സഞ്ജു മാത്രമല്ല, പന്തും ഇനി കാത്തിരിക്കണം; ഇഷാന്‍ കിഷന്‍ ഏകദിന ടീമിലേക്ക്; മുഹമ്മദ് ഷമിയും തിരിച്ചെത്തിയേക്കും; ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും

Update: 2026-01-01 10:11 GMT

ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം ഉടനുണ്ടായേക്കും. ടീം പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെ നേരത്തേ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഏകദിന സ്‌ക്വാഡിനെ തീരുമാനിച്ചിരുന്നില്ല. മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ജനുവരി മൂന്നിന് ഓണ്‍ലൈന്‍ യോഗത്തില്‍ ടീമിനെ തീരുമാനിക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കഴുത്തിനേറ്റ പരിക്ക് മാറി തിരിച്ചെത്തുന്ന ശുഭ്മാന്‍ ഗില്‍ ആയിരിക്കും ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. അടുത്തവര്‍ഷം നടക്കുന്ന ലോകകപ്പ് മുന്നില്‍ കണ്ടായിരിക്കും ടീമിനെ ഒരുക്കുകയെന്നാണ് വിവരം. ജനുവരി 11 നാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് തുടക്കമാവുന്നത്.

ദീര്‍ഘനാളായി ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തുനില്‍ക്കുന്ന പേസര്‍ മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പ് അടുത്തുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സെലക്ടര്‍മാര്‍ താരത്തെ പരിഗണിക്കാനാണ് സാധ്യത. ആഭ്യന്തര ടൂര്‍ണമെന്റുകളിലെ ഷമിയുടെ പ്രകടനം മാനേജ്മെന്റ് സസൂക്ഷ്മം നിരീക്ഷിക്കുന്നുമുണ്ട്. കഴിഞ്ഞ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം താരം ഇന്ത്യക്കായി കളിച്ചിട്ടില്ല. മുഹമ്മദ് ഷമിയെക്കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഫിറ്റ്‌നസ്സ് മാത്രമാണ് ആശങ്ക. അദ്ദേഹത്തെപ്പോലൊരു ബൗളര്‍ക്ക് വിക്കറ്റ് നേടാനാകും. സെലക്ഷന്‍ റഡാറില്‍ നിന്ന് താരം പുറത്തായിട്ടില്ല. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ അദ്ദേഹം പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്. അദ്ദേഹത്തിന്റെ പരിചയസമ്പത്തും വിക്കറ്റെടുക്കാനുള്ള കഴിവും കണക്കിലെടുത്ത് ഷമി ടീമില്‍ ഇടംപിടിക്കാന്‍ സാധ്യതയുണ്ടെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനും ടീമില്‍ ഇടംപിടിച്ചേക്കും. നേരത്തേ കിവീസിനെതിരായ ടി20 പരമ്പരയിലും ടി20 ലോകകപ്പ് സ്‌ക്വാഡിലും ഇഷാന്‍ കിഷന്‍ ഇടംപിടിച്ചിരുന്നു. സഞ്ജു സാംസണ്‍ ആദ്യ വിക്കറ്റ് കീപ്പറായി ലോകകപ്പ് സ്‌ക്വാഡിലുള്ളപ്പോള്‍ രണ്ടാം വിക്കറ്റ് കീപ്പറായാണ് കിഷാനെ ടീമിലെടുത്തത്. എന്നാല്‍ ഏകദിന പരമ്പരയില്‍ സഞ്ജുവിനെ ടീമിലെടുക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. സഞ്ജുവിന് പുറമേ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷഭ് പന്തും ടീമില്‍ നിന്ന് പുറത്തായേക്കും. നിലവില്‍ മിന്നും ഫോമിലുള്ള കിഷനെ സെലക്ടര്‍മാര്‍ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ടീമിലുണ്ടാകും. അടുത്തിടെ നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്. പരിക്കേറ്റ് പുറത്തായിരുന്ന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തും. എന്നാല്‍ ഉപനായകനായ ശ്രേയസ്സ് അയ്യര്‍ ടീമിലെത്താനുള്ള സാധ്യതയില്ല. വേഗത്തില്‍ ശരീരഭാരം കുറയുന്നതിനാല്‍ ഉടന്‍ അയ്യരുടെ തിരിച്ചുവരവുണ്ടായേക്കില്ല.

ഒക്ടോബറില്‍ സിഡ്‌നിയില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിനിടെയാണ് അയ്യര്‍ക്ക് പരിക്കേറ്റത്. നിലവില്‍ ബംഗളൂരുവിലെ നാഷണല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ താരം നിരീക്ഷണത്തിലാണ്. അയ്യര്‍ കളിക്കളത്തിലേക്ക് മടങ്ങിവരാന്‍ ഇനിയും സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജനുവരി 11ന് വഡോദരയിലാണ് ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരം.

Tags:    

Similar News