ഓസ്‌ട്രേലിയക്കെതിരെ അർധ സെഞ്ചുറി; അന്താരാഷ്ട്ര ടി20യിൽ റെക്കോർഡിട്ട് മുൻ പാക് നായകൻ; ബാബർ അസമിന്റെ നേട്ടം വിരാട് കോലിയെയും മറികടന്ന്
ലാഹോർ: അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ റെക്കോർഡ് മറികടന്ന് പാക്കിസ്ഥാൻ മുൻ നായകൻ ബാബർ അസം. ഏറ്റവും കൂടുതൽ അർധ സെഞ്ചുറികൾ നേടുന്ന താരമെന്ന നേട്ടമാണ് ബാബർ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ അർധ സെഞ്ചുറി നേടിയതോടെയാണ് ബാബർ ഈ നേട്ടം കൈവരിച്ചത്.
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20 പോരാട്ടത്തിൽ 36 പന്തിൽ 3 ഫോറും ഒരു സിക്‌സും സഹിതം 50 റൺസെടുത്ത് പുറത്താകാതെ നിന്നതോടെയാണ് ബാബർ അസമിന്റെ കരിയറിലെ 39-ാമത്തെ അന്താരാഷ്ട്ര ടി20 അർധ സെഞ്ചുറി പിറന്നത്. ഇതോടെ, 38 അർധ സെഞ്ചുറികൾ നേടിയ വിരാട് കോഹ്‌ലിയെ ബാബർ പിന്തള്ളി റെക്കോർഡിട്ടു.
അന്താരാഷ്ട്ര ടി20യിൽ കൂടുതൽ അർധ സെഞ്ചുറികൾ നേടിയ താരങ്ങൾ:
ബാബർ അസം - 39
വിരാട് കോഹ്‌ലി - 38
രോഹിത് ശർമ - 32
മുഹമ്മദ് റിസ്വാൻ - 30
ഡേവിഡ് വാർണർ, ജോസ് ബട്‌ലർ - 28
മത്സരത്തിൽ 111 റൺസിന്റെ കൂറ്റൻ ജയത്തോടെ പാക്കിസ്ഥാൻ ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സര ടി20 പരമ്പര 3-0 ന് തൂത്തുവാരി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടിയപ്പോൾ, ഓസ്‌ട്രേലിയയുടെ മറുപടി 16.5 ഓവറിൽ വെറും 96 റൺസിൽ അവസാനിക്കുകയായിരുന്നു. ബാബറിനെ കൂടാതെ ഓപ്പണർ സയം അയൂബ് (56), ഷദബ് ഖാൻ (46) എന്നിവരും പാക്കിസ്ഥാന് വേണ്ടി തിളങ്ങി. നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് നവാസിന്റെ പ്രകടനവും പാക്ക് വിജയത്തിൽ നിർണായകമായി.