ലോകകപ്പിന്റെ നിലനില്‍പ്പ് തന്നെ ഇന്ത്യ- പാക്ക് മത്സരത്തില്‍; നടന്നില്ലെങ്കില്‍ കോടികളുടെ നഷ്ടം; ബഹിഷ്‌കരണ ഭീഷണിയില്‍ പിസിബിക്ക് മുന്നറിയിപ്പുമായി ഐസിസി; 316 കോടിയുടെ വിഹിതം തടയാനും അച്ചടക്ക നടപടിക്കും സാധ്യത; ഇന്ത്യന്‍ ടീം കൊളംബോയിലെത്തും; മത്സരം ഉപേക്ഷിക്കുന്നത് വരെ സ്റ്റേഡിയത്തില്‍ തുടരുമെന്ന് ബിസിസിഐ; ക്രിക്കറ്റിലെ 'അയല്‍പ്പോര്' കനക്കുന്നു
ദുബായ്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന പാക്കിസ്ഥാന്റെ ഭീഷണിക്കിടെ മുന്നറിയിപ്പുമായി ഇന്റര്‍നാഷ്ണല്‍ ക്രിക്കറ്റ് കൗണ്‍സില്‍. തീരുമാനത്തിന്റെ പ്രത്യാഘാതം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരിടേണ്ടി വരുമെന്നാണ് ഐസിസി മുന്നറിയിപ്പ് നല്‍കിയത്. രാഷ്ട്രീയ കാരണങ്ങളാല്‍ ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കുന്നത് ലോക ക്രിക്കറ്റിന്റെ താത്പര്യത്തിന് വിരുദ്ധമാണെന്ന് ഐസിസി ഓര്‍മ്മിപ്പിച്ചു. എല്ലാവര്‍ക്കും സ്വീകാര്യമായ പരിഹാരത്തിന് പിസിബി ശ്രമിക്കണം. ദൂരവ്യാപകഫലങ്ങള്‍ പിസിബി കണക്കിലെടുക്കുമെന്ന് പ്രതീക്ഷയെന്നുമാണ് ഐസിസി പ്രതികരണം. ഇത്തരത്തിലൊരു തീരുമാനവുമായി പൊരുത്തപ്പെടാന്‍ പ്രയാസമാണെന്ന് ഐസിസി അറിയിച്ചു. തീരുമാനം സംബന്ധിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കുകയാണെന്നും ഐസിസി വ്യക്തമാക്കി.
'നയപരമായ കാര്യങ്ങളില്‍ സര്‍ക്കാരുകളുടെ പങ്കിനെ ഐസിസി ബഹുമാനിക്കുമ്പോള്‍, ഈ തീരുമാനം ലോകമെമ്പാടുമുള്ള കായിക വിനോദത്തിനും പാകിസ്താനിലെ ലക്ഷക്കണക്കിന് ആരാധകര്‍ ഉള്‍പ്പെടെയുള്ളവരുടെ ക്ഷേമത്തിനും ഹാനികരമാണ്', ഐസിസി പ്രസ്താവനയില്‍ അറിയിച്ചു.
ലോകകപ്പില്‍നിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പാക്കിസ്ഥാന്‍ ഇന്ത്യയുമായുള്ള ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചത്. ഫെബ്രുവരി 15-ന് കൊളംബോയിലാണ് ഇന്ത്യ - പാക്കിസ്ഥാന്‍ ഗ്രൂപ്പ് മത്സരം. പാക്കിസ്ഥാന്‍ സര്‍ക്കാരാണ് ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനമെടുത്തത്. അതേ സമയം പോരാട്ടത്തില്‍ നിന്ന് പിന്മാറുമെന്ന് പാകിസ്ഥാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും, പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. ഐസിസി പ്രോട്ടോക്കോള്‍ പാലിച്ച് ഇന്ത്യന്‍ ടീം കൊളംബോയിലേക്ക് തിരിക്കുമെന്നും മാച്ച് റഫറി മത്സരം ഉപേക്ഷിക്കുന്നത് വരെ സ്റ്റേഡിയത്തില്‍ തുടരുമെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പിസിബി അധ്യക്ഷന്‍ മൊഹ്‌സിന്‍ നഖ്വിയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യക്കെതിരായ മത്സരം മാത്രം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. ബംഗ്ലാദേശിനെ ഒഴിവാക്കി സ്‌കോട്ട്ലന്‍ഡിനെ ലോകകപ്പില്‍ ഉള്‍പ്പെടുത്തിയ ഐസിസി നടപടിയില്‍ പ്രതിഷേധിച്ചാണ് പാക് നീക്കം. ടൂര്‍ണമെന്റ് പൂര്‍ണ്ണമായും ബഹിഷ്‌കരിക്കില്ലെന്നും ഫെബ്രുവരി 7-ന് നെതര്‍ലന്‍ഡ്സിനെതിരെ പാക്കിസ്ഥാന്‍ ആദ്യ മത്സരം കളിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഏഷ്യ കപ്പിലെ സംഘര്‍ഷങ്ങളും പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ നയതന്ത്ര വിള്ളലുകളും പാക് തീരുമാനത്തെ സ്വാധീനിച്ചതായി വിലയിരുത്തപ്പെടുന്നു.
തീരുമാനത്തിന്റെ പ്രത്യാഘാതങ്ങള്‍ പിസിബി പരിഗണിക്കുമെന്ന് ഐസിസി പ്രത്യാശിക്കുന്നു. ലോകകപ്പ് വിജയകരമായി നടപ്പാക്കുക എന്നതാണ് ഐസിസിയുടെ മുന്‍ഗണന, ഇത് പിസിബി ഉള്‍പ്പെടെയുള്ള എല്ലാ അംഗങ്ങളുടെയും ഉത്തരവാദിത്വമായിരിക്കണം. എല്ലാ പങ്കാളികളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന, പരസ്പരം അംഗീകരിക്കാവുന്ന ഒരു പരിഹാരം കണ്ടെത്താന്‍ പിസിബി ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐസിസി പ്രസ്താവനയില്‍ അറിയിച്ചു.
പാക്കിസ്ഥാന്റെ പിന്മാറ്റം തങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണ് ബിസിസിഐ. ഇന്ത്യന്‍ ടീം കൃത്യസമയത്ത് കൊളംബോയിലെത്തി പരിശീലനം നടത്തും. മത്സരത്തലേന്നുള്ള പതിവ് വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പങ്കെടുക്കും. ഫെബ്രുവരി 15-ന് ടീം സ്റ്റേഡിയത്തിലെത്തും. പാക്കിസ്ഥാന്‍ എത്തിയില്ലെങ്കില്‍ മാച്ച് റഫറിയുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ ഇന്ത്യ ഗ്രൗണ്ടില്‍ തുടരും. ഇതോടെ ഇന്ത്യക്ക് കളിക്കാതെ തന്നെ രണ്ട് പോയിന്റുകള്‍ ലഭിക്കും.
കോടികളുടെ വരുമാന നഷ്ടം
ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരം എന്നാണ് എക്കാലവും ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടത്തെ വിശേഷിപ്പിക്കുന്നത്. അയല്‍ക്കാരുടെ പോരിന് കാത്ത് ലോകമെങ്ങും ക്രിക്കറ്റ് പ്രേമികള്‍ അന്നേദിനം അവധി പോലുമെടുത്ത് ടിവിക്ക് മുന്നിലിരിക്കും എന്നാണ് മുന്‍കാല ചരിത്രം പറയുന്നത്. ഇത്തവണത്തെ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം നടക്കാതിരുന്നാല്‍ ടിക്കറ്റ് വരുമാനം അടക്കം കോടികളുടെ നഷ്ടം ഐസിസി സഹിക്കേണ്ടിവരും.
ലോകകപ്പിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരെയും ഡിജിറ്റല്‍ പാര്‍ട്ണര്‍മാരെയും സംബന്ധിച്ച് ഏറ്റവും വരുമാനമേറിയ മത്സരമാണ് ഇന്ത്യ- പാക് ടീമുകള്‍ തമ്മിലുള്ളത്. ഇന്ത്യയും പാക്കിസ്ഥാനും മൈതാനത്ത് ഏറ്റുമുട്ടുമ്പോള്‍ വ്യൂവര്‍ഷിപ്പ് കൂടുമെന്നതിന് പുറമെ പരസ്യ, സ്പോണ്‍സര്‍ഷിപ്പ് തുകകളും കുതിച്ചുയരും എന്നതുതന്നെ ഇതിന് കാരണം. ഏകദേശം 200 കോടി രൂപയുടെ പരസ്യനഷ്ടം ഒരൊറ്റ ഇന്ത്യ- പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരം വഴി ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ലോകകപ്പില്‍ ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം നടക്കാതിരുന്നാല്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ ഐസിസിയോട് നഷ്ടപരിഹാരം തേടിയേക്കും. ഇതുതന്നെ ദശലക്ഷക്കണക്കിന് രൂപ വിലമതിക്കുന്നതായിരിക്കും.
ട്വന്റി 20 ലോകകപ്പ് 2026ല്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെ, പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ (പിസിബി) കടുത്ത അച്ചടക്ക നടപടികളുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) രംഗത്തെത്താനും സാധ്യതയുണ്ട്. ലോകകപ്പില്‍ നിന്ന് പാക്കിസ്ഥാനെ പൂര്‍ണ്ണമായി വിലക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് ഐസിസിയുടെ പരിഗണനയിലുള്ളത്. പിസിബിക്കുള്ള സാമ്പത്തിക വിഹിതമായ 316 കോടിയോളം രൂപയും ഐസിസി തടഞ്ഞുവെച്ചേക്കും. ഇതെല്ലാം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും.
ബംഗ്ലാദേശിനെ ടി20 ലോകകപ്പില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് ഫെബ്രുവരി 15-ന് കൊളംബോയില്‍ നടക്കേണ്ട ഇന്ത്യ- പാക് മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്. ഇന്ത്യക്കെതിരായ മത്സരത്തില്‍ നിന്ന് പിന്‍മാറാനുള്ള പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെയും പാക് ക്രിക്കറ്റ് ബോര്‍ഡിന്റെയും വിവാദ തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധം ക്രിക്കറ്റ് ലോകത്ത് നിന്ന് ഉയരുകയാണ്.
ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ മത്സരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടം വീണ്ടുമൊരിക്കല്‍ കൂടി കാണാനാണ് ക്രിക്കറ്റ് ആരാധകര്‍ ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അതിനിടെയാണ്, ടീം ഇന്ത്യക്കെതിരെ കളിക്കില്ലെന്ന നാടകീയ തീരുമാനം പാക്കിസ്ഥാന്‍ കൈക്കൊണ്ടത്. ലോകകപ്പില്‍ നിന്നും ഭാവി ടൂര്‍ണമെന്റുകളില്‍ നിന്നും പുറത്താക്കുന്നതും സാമ്പത്തിക ഉപരോധവും അടക്കമുള്ള ശക്തമായ നടപടികളിലേക്ക് ഐസിസി കടക്കുന്നതോടെ പിസിബിക്ക് മനംമാറ്റമുണ്ടാകുമോ എന്ന് കാത്തിരുന്നറിയാം.
