പുതുവര്‍ഷദിനത്തില്‍ ദുഃഖവാര്‍ത്ത; സിംബാബ്വേ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയുടെ സഹോദരന്‍ അന്തരിച്ചു; അന്ത്യം പതിമൂന്നാം വയസ്സില്‍; അനുശോചനം രേഖപ്പെടുത്തി ക്രിക്കറ്റ് ലോകം
ഹരാരെ: സിംബാബ്വെ ട്വന്റി20 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയുടെ ഇളയ സഹോദരന്‍ അന്തരിച്ചു. 13-കാരനായ മുഹമ്മദ് മഹ്ദി അന്തരിച്ചതായി സിംബാബ്വേ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ജനിതക രക്ത രോഗമായ ഹീമോഫീലിയ ബാധിതനായിരുന്നു മഹ്ദി. ഡിസംബര്‍ 30-നാണ് മഹ്ദിയുടെ ആകസ്മിക വിയോഗമെന്നും ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ക്രിക്കറ്റ് ബോര്‍ഡിന്റെ പോസ്റ്റ് സിക്കന്ദര്‍ റാസ പങ്കുവെച്ചിട്ടുമുണ്ട്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
''2025 ഡിസംബര്‍ 29ന് ഹരാരെയില്‍ വച്ച് 13ാം വയസ്സില്‍ അന്തരിച്ച തന്റെ പ്രിയപ്പെട്ട ഇളയ സഹോദരന്‍ മുഹമ്മദ് മഹ്ദിയുടെ അകാല വിയോഗത്തില്‍ ദുഃഖത്തിലായ സിംബാബ്വെ ടി20 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയ്ക്കും കുടുംബത്തിനും സിംബാബ്വെ ക്രിക്കറ്റ് (ഇസെഡ്സി) ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു.'' പ്രസ്താവനയില്‍ പറഞ്ഞു.
ഹീമോഫീലിയ രോഗബാധിതനായിരുന്ന മുഹമ്മദ് മഹ്ദി, രോഗം മൂര്‍ച്ഛിച്ചതിനു പിന്നാലെയാണ് ഡിസംബര്‍ 29ന്, 13ാം വയസ്സില്‍ വിടവാങ്ങിയത്. ഹരാരെയിലെ വാറന്‍ ഹില്‍സ് സെമിത്തേരിയില്‍ ഡിസംബര്‍ 30നു സംസ്‌കാരം നടത്തി. പുരുഷന്മാരെ മാത്രം ബാധിക്കുന്ന ഒരു പ്രത്യേകതരം ജനിതക രക്തരോഗമാണ് 'ഹീമോഫിലിയ'. ചെറുതായി തട്ടുകയോ മുട്ടുകയോ ചെയ്യുമ്പോള്‍ മുട്ടിയ സ്ഥലത്ത് അമിതമായി രക്തസ്രാവം ഉണ്ടാകുന്നതാണ് ഈ രോഗം.
''ഈ വേദനാജനകമായ സമയത്ത് സിക്കന്ദര്‍ റാസയ്ക്കും കുടുംബത്തിനുമൊപ്പം സിംബാബ്വെ ക്രിക്കറ്റ് ബോര്‍ഡും മാനേജ്മെന്റും കളിക്കാരും ജീവനക്കാരും ഒറ്റക്കെട്ടായി നിലകൊള്ളുന്നു. ദൈവം അവര്‍ക്ക് ആശ്വാസവും ശക്തിയും നല്‍കട്ടെ. മുഹമ്മദ് മഹ്ദിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.'' സിംബാബ്വെ ക്രിക്കറ്റ് പ്രസ്താവനയില്‍ പറയുന്നു. 'ഹര്‍ട്ട് ബ്രോക്കണ്‍' ഇമോജിയിട്ട് റാസയും കുറിപ്പ് ഷെയര്‍ ചെയ്തു.
ക്രിക്കറ്റ് കരിയറില്‍ നേട്ടങ്ങളുടെ വര്‍ഷം കടന്നുപോകുമ്പോഴാണ് റാസയുടെ ജീവിതത്തില്‍ വ്യക്തിപരമായ നഷ്ടം ഉണ്ടാകുന്നത്. 2025ലെ ഐഎല്‍ടി20 ടൂര്‍ണമെന്റിലാണ് സിക്കന്ദര്‍ റാസ അവസാനമായി കളിച്ചത്. ഷാര്‍ജ വാരിയേഴ്‌സ് താരമായ റാസ, ടൂര്‍ണമെന്റിലെ 10 മത്സരങ്ങളില്‍നിന്ന് 171 റണ്‍സും 10 വിക്കറ്റുകളും നേടി. ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പില്‍ സിംബാബ്വെ നയിക്കുന്നതും സിക്കന്ദര്‍ റാസയാണ്.
നിലവില്‍ ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് സിക്കന്ദര്‍ റാസ. റാസയാണ് സിംബാബ്വേയുടെ ടി20 ടീമിനെ നയിക്കുന്നത്. ലോകക്രിക്കറ്റിലെ തന്നെ അറിയപ്പെടുന്ന ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് റാസ. പാകിസ്താനിലാണ് റാസ ജനിക്കുന്നത്. ലോകകപ്പുള്‍പ്പെടെ രാജ്യാന്തര മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിനിടെയാണ് സഹോദരന്റെ ആകസ്മിക വിയോഗം. ക്രിക്കറ്റ് ലോകം ഒന്നടങ്കം അനുശോചന സന്ദേശങ്ങള്‍ അറിയിക്കുകയാണ്.
