'രാഷ്ട്രീയം വാതിലുകൾ അടയ്ക്കുമ്പോൾ, തുറക്കാൻ ക്രിക്കറ്റിന് കഴിയുമെന്ന് വിശ്വസിച്ചിരുന്നു'; വിഷമമുണ്ട്, പക്ഷെ പാക്കിസ്ഥാന്‍ സര്‍ക്കാരിനൊപ്പം; പ്രതികരണവുമായി ഷാഹിദ് അഫ്രീദി

Update: 2026-02-02 11:40 GMT

കറാച്ചി: വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള പാക്കിസ്ഥാൻ സർക്കാരിന്റെ തീരുമാനത്തിൽ പ്രതികരണവുമായി മുൻ പാക് താരം ഷാഹിദ് അഫ്രീദി. ഒക്ടോബർ 15-ന് കൊളംബോയിൽ നടക്കേണ്ട മത്സരത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിൽ വിഷമമുണ്ടെന്ന് അഫ്രീദി എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി. അതേസമയം, ഈ വിഷയത്തിൽ തന്റെ സർക്കാരിനൊപ്പമാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗ്ലാദേശ് ടീമിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കിയ ഐസിസി നടപടിയിലെ പ്രതിഷേധം കണക്കിലെടുത്താണ് പാകിസ്ഥാൻ ഈ കടുത്ത തീരുമാനം സ്വീകരിച്ചിരിക്കുന്നത്.

"രാഷ്ട്രീയം വാതിലുകൾ അടയ്ക്കുമ്പോൾ അവ തുറക്കാൻ ക്രിക്കറ്റിന് കഴിയുമെന്ന് ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. ലോകകപ്പിൽ പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ കളിക്കില്ല എന്നത് ഖേദകരമാണ്. എങ്കിലും എന്റെ സർക്കാരിന്റെ തീരുമാനത്തിന് പിന്നിൽ ഞാൻ ഉറച്ചുനിൽക്കുന്നു," അഫ്രീദി കുറിച്ചു. ഐസിസി വെറും പ്രസ്താവനകൾ നടത്തുകയല്ല, മറിച്ച് തങ്ങൾ നിഷ്പക്ഷരും സ്വതന്ത്രരുമാണെന്ന് തീരുമാനങ്ങളിലൂടെ തെളിയിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബംഗ്ലാദേശ് ടീമിനെ ലോകകപ്പിൽ നിന്ന് ഐസിസി ഒഴിവാക്കിയതിന് പിന്നാലെയാണ് ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ ഐസിസി ഉൾപ്പെടുത്തിയിരുന്നു. ഈ നടപടി ഐസിസിയുടെ 'ഇരട്ടത്താപ്പാണെന്ന്' പാകിസ്ഥാൻ ആരോപിക്കുന്നു. സൽമാൻ അഗയുടെ നേതൃത്വത്തിലുള്ള പാക് ടീമിനോട് ഇന്ത്യക്കെതിരെ കളിക്കരുതെന്ന് പാക് സർക്കാർ നിർദ്ദേശം നൽകുകയായിരുന്നു.

കായിക രംഗത്ത് രാഷ്ട്രീയം കലർത്തരുതെന്ന് മുമ്പ് പലപ്പോഴും വാദിച്ചിട്ടുള്ള അഫ്രീദി, നിലവിലെ തന്റെ നിലപാട് കാരണം വിമർശനം നേരിടുന്നുണ്ട്. അടുത്തിടെ 'വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ' ഇന്ത്യ ലെജൻഡ്സ് പാകിസ്ഥാനെതിരെ കളിക്കാൻ വിസമ്മതിച്ചപ്പോൾ ഇന്ത്യൻ താരം ശിഖർ ധവാനെ അഫ്രീദി രൂക്ഷമായി വിമർശിച്ചിരുന്നു. "ഒരു ചീമുട്ട മൊത്തം പാത്രത്തെയും നശിപ്പിക്കുന്നത് പോലെയാണ് ഇത്" എന്നായിരുന്നു അന്ന് ധവാന്റെ നിലപാടിനെക്കുറിച്ച് അഫ്രീദി പരിഹസിച്ചത്. എന്നാൽ, സ്വന്തം രാജ്യത്തിന്റെ കാര്യത്തിൽ സർക്കാർ നിലപാടിനെ പിന്തുണയ്ക്കുന്നത് ഇരട്ടത്താപ്പാണെന്ന വിമർശനം ഇതിനോടകം ഉയർന്നു കഴിഞ്ഞു.

Tags:    

Similar News