷ് ശർമ. സഞ്ജുവിനെ മൂത്ത സഹോദരനെപ്പോലെയാണ് താൻ കാണുന്നതെന്നും, ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ പ്ലേയിംഗ് ഇലവനിൽ ഇടം നേടിയ ജിതേഷ് വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20 മത്സരത്തിന് ശേഷം പ്ലേയിംഗ് ഇലവനിൽ സഞ്ജു സാംസണുമായി മത്സരമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജിതേഷ്. "സഞ്ജു ഭായി എന്നോടൊപ്പം ഈ ടീമിലുള്ളതും അദ്ദേഹത്തിന് കീഴിൽ എനിക്ക് കളിക്കാനാകുന്നതും വലിയ കാര്യമാണ്. സഞ്ജു എനിക്ക് മൂത്ത സഹോദരനെപ്പോലെയാണ്. പ്ലേയിംഗ് ഇലവനിൽ ഇടം നേടുന്നതിനായി ഞങ്ങൾ തമ്മിൽ ആരോഗ്യകരമായ മത്സരമുണ്ട്. ഞങ്ങൾ രണ്ടുപേരും ഇന്ത്യൻ ടീമിലെത്താനാണ് ശ്രമിക്കുന്നത്. മറ്റ് ടീമുകൾക്ക് വേണ്ടിയല്ല," ജിതേഷ് ശർമ പറഞ്ഞു.

ആരോഗ്യകരമായ മത്സരം നിങ്ങളുടെ കഴിവുകൾ പുറത്തുകൊണ്ടുവരാൻ സഹായിക്കും. ഇത് ടീമിനും നല്ലതാണ്. ഇന്ത്യൻ ടീമിൽ ഒരുപാട് കഴിവുള്ള താരങ്ങളുണ്ട്. ഞങ്ങൾ പരസ്പരം അനുഭവങ്ങൾ പങ്കുവെക്കാറുണ്ട്. കീപ്പിംഗിലും ബാറ്റിംഗിലും സഞ്ജു എന്നെ ഒരുപാട് സഹായിക്കാറുണ്ടെന്നും ജിതേഷ് ശർമ്മ കൂട്ടിച്ചേർത്തു. "എനിക്ക് ലഭിക്കുന്ന അവസരം പരമാവധി ഉപയോഗപ്പെടുത്താൻ ഞാൻ ശ്രമിക്കും. ടീം മാനേജ്‌മെന്റിൽ നിന്ന് എന്റെ റോളിനെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടെന്നും താരം വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ ജിതേഷിന് ടീമിൽ ഇടം ലഭിച്ചപ്പോൾ സഞ്ജുവിന് ബെഞ്ചിലായിരുന്നു സ്ഥാനം. തുടർച്ചയായ നാലാം മത്സരത്തിലാണ് ജിതേഷ് സഞ്ജുവിന് പകരം പ്ലേയിംഗ് ഇലവനിൽ കളിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അവസാന മൂന്ന് കളികളിലും സഞ്ജുവിന് പകരം ജിതേഷായിരുന്നു പ്ലേയിംഗ് ഇലവനിൽ ഇറങ്ങിയത്.

കഴിഞ്ഞ വർഷം മൂന്ന് സെഞ്ച്വറികൾ ഉൾപ്പെടെ 436 റൺസുമായി ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ ടി20 റൺസ് നേടിയ സഞ്ജു സാംസൺ, അഭിഷേക് ശർമ്മയുമായി മികച്ച ഓപ്പണിങ് കൂട്ടുകെട്ടും കെട്ടിപ്പടുത്തിരുന്നു. എന്നാൽ ടി20യിലെ ടോപ് ഓർഡറിലേക്ക് ശുഭ്മാൻ ഗിൽ തിരിച്ചെത്തിയതോടെയാണ് സഞ്ജുവിന് ഓപ്പണിങ് സ്ഥാനം നഷ്ടമായത്. ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്റർ സ്ഥാനത്തേക്കുള്ള ഈ ആരോഗ്യകരമായ മത്സരം ആരെയെത്തിക്കുമെന്നത് ആരാധകർ ഉറ്റുനോക്കുകയാണ്.

Tags:    

Similar News