ടി20 ലോകകപ്പിനായുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു; മാർക്രം നയിക്കും, ടീമിൽ തിരിച്ചെത്തി റബാഡ; ട്രിസ്റ്റൻ സ്റ്റബ്സിനും റയാൻ റിക്കൽട്ടണും പുറത്ത്
കേപ്ടൗൺ: 2026 ലെ ടി20 ലോകകപ്പിനായുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. വെടിക്കെട്ട് താരങ്ങളായ ട്രിസ്റ്റൻ സ്റ്റബ്സിനും റയാൻ റിക്കൽട്ടണിനും ടീമിൽ ഇടം നേടാനായില്ല എന്നതാണ് പ്രധാന വാർത്ത. യുവപേസർ ക്വേന മഫാക, ടോപ് ഓർഡർ ബാറ്റർ ജേസൺ സ്മിത്ത് എന്നിവരെ സ്ക്വാഡിൽ ഉൾപ്പെടുത്തി അപ്രതീക്ഷിത നീക്കമാണ് ദക്ഷിണാഫ്രിക്ക നടത്തിയത്. 2024 ലെ ലോകകപ്പിൽ ഫൈനലിലെത്തിയ പ്രോട്ടീസിൻ്റെ ലക്ഷ്യം തങ്ങളുടെ കന്നി ടി20 ലോകകപ്പ് കിരീടമാണ്.
സമീപകാലത്തെ മികച്ച ഫോമാണ് ജേസൺ സ്മിത്തിനെ ടീമിലെത്തിച്ചത്. 2024-ൽ ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ അരങ്ങേറിയ സ്മിത്തിന് 128.30 എന്ന മികച്ച സ്ട്രൈക്ക് റേറ്റ് ഉണ്ട്. ടി20 ചലഞ്ചിൽ ഡോൾഫിൻസിനുവേണ്ടി 19 പന്തിൽ പുറത്താകാതെ നേടിയ 68 റൺസ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രകടനങ്ങളിൽ ഒന്നാണ്. 2024 ലോകകപ്പ് സ്ക്വാഡിലുണ്ടായിരുന്ന സ്റ്റബ്സിനെ ഒഴിവാക്കിയാണ് സ്മിത്തിന് അവസരം നൽകിയത്. അതേസമയം, നായകൻ ഐഡൻ മാർക്രവും വിക്കറ്റ് കീപ്പർ-ബാറ്റർ ക്വിന്റൺ ഡി കോക്കും ഉൾപ്പെടെയുള്ള മുൻനിര ബാറ്റിംഗ് നിരയിൽ റിക്കൽട്ടണിന് ഇടം കണ്ടെത്താനായില്ല.
സ്മിത്തിനും മഫാകയ്ക്കും പുറമെ, കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്, ടോണി ഡി സോർസി, ഡോനോവൻ ഫെറേര, ജോർജ് ലിൻഡെ എന്നിവർക്കും ആദ്യമായി ടി20 ലോകകപ്പ് ടീമിലേക്ക് വിളി ലഭിച്ചു. വാരിയെല്ലിനേറ്റ പരിക്ക് കാരണം ഇന്ത്യയ്‌ക്കെതിരായ സമീപകാല വൈറ്റ്-ബോൾ പരമ്പര നഷ്ടമായ കഗിസോ റബാഡ ടി20 ടീമിലേക്ക് തിരിച്ചെത്തി. 2024 ലെ പുരുഷ ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ആൻറിച്ച് നോർട്ട്ജെയും സ്ക്വാഡിൽ ഇടം നേടിയിട്ടുണ്ട്.
"ഞങ്ങൾ അടുത്തിടെ ഇന്ത്യയിൽ മത്സരിച്ച് പരിചയമുള്ള ഉപഭൂഖണ്ഡത്തിലേക്കാണ് പോകുന്നത്. ആ സാഹചര്യങ്ങളിൽ കളിച്ച അനുഭവം ടൂർണമെന്റിൽ ഞങ്ങൾക്ക് തീർച്ചയായും പ്രയോജനം ചെയ്യും. ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പല കളിക്കാരും ആ യാത്രയിൽ ഉണ്ടായിരുന്നു. ഞങ്ങൾ കളിക്കാൻ സാധ്യതയുള്ള പിച്ചുകൾ അവർക്ക് കളിക്കാനായി, ഇത് അവർക്ക് ഏറെ സഹായകമാകും," മുഖ്യ പരിശീലകൻ ഷുക്രി കോൺറാഡ് പ്രസ്താവനയിൽ പറഞ്ഞു. ലോകകപ്പിന് മുമ്പ് വെസ്റ്റ് ഇൻഡീസുമായി ഒരു ടി20 പരമ്പര കൂടി കളിക്കാനുണ്ട്, അതിനുള്ള സ്ക്വാഡ് ഈ മാസം അവസാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ലോകകപ്പിൽ റണ്ണേഴ്സ് അപ്പായിരുന്ന ദക്ഷിണാഫ്രിക്ക, 2026 ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ ഉൾപ്പെടുന്ന ഗ്രൂപ്പ് ഡിയിലാണ് കളിക്കുന്നത്.
ദക്ഷിണാഫ്രിക്കൻ ടീം: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്, ക്വിൻ്റൺ ഡി കോക്ക്, ടോണി ഡി സോർസി, ഡൊനോവൻ ഫെരേര, മാർക്കോ ജാൻസെൻ, ജോർജ് ലിൻഡെ, കേശവ് മഹാരാജ്, ക്വേന മഫാക, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ആൻറിച്ച് നോർട്ട്ജെ, കാഗിസോ റബാഡ, ജേസൺ സ്മിത്ത്.
