'വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം നാലു ദിവസത്തിനുള്ളില്‍ തിരിച്ചുവരുന്നവര്‍; തീരുമാനം മാറ്റിയാല്‍ അത്ഭുതപ്പെടാനില്ല'; ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിച്ച പാക്കിസ്ഥാനെ പരിഹസിച്ച് ഗവാസ്‌കര്‍
മുംബൈ: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന പാക്കിസ്ഥാന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം നാലു ദിവസത്തിനുള്ളില്‍ തീരുമാനം മാറ്റി തിരിച്ചുവരുന്ന ശീലം പാക് ക്രിക്കറ്റര്‍ന്മാര്‍ക്കുണ്ടെന്നും, അതുപോലെ ഈ ബഹിഷ്‌കരണ തീരുമാനവും അവര്‍ ഉടന്‍ തിരുത്തി തിരിച്ചുവരുമെന്നും ഗവാസ്‌കര്‍ ആജ് തക്കിനോട് പറഞ്ഞു.
ലോകരാജ്യങ്ങള്‍ പ്രതികരിച്ചു തുടങ്ങുമ്പോള്‍ അവരുടെ തീരുമാനത്തില്‍ മാറ്റം വന്നേക്കാം. ഇതിലൊന്നും പുതുമയില്ല. വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം ആരാധകര്‍ ആവശ്യപ്പെടുന്നു എന്ന് പറഞ്ഞ് വെറും നാലു ദിവസം കൊണ്ട് വിരമിക്കല്‍ പിന്‍വലിക്കുന്നവരാണ് പാക് താരങ്ങള്‍. അതുപോലെ തന്നെ പാക് സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ അവിടുത്തെ ആരാധകര്‍ തന്നെ രംഗത്തുവന്നേക്കാം. ഫെബ്രുവരി 15-ന് മുന്‍പ് അവര്‍ തീരുമാനം മാറ്റിയാല്‍ അത്ഭുതപ്പെടാനില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.
ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ കളിക്കില്ലെന്ന് വ്യക്തമാക്കിയെങ്കിലും മത്സരത്തിനായി കൊളോംബോയിലേക്ക് പോകുമെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുകയാണ്. ഐസിസി പ്രോട്ടോക്കോള്‍ പ്രകാരം ഇന്ത്യന്‍ ടീം മത്സരത്തിനായി കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ എത്തും. ഒരു ടീം മത്സരം ബഹിഷ്‌കരിച്ചാല്‍, എതിര്‍ ടീമിനെ വിജയികളായി പ്രഖ്യാപിക്കണമെങ്കില്‍ അവര്‍ ഗ്രൗണ്ടില്‍ ഉണ്ടാകണമെന്നതിനാലാണിത്.
ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ടോസിനായി ഗ്രൗണ്ടിലെത്തും. പാക് നായകന്‍ സല്‍മാന്‍ അലി ആഗ എത്തിയില്ലെങ്കില്‍ ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയും രണ്ട് പോയിന്റ് അനുവദിക്കുകയും ചെയ്യും. അതേസമയം, സര്‍ക്കാര്‍ തീരുമാനത്തോട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് (പിസിബി) യോജിപ്പുണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി ഉടന്‍ മാധ്യമങ്ങളെ കണ്ട് നിലപാട് വിശദീകരിക്കുമെന്നാണ് സൂചന. ലോകകപ്പില്‍ നിന്ന് തന്നെ പുറത്താക്കപ്പെടുമെന്ന ഐസിസി മുന്നറിയിപ്പ് നിലനില്‍ക്കെ, പിസിബിയുടെ അടുത്ത നീക്കം നിര്‍ണായകമാണ്.
