'ടി20 ലോകകപ്പിന് ഫിറ്റ്നസ് വീണ്ടെടുക്കണം'; ഓസ്‌ട്രേലിയൻ പേസർ ജോഷ് ഹേസല്‍വുഡിന് ആഷസ് പരമ്പര നഷ്ടമാകും; ടീമിൽ തിരിച്ചെത്തി പാറ്റ് കമ്മിന്‍സ്

Update: 2025-12-09 09:53 GMT

മെല്‍ബണ്‍: പേസര്‍ ജോഷ് ഹേസല്‍വുഡിന് ആഷസ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. അതേസമയം, ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് അഡ്‌ലെയ്ഡില്‍ ഡിസംബര്‍ 17 മുതല്‍ 21 വരെ നടക്കുന്ന മൂന്നാം ടെസ്റ്റിനായി ടീമിലേക്ക് തിരിച്ചെത്തും. പെര്‍ത്തിലും ബ്രിസ്‌ബേനിലും നടന്ന ആദ്യ രണ്ട് ടെസ്റ്റുകളിലെ വിജയത്തോടെ ഓസ്ട്രേലിയ നിലവിൽ പരമ്പരയിൽ 2-0ന് മുന്നിലാണ്.

ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിനിടെ ഏറ്റ ഹാംസ്ട്രിംഗ് പരിക്ക് കാരണം ഹേസല്‍വുഡിന് ആദ്യ രണ്ട് ടെസ്റ്റുകളിൽ കളിക്കാനായിരുന്നില്ല. രണ്ടാം ടെസ്റ്റിന് മുന്നോടിയായി ബ്രിസ്‌ബേനിലെ ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം ചേരാനിരിക്കെയാണ് ഉപ്പൂറ്റിക്ക് വേദന അനുഭവപ്പെട്ടത്. ഇതോടെയാണ് അദ്ദേഹത്തിന് പരമ്പര പൂർണ്ണമായും നഷ്ടമായത്. ഹേസൽവുഡിന് ആഷസ് പരമ്പരയിൽ കളിക്കാനാകാത്തത് നിരാശാജനകമാണെന്ന് ഓസ്‌ട്രേലിയന്‍ മുഖ്യ പരിശീലകന്‍ ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ് മാധ്യമങ്ങളെ അറിയിച്ചു.

"നിർഭാഗ്യവശാൽ, ജോഷ് ആഷസിന്റെ ഭാഗമാകില്ല. ഇത് നിരാശപ്പെടുത്തുന്ന വാർത്തയാണ്. പരമ്പരയിൽ അദ്ദേഹം വലിയ പങ്കുവഹിക്കുമെന്ന് ഞങ്ങൾ കരുതിയിരുന്നു. എന്നാൽ, ഇത് തികച്ചും വ്യത്യസ്തമായ ഒരു പരിക്കാണ്. 2026-ൽ ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിന് പൂർണ്ണമായും ഫിറ്റ്നസ് വീണ്ടെടുക്കുന്നതിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ," മക്‌ഡൊണാള്‍ഡ് വ്യക്തമാക്കി.

ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്നാം ടെസ്റ്റില്‍ തിരിച്ചെത്തുന്നതോടെ സ്റ്റീവന്‍ സ്മിത്ത് നായകസ്ഥാനത്ത് നിന്ന് മാറും. കമ്മിന്‍സിന്റെയും ഹേസല്‍വുഡിന്റെയും അഭാവത്തിൽ മിച്ചല്‍ സ്റ്റാര്‍ക്ക് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. രണ്ട് മത്സരങ്ങളിലായി 18 വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റാർക്ക്, ബ്രിസ്‌ബേനില്‍ 77 റൺസ് നേടി ബാറ്റിംഗിലും തന്റെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റി.

Tags:    

Similar News