അണ്ടർ 15 വനിതാ ഏകദിന ടൂർണമെൻറ്; കേരളത്തിന് വിജയത്തുടക്കം; കരുത്തരായ മുംബൈയെ പരാജയപ്പെടുത്തിയത് എട്ട് വിക്കറ്റിന്
ഇൻഡോർ: അണ്ടർ 15 വനിതാ ഏകദിന ടൂർണമെന്റിൽ കരുത്തരായ മുംബൈയെ എട്ട് വിക്കറ്റിന് തകർത്ത് കേരളത്തിന് വിജയത്തുടക്കം. 35 ഓവർ മത്സരത്തിൽ മുംബൈ ഉയർത്തിയ 120 റൺസ് വിജയലക്ഷ്യം കേരളം 27.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ 31 ഓവറിൽ 119 റൺസിന് എല്ലാവരും പുറത്തായി.
രണ്ടാം ഓവറിൽ അഞ്ച് റൺസെടുത്ത വേദിക നികാമിനെ ജൊഹീന ജിക്കുപാൽ റണ്ണൗട്ടാക്കിയതോടെയാണ് മുംബൈയുടെ തകർച്ച ആരംഭിച്ചത്. തുടർന്ന് ക്യാപ്റ്റൻ റിയ ഥാക്കൂറും സൊനാക്ഷി സോളങ്കിയും 37 റൺസ് കൂട്ടിച്ചേർത്തെങ്കിലും, സൊനാക്ഷി (25), റിയ (18) എന്നിവർ അടുത്തടുത്ത ഓവറുകളിൽ പുറത്തായത് മുംബൈയുടെ ബാറ്റിങ് തകർച്ചയ്ക്ക് വഴിയൊരുക്കി.
26 റൺസെടുത്ത മുദ്ര മാത്രമാണ് പിന്നീട് മുംബൈ നിരയിൽ അൽപ്പമെങ്കിലും ചെറുത്തുനിന്നത്. കേരളത്തിനായി വൈഗ അഖിലേഷും ആര്യനന്ദയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. 120 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കേരളത്തിന് ഓപ്പണർമാരായ വൈഗ അഖിലേഷും ഇവാന ഷാനിയും മികച്ച തുടക്കം നൽകി. ഇരുവരും ചേർന്ന് 55 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
33 റൺസെടുത്ത ഇവാന ഷാനി പുറത്തായെങ്കിലും, വൈഗ അഖിലേഷും പിന്നീട് ക്രീസിലെത്തിയ ആര്യനന്ദയും ചേർന്ന് കേരളത്തെ വിജയത്തിലേക്ക് നയിച്ചു. വിജയത്തിന് പത്ത് റൺസകലെ 49 റൺസെടുത്ത വൈഗ പുറത്തായി. 34 റൺസുമായി ആര്യനന്ദ പുറത്താകാതെ നിന്നു. 27.4 ഓവറിൽ ലക്ഷ്യം കണ്ട കേരളം എട്ട് വിക്കറ്റിന്റെ ആധികാരിക വിജയം സ്വന്തമാക്കി ടൂർണമെന്റിൽ മികച്ച തുടക്കം കുറിച്ചു.