12 പന്തില്‍ 11 സിക്സറുമായി സല്‍മാന്‍ നിസാര്‍; ബാറ്റിങ്ങ് വെടിക്കെട്ടിന്റെ കരുത്തില്‍ ട്രിവാന്‍ഡ്രത്തെ വീഴ്ത്തി കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്; കാലിക്കറ്റിന്റെ വിജയം 13 റണ്‍സിന്; പോയന്റ് പട്ടികയിലും കുതിപ്പ്

കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് ആറാം തോല്‍വി.

Update: 2025-08-30 18:17 GMT

തിരുവനന്തപുരം:കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് ആറാം തോല്‍വി.ഇന്ന് നടന്ന മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനോട് 13 റണ്‍സിനാണ് ട്രിവാന്‍ഡ്രം തോറ്റത്.കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗ്ലോബ്സ്റ്റാര്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് നേടിയത്.മറുപടി ബാറ്റിംഗില്‍ റോയല്‍സ് 19.3 ഓവറില്‍ 173ന് എല്ലാവരും പുറത്തായി. അഖില്‍ സ്‌കറിയ ഗ്ലോബ്സ്റ്റാര്‍സിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.26 പന്തില്‍ പുറത്താവാതെ 86 റണ്‍സ് അടിച്ചെടുത്ത സല്‍മാന്‍ നിസാറാണ് കാലിക്കറ്റിന്റെ വിജയശില്‍പ്പി.ഗ്ലോബ്സ്റ്റാര്‍സിന്റെ നാലാം ജയമാണ് ഇത്.

34 റണ്‍സ് നേടിയ സഞ്ജീവ് സതീഷനാണ് റോയല്‍സിന്റെ ടോപ് സ്‌കോറര്‍.റിയ ബഷീര്‍ (34), ബേസില്‍ തമ്പി (23),നിഖില്‍ (പുറത്താവാതെ 18), കൃഷ്ണപ്രസാദ് (18), വിഷ്ണു രാജ് (12), അനന്ത കൃഷ്ണന്‍ (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. അഭിജിത് പ്രവീണ്‍ (0), വിനില്‍ ടിഎസ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അഖിലിന് പുറമെ ഇബ്‌നുള്‍ അഫ്താബ്, ഹരികൃഷ്ണന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ സല്‍മാന്‍ നിസാറിന്റെ അവിശ്വസനീയ പ്രകടമാണ് ഗ്ലോബ്സ്റ്റാര്‍സിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

രണ്ട് ഓവറില്‍ 11 സിക്‌സുകള്‍ പായിച്ച് സല്‍മാന്‍ ടീമിനെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. 19-ാം ഓവറില്‍ ബേസില്‍ തമ്പിക്കെതിരെ അഞ്ച് സിക്‌സും തൊട്ടടുത്ത ഓവറില്‍ അഭിജിത് പ്രവീണിനെതിരെ ആറ് സിക്‌സും നേടി. 26 പന്തില്‍ 86 റണ്‍സുമായി സല്‍മാന്‍ പുറത്താവാതെ നിന്നു.12 സിക്‌സുകളാണ് ഒന്നാകെ സല്‍മാന്‍ നേടിയത്. 18 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ആറിന് 115 എന്ന നിലയിലായിരുന്നു ഗ്ലോബ്സ്റ്റാര്‍സ്. അടുത്ത രണ്ട് ഓവറില്‍ പിറന്നത് 71 റണ്‍സ്. ഇതില്‍ 69 റണ്‍സും സല്‍മാന്റെ സംഭാവനയായിരുന്നു. രണ്ട് എക്‌സ്‌ട്രോ. മോനു കൃഷ്ണ (0) നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ കാഴ്ച്ചക്കാരനായി നിന്നു.

പതിഞ്ഞ തുടക്കമായിരുന്നു ഗ്ലോബ്സ്റ്റാര്‍സിന്. കൃത്യമായ ഇടവേളികളില്‍ അവര്‍ക്ക് വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. ഓപ്പണര്‍മാരായ പ്രതീഷ് പവന്‍ (7), രോഹന്‍ കുന്നുമ്മല്‍ (11), അഖില്‍ സ്‌കറിയ (6), സുരേഷ് സച്ചിന്‍ (8) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതോടെ നാലിന് 76 എന്ന നിലയിലായി ഗ്ലോബ്സ്റ്റാര്‍സ്. അജിനാസിന് 51 റണ്‍സ് നേടിയെങ്കിലും ഏകദിന ശൈലിയിലായിരുന്നു ബാറ്റിംഗ്. 50 പന്തുകള്‍ താരം നേരിട്ടു. അജിനാസ് മടങ്ങിയതിന് പിന്നാലെ മുഹമ്മദ് അന്‍ഫലും (2) നിരാശപ്പെടുത്തി. പിന്നീടായിരുന്നു സല്‍മാന്‍ സിക്‌സര്‍ പൂരം. 40 റണ്‍സാണ് അഭിജിത് പ്രവീണ്‍ അവസാന ഓവറില്‍ മാത്രം വിട്ടുകൊടുത്തത്. ബേസിലിന്റെ ഒരോവറില്‍ 31 റണ്‍സും.

ലോക ക്രിക്കറ്റില്‍ തന്നെ ആദ്യം

ശനിയാഴ്ച ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് ലോക ക്രിക്കറ്റിലെ തന്നെ ഒരു അപൂര്‍വ്വ റെക്കോഡിനാണ്.ക്രിക്കറ്റില്‍ ഒരോവറിലെ മുഴുവന്‍ പന്തുകളിലും സിക്സര്‍ നേടുന്നത് ഇതാദ്യമല്ല. എന്നാല്‍ തുടരെ രണ്ട് ഓവറുകള്‍ നേരിട്ട് അതിലെ പതിനൊന്ന് പന്തുകളും ഒരു താരം സിക്സര്‍ പായിക്കുന്നത് ലോക ക്രിക്കറ്റില്‍ തന്നെ ഇതാദ്യമാണ്. ഈ നേട്ടമാണ് സല്‍മാന്‍ നിസാര്‍ സ്വന്തമാക്കിയത്.

കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെതിരായ മല്‍സരത്തില്‍ 19-ാം ഓവറിലെ ആദ്യ അഞ്ച് പന്തുകളും സിക്സര്‍ പായിച്ച കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് താരം സല്‍മാന്‍ അവസാന ഓവറിലെ എല്ലാ പന്തുകളിലും സിക്സര്‍ നേടുകയായിരുന്നു. വെറും 26 പന്തുകളില്‍ 12 സിക്സുകളുടെ മികവില്‍ പുറത്താകാതെ 86 റണ്‍സാണ് സല്‍മാന്‍ നിസാര്‍ നേടിയത്.

18 ഓവര്‍ അവസാനിക്കുമ്പോള്‍ 115-6 എന്ന നിലയിലവായിരുന്നു കാലിക്കറ്റ്. 13 പന്തില്‍ നിന്ന് 17 റണ്‍സുമായി സല്‍മാന്‍ നിസാറും രണ്ട് റണ്‍സുമായി അന്‍ഫലുമാണ് ക്രീസിലുണ്ടായിരുന്നത്. എന്നാല്‍ അവസാന രണ്ട് ഓവറുകളില്‍ സല്‍മാന്‍ കത്തിക്കയറുന്നതാണ് കണ്ടത്. സല്‍മാന്‍ സിക്‌സറുകള്‍ കൊണ്ട് കളം നിറഞ്ഞപ്പോള്‍ ആരാധകര്‍ ഞെട്ടി.

ബേസില്‍ തമ്പി എറിഞ്ഞ 19-ാം ഓവറില്‍ 31 റണ്‍സാണ് സല്‍മാന്‍ നിസാര്‍ അടിച്ചെടുത്തത്.ആദ്യ അഞ്ച് പന്തുകളും താരം അതിര്‍ത്തികടത്തി.അവസാനപന്തില്‍ സിംഗിളുമെടുത്തതോടെ ഓവറില്‍ 31 റണ്‍സ് പിറന്നു. സല്‍മാന്റെ പ്രകടനം അവിടെയും അവസാനിച്ചില്ല.

അവസാന ഓവറിലും സമാനമായിരുന്നു സ്ഥിതി. അഭിജിത്ത് പ്രവീണ്‍ എറിഞ്ഞ ഓവറില്‍ സല്‍മാന്‍ നേടിയതാകട്ടെ ആറുസിക്‌സറുകളാണ്. ഒരു പന്ത് വൈഡായി. മറ്റൊരു പന്ത് നോബോളാകുകയും രണ്ട് റണ്‍സ് ഓടിയെടുക്കുകയും ചെയ്തു. അതോടെ ഓവറില്‍ പിറന്നത് 40 റണ്‍സ്. അവസാന രണ്ടോവറില്‍ 71 റണ്‍സാണ് പിറന്നത്. ഒടുക്കം കാലിക്കറ്റ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സിലെത്തി.


Tags:    

Similar News