'പ്രിയപ്പെട്ട ക്രിക്കറ്റ്, എനിക്ക് ഒരു അവസരംകൂടി തരൂ...'; ആദ്യ സെഞ്ചുറിതന്നെ ഡബിളും ട്രിപ്പിളുമാക്കി ഗാരി സോബേഴ്സിനും ബോബ് സിംപ്സണുമൊപ്പമെത്തിയ മലയാളി താരം; എട്ടുവര്‍ഷം നീണ്ട കഠിനാധ്വാനത്തിനും കാത്തിരിപ്പിനും ഒടുവില്‍ കരുണ്‍ ലക്ഷ്യത്തില്‍; കടുത്ത അനീതിക്ക് ബിസിസിഐയുടെ പ്രായശ്ചിത്വം
കടുത്ത അനീതിക്ക് ബിസിസിഐയുടെ പ്രായശ്ചിത്വം
മുംബൈ: ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ സെഞ്ചുറിതന്നെ ഡബിളും ട്രിപ്പിളുമാക്കി ആരാധകമനസ്സില്‍ ഇടംപിടിച്ച മലയാളി താരം. ആദ്യ സെഞ്ചുറി തന്നെ ട്രിപ്പിളാക്കി മാറ്റി ലോകത്തെതന്നെ മൂന്നാമത്തെ താരമായ കരുണ്‍ ആ റെക്കോര്‍ഡ് പങ്കിട്ടത് ലോകക്രിക്കറ്റിലെ ഇതിഹാസങ്ങളായ ഗാരി സോബേഴ്സിനും ബോബ് സിംപ്സണുമൊപ്പമായിരുന്നു. ഇന്ത്യന്‍ ടീമിന്റെ മധ്യനിരയില്‍ സ്ഥാനം ഉറപ്പിച്ചു എന്ന് എല്ലാവരും പ്രതിക്ഷിച്ചു. എന്നാല്‍ ട്രിപ്പിള്‍ സെഞ്ചുറിക്ക് ശേഷം കരുണ്‍ ഇന്ത്യയ്ക്കായി കളിച്ചത് മൂന്ന് മല്‍സരങ്ങള്‍ മാത്രമാണ്. കുതിച്ചുയര്‍ന്ന കരിയര്‍ ഗ്രാഫും റണ്‍നിരക്കും അതിവേഗം താഴേക്ക് കൂപ്പുകുത്തി. പതിയെ കരുണ്‍ നായര്‍, പ്രതിഭാധാരാളിത്തമുള്ള ഇന്ത്യന്‍ ക്രിക്കറ്റിന്റെ ടാലന്റ് പൂളില്‍ നിന്ന് തന്നെ അപ്രത്യക്ഷനായി. അത്രത്തോളമൊന്നും ടാലന്റ് ഇല്ലാത്ത പലമുഖങ്ങളും ഇതിനിടെ ഇന്ത്യയുടെ മധ്യനിരയില്‍ വന്നുപോയി.
ഒടുവില്‍ എട്ടുവര്‍ഷം നീണ്ട കഠിനാധ്വാനത്തിനും കാത്തിരിപ്പിനും നിതാന്ത പരിശ്രമത്തിനും ഒടുവില്‍ അഭ്യന്തര ക്രിക്കറ്റിലെ ആര്‍ക്കും അവഗണിക്കാന്‍ കഴിയാത്ത റെക്കോര്‍ഡുകളോടെ ക്രിക്കറ്റ് കരുണിന് അര്‍ഹമായത് തിരിച്ചുതന്നിരിക്കുന്നു. 33ാം വയസില്‍ വീണ്ടും ഇന്ത്യയുടെ നീല തൊപ്പിയും വെള്ളജേഴ്‌സിയുമണിഞ്ഞ് കരുണ്‍ നായര്‍ ഒരിക്കല്‍ കൂടി ഇന്ത്യക്കായി കളത്തിലിറങ്ങും. അടുത്ത മാസം ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞുള്ള കരുണ്‍ നായരുടെ തിരിച്ചുവരവിന് കാത്തിരിപ്പിലാണ് ആരാധകര്‍. പരിശീലകന്‍ ഗൗതം ഗംഭീര്‍ അനുകൂല നിലപാട് സ്വീകരിച്ചാല്‍ ഉറപ്പായും ആദ്യ ടെസ്റ്റിന്റെ പ്ലേയിംഗ് ഇലവനില്‍ കരുണ്‍ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ.
'പ്രിയപ്പെട്ട ക്രിക്കറ്റ്, എനിക്ക് ഒരു അവസരംകൂടി തരൂ...' ഇന്ത്യന്‍ താരത്തിലേക്കുള്ള വളര്‍ച്ചയില്‍ നിര്‍ണായക ചവിട്ടുപടിയായ കര്‍ണാടകയുടെ രഞ്ജി ടീമില്‍ ഇടം ലഭിക്കാത്തില്‍ നിരാശനായ കരുണ്‍ നായര്‍ ഒരിക്കല്‍ ട്വിറ്ററില്‍ കുറിച്ച വാക്കുകളായിരുന്നു ഇത്. വീരേന്ദര്‍ സേവാഗിനു ശേഷം ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചറി നേടിയ ഏകതാരത്തിന്റെ ട്വീറ്റ് ക്രിക്കറ്റ് ആരാധകരുടെ വേദനയായി മാറിയിരുന്നു. എല്ലാം അവസാനിച്ചെന്ന് തോന്നിയിടത്തുനിന്നും തോറ്റുപിന്‍മാറി ശീലമില്ലാത്തവന്റെ തിരിച്ചുവരവാണ് പിന്നീട് കണ്ടത്. വിദര്‍ഭയ്ക്കായി പാഡുകെട്ടി മിന്നുന്ന പ്രകടനത്തിലൂടെ വീണ്ടും ഇന്ത്യന്‍ ടീമിന്റെ വാതില്‍ തള്ളിത്തുറന്നിരിക്കുന്നു. ഒരിക്കല്‍ തന്നെ തഴഞ്ഞ അതേ ബിസിസിഐ നേതൃത്വം ഇന്ത്യയുടെ മധ്യനിരയിലേക്ക് കരുണിനെ ഇത്തവണ ഒഴിവാക്കാന്‍ കഴിയാത്ത വിധം ആധികാരികതയോടെ തിരിച്ചുവിളിച്ചിരിക്കുന്നു.
ആഭ്യന്തര ക്രിക്കറ്റിലും ഇംഗ്ലീഷ് കൗണ്ടിയിലും മിന്നിത്തെളിഞ്ഞാണ് തിരിച്ചുവരവ്. കരിയറിന്റെ ഒരു ഘട്ടത്തില്‍ ഐപിഎല്‍ താരലേലത്തില്‍ ആരും സ്വന്തമാക്കാതിരുന്ന കരുണ്‍ പോയത് ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലേക്കായിരുന്നു. പിന്നെ കരുണ്‍ നായര്‍ എന്ന പേര് തലക്കെട്ടുകളില്‍ തെളിഞ്ഞത് ഒരു ഇരട്ടസെഞ്ചുറിയുടെ പേരില്‍. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ നോര്‍ത്താംപ്ടന്‍ഷറിനായി കളത്തിലിറങ്ങി. ഗ്ലമോര്‍ഗനെതിരെ 253 പന്തില്‍ 202 റണ്‍സ് നേടി താന്‍ എവിടെയും പോയിട്ടില്ലെന്ന സൂചന നല്‍കി. മുഹമ്മദ് അസ്ഹറുദ്ദീന്‍, ചേതേശ്വര്‍ പൂജാര എന്നിവര്‍ക്ക് ശേഷം ഇംഗ്ലിഷ് കൗണ്ടിയില്‍ ഇരട്ടസെഞ്ചറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി ബെംഗളൂരു മലയാളിയായ കരുണ്‍ നായര്‍.
ഒഴിവാക്കിയിടത്തുനിന്നൊക്കെ അധികം കാത്തുനില്‍ക്കാതെ കരുണ്‍ പുതിയ ഇടം തേടിയിറങ്ങി. കര്‍ണാടക രഞ്ജി ട്രോഫി ടീമില്‍ അവസരം ലഭിക്കാതിരുന്ന കരുണ്‍ നായര്‍ എത്തിയത് വിദര്‍ഭയില്‍. ആദ്യ സീസണില്‍ നേട്ടം പത്തുമല്‍സരങ്ങളില്‍ 690 റണ്‍സ്. 2024 25 സീസണില്‍ ഒന്‍പത് മല്‍സരങ്ങളില്‍ നിന്ന് 863 റണ്‍സുമായി വിദര്‍ഭയെ കിരീടത്തിലേക്ക് നയിച്ചു. ഫൈനലില്‍ കേരളത്തെ തോല്‍പിച്ചു കളഞ്ഞത് കരുണിന്റെ നിര്‍ണായക ഇന്നിങ്‌സായിരുന്നു.
ലിസ്റ്റ് എ മല്‍സരങ്ങളില്‍ പുറത്താകാതെ കൂടുതല്‍ റണ്‍സ് എന്ന റെക്കോര്‍ഡാണ് തീപ്പൊരി ഫോമിലുള്ള കരുണ്‍ നായര്‍ ഇക്കുറി പേരിലാക്കിയത്. വിജയ് ഹസാരെ ട്രോഫിയില്‍ ഒരു ബോളര്‍ക്കു മുന്നിലും കീഴടങ്ങാതെ കരുണ്‍ കുറിച്ചത് 542 റണ്‍സ്. ഇതോടെ കരുണിനെ കണ്ടില്ലെന്ന് നടിക്കാന്‍ ഐപിഎല്‍ ടീമുകള്‍ക്ക് കഴിയാതെപോയി. താരലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക്.
മുംൈബ ഇന്ത്യന്‍സിനെതിരായ ആദ്യമല്‍സരത്തില്‍ 40 പന്തില്‍ 89 റണ്‍സുമായി കരുണ്‍ ക്ലാസ് ഈസ് പെര്‍മനന്റ് എന്ന് തെളിയിച്ചു. ടെസ്റ്റ് ടീമിലെത്താന്‍ ആഭ്യന്തര ക്രിക്കറ്റിലും മികവുകാട്ടണമെന്ന പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നിലപാടും കരുണ്‍ നായര്‍ക്ക് അനുകൂലമായി. ഒപ്പം കൗണ്ടി ക്രിക്കറ്റ് കളിച്ചുള്ള ഇംഗ്ലീഷ് സാഹചര്യങ്ങളെക്കുറിച്ചുള്ള പരിചയവും ടീമിലേക്കുള്ള തിരിച്ചുവരവില്‍ നിര്‍ണായകമായി
രഞ്ജിയിലും വിജയ് ഹസാരെ ട്രോഫിയിലും മനുഷ്യസാധ്യമായതിന്റെ പരമാവധിയില്‍ ബാറ്റേന്തിയിട്ടും തഴയപ്പെടേണ്ടിവന്ന ചരിത്രം ഇനി മറക്കാം. ടെസ്റ്റില്‍ മൂന്നക്കം തൊട്ടിട്ടും കാര്യമായി അവസരം ലഭിക്കാതെ അവഗണിക്കപ്പെട്ടെങ്കിലും അവസാനം രോഹിത്തും കോലിയും പടിയിറങ്ങിയപ്പോള്‍ ബിസിസിഐയുടെ കണ്ണുകള്‍ പതിഞ്ഞത് മലയാളി താരത്തിന്റെ ബാറ്റിംഗ് മികവിലേക്കാണ്. അത് അയാള്‍ക്കുള്ള അംഗീകാരം കൂടിയാകുന്നുണ്ട്.
33-കാരനായ താരം എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവസാനമായി ഇന്ത്യക്കായി പാഡണിഞ്ഞത്. കൃത്യമായി പറഞ്ഞാല്‍ 2017 ല്‍ ഓസീസിനെതിരായ ടെസ്റ്റ് മത്സരത്തില്‍. ആ ടെസ്റ്റും പരമ്പരയും ഇന്ത്യ വിജയിച്ചുകയറിയെങ്കിലും കരുണ്‍നായരെ പിന്നീട് റെഡ്‌ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ പരിഗണിച്ചതേയില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ഒട്ടേറെ പരമ്പരകള്‍ ഇന്ത്യ കളിച്ചുവെങ്കിലും ഒരു സ്‌ക്വാഡിലും ആ പേര് ഉള്‍പ്പെട്ടില്ല. മുതിര്‍ന്ന താരങ്ങളടക്കം തുടര്‍ച്ചയായി നിരാശപ്പെടുത്തുമ്പോഴാണ് സെലക്ടര്‍മാര്‍ ഈ നിലപാട് തുടര്‍ന്നത്. ആഭ്യന്തര ക്രിക്കറ്റിലെ താരങ്ങളെ പാടെ അവഗണിക്കുന്ന സമീപനമാണ് ബിസിസിഐ സ്വീകരിച്ചത്. ടൂര്‍ണമെന്റുകളില്‍ മിന്നും ഫോം തുടരുമ്പോഴാണ് കരുണുള്‍പ്പെടെയുള്ളവര്‍ക്ക് പുറത്തിരിക്കേണ്ടിവന്നത് എന്നതാണ് അത് നീതികേടായി മാറുന്നത്.
അഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കരുണ്‍ നായര്‍ ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് പലതവണ കേട്ടിരുന്നതാണ്. എന്നാല്‍ സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡിലും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും താരം ഉള്‍പ്പെട്ടിരുന്നില്ല. എല്ലാവരെയും ടീമില്‍ ഉള്‍പ്പെടുത്താനാവില്ലല്ലോ എന്നാണ് ഇത് സംബന്ധിച്ച് മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍ അന്ന് പ്രതികരിച്ചത്. ഇത് സംബന്ധിച്ച് അഗാര്‍ക്കര്‍ വ്യക്തമായ മറുപടി നല്‍കിയത് നന്നായെന്നായിരുന്നു കരുണിന്റെ മറുപടി. 'ഒരു താരത്തിന് എന്താണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ച് മനസിലാക്കാന്‍ ഈ പ്രസ്താവന സഹായിക്കും. ഞാന്‍ അടുത്ത മത്സരത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ്' കരുണ്‍ നായര്‍ പറഞ്ഞു. കഴിഞ്ഞ 3-4 വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതിനായി കഠിനാധ്വാനം നടത്തുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞുവെച്ചത്.
വിരേന്ദര്‍ സേവാഗിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ചുറി നേടിയ ഒരേയൊരു താരമാണ് മലയാളികൂടിയായ കരുണ്‍ നായര്‍. ഇംഗ്ലണ്ടിനെതിരെ ചെപ്പോക്കിലാണ്. താരം ട്രിപ്പിള്‍ സെഞ്ചുറി തികച്ചത്. മത്സരത്തില്‍ ഇന്ത്യക്കായി 381 പന്തില്‍ 303 റണ്‍സാണ് നേടിയത്. പിന്നീട് താരത്തിന് ഇന്ത്യന്‍ ടീമിലേക്ക് കാര്യമായ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ വീണ്ടും ഒരവസരം താരത്തിന് കൈവന്നിരിക്കുന്നു. ഇംഗ്ലണ്ട് പര്യടനത്തില്‍ ആ അവസരം മുതലാക്കുമെന്ന പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്.