ജയം കാണാനാകാതെ ട്രിവാന്‍ഡ്രം റോയല്‍സ്; കൊല്ലം സെയ്ലേഴ്സിനോട് തോറ്റത് ഏഴുവിക്കറ്റിന്; അര്‍ധസെഞ്ച്വറിയുമായി കളം നിറഞ്ഞ് അഭിഷേക് നായര്‍; പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് കൊല്ലം

വിജയം കാണാനാകാതെ ട്രിവാന്‍ഡ്രം റോയല്‍സ്

Update: 2025-08-31 16:08 GMT

തിരുവനന്തപുരം:കേരള ക്രിക്കറ്റ് ലീഗില്‍ വിജയം കാണാനാകാതെ ട്രിവാന്‍ഡ്രം റോയല്‍സ്.ഇന്ന് നടന്ന മത്സരത്തില്‍ കൊല്ലം സെയ്ലേഴ്സിനോട് 7 വിക്കറ്റിനാണ് ട്രിവാന്‍ഡ്രത്തിന്റെ തോല്‍വി.ഇതോടെ ട്രിവാന്‍ഡ്രത്തിന് ഏഴ് തോല്‍വികളായി.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ട്രിവാന്‍ഡ്രം നിശ്ചിത 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു.മറുപടി ബാറ്റിങ്ങില്‍ കൊല്ലം മൂന്ന് ഓവറും ഏഴ് വിക്കറ്റുകളും ബാക്കിനില്‍ക്കേ ലക്ഷ്യം മറികടന്നു.ജയത്തോടെ കൊല്ലം പോയിന്റ്സ് പട്ടികയില്‍ രണ്ടാമതെത്തി.

സമീപ മല്‍സരങ്ങള അപേക്ഷിച്ച് മികച്ചൊരു തുടക്കമാണ് ഓപ്പണര്‍മാര്‍ ട്രിവാന്‍ഡ്രം റോയല്‍സിന് നല്‍കിയത്.ഒത്തിണക്കത്തോടെ ബാറ്റ് വീശിയ കൃഷ്ണപ്രസാദും വിഷ്ണുരാജും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 76 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.മികച്ച റണ്‍റേറ്റോടെ മുന്നേറിയ റോയല്‍സിനെ തടയാന്‍ വിജയ് വിശ്വനാഥിനെ ഇറക്കിയ കൊല്ലം ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ തന്ത്രം ഫലം കണ്ടു. തന്റെ അടുത്തടുത്ത ഓവറുകളില്‍ വിഷ്ണുരാജിനെയും കൃഷ്ണപ്രസാദിനെയും അബ്ദുള്‍ബാസിദിനെയും മടക്കി വിജയ് വിശ്വനാഥ് ക്യാപ്റ്റന്റെ പ്രതീക്ഷ കാത്തു. വിഷ്ണുരാജ് 33ഉം കൃഷ്ണപ്രസാദ് 35ഉം അബ്ദുള്‍ബാസിദ് രണ്ടും റണ്‍സാണ് നേടിയത്.

തുടരെയുള്ള വിക്കറ്റുകള്‍ ഇന്നിങ്സിന്റെ വേഗത്തെ ബാധിച്ചെങ്കിലും എം നിഖില്‍,സഞ്ജീവ് സതീശന്‍, അഭിജിത് പ്രവീണ്‍ എന്നിവരുടെ ഇന്നിങ്സുകള്‍ റോയല്‍സിന് മികച്ച സ്‌കോര്‍ നല്കി. നിഖില്‍ 17 പന്തുകളില്‍ നിന്ന് 26 റണ്‍സ് നേടി. കഴിഞ്ഞ മല്സരങ്ങളിലെ ഫോം തുടര്‍ന്ന സഞ്ജീവ് സതീശന്‍ 20 പന്തുകളില്‍ രണ്ട് ഫോറും മൂന്ന് സിക്സുമടക്കം 34 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച അഭിജിത് പ്രവീണ്‍ 16 പന്തുകളില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്നു. കൊല്ലത്തിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയ വിജയ് വിശ്വനാഥാണ് കൊല്ലം ബൌളിങ് നിരയില്‍ ഏറ്റവും തിളങ്ങിയത്. പരിക്കിനെ തുടര്‍ന്ന് മുഖത്ത് ഒന്‍പത് സ്റ്റിച്ചുകളുമായി ഇറങ്ങിയാണ് വിജയ് മികച്ച പ്രകടനം കാഴ്ചവച്ചത്. ഏദന്‍ ആപ്പിള്‍ ടോം, എ ജി അമല്‍, അജയഘോഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലത്തിനും ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്.വിഷ്ണു വിനോദും അഭിഷേക് ജെ നായരും ചേര്‍ന്ന് അഞ്ചാം ഓവറില്‍ തന്നെ സ്‌കോര്‍ 50 കടത്തി. 33 റണ്‍സെടുത്ത് വിഷ്ണു വിനോദ് ആസിഫ് സലാമിന്റെ പന്തില്‍ വിഷ്ണുരാജ് പിടിച്ച് മടങ്ങി. തുടര്‍ന്നെത്തിയ സച്ചിന്‍ ബേബി തകര്‍ത്തടിച്ച് മുന്നേറിയപ്പോള്‍ മറുവശത്ത് മികച്ച ഷോട്ടുകളുമായി അഭിഷേകും നിലയുറപ്പിച്ചു. ഇരുവരും ചേര്‍ന്നുള്ള 74 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു കൊല്ലത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത്. അര്‍ദ്ധസെഞ്ച്വറിക്ക് നാല് റണ്‍സകലെ സച്ചിന്‍ ബേബി മടങ്ങി. 25 പന്തുകളില്‍ നാല് ഫോറും മൂന്ന് സിക്സുമടക്കമായിരുന്നു സച്ചിന്‍ 46 റണ്‍സ് നേടിയത്.

മറുവശത്ത് 59 റണ്‍സുമായി പുറത്താകാതെ നിന്ന അഭിഷേക് ടീമിനെ അനായാസം വിജയതീരത്തെത്തിച്ചു.46 പന്തുകളില്‍ അഞ്ച് ഫോറും രണ്ട് സിക്സുമടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിങ്സ്.കഴിഞ്ഞ സീസണില്‍ സച്ചിന്‍ ബേബി കഴിഞ്ഞാല്‍ ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായിരുന്നു അഭിഷേക്. എന്നാല്‍ ഈ സീസണില്‍ ഇതിന് മുന്‍പ് ഒരു അര്‍ദ്ധസെഞ്ച്വറി മാത്രമായിരുന്നു അഭിഷേകിന് നേടാനായത്. അഭിഷേക് ഫോമിലേക്ക് മടങ്ങിയെത്തിയത് വരും മല്സരങ്ങളില്‍ കൊല്ലത്തിന് മുതല്‍ക്കൂട്ടാവും. റോയല്‍സിന് വേണ്ടി വി അജിത്, ടി എസ് വിനില്‍, ആസിഫ് സലാം എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

കൊല്ലത്തിന്റെ വിജയ് വിശ്വനാഥാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.ഏഴ് മല്‍സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായാണ് കൊല്ലം രണ്ടാം സ്ഥാനത്തേയ്ക്ക് മുന്നേറിയത്.


Tags:    

Similar News