കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ് ആഗസ്ത് 22മുതല്‍ തുടക്കം; കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്ഗറ്റഡിയം വേദിയാകും; സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, ജലജ് സക്സേനയും അടക്കം പ്രമുഖര്‍ കളത്തിലിറങ്ങും; മോഹന്‍ലാല്‍ ലീഗിന്റെ ബ്രാന്റ് അംബാസിഡര്‍

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ് ആഗസ്ത് 22മുതല്‍ തുടക്കം

Update: 2025-06-25 13:22 GMT

തിരുവനന്തപുരം: ഐപിഎല്‍ മാതൃകയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ വിജയകരമായി സംഘടിപ്പിച്ച 'കേരള ക്രിക്കറ്റ് ലീഗ്'(കെസിഎല്‍) രണ്ടാം സീസണ്‍ ആഗസ്ത് 22 മുതല്‍ സെപ്തംബര്‍ ഏഴുവരെ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്ഗറ്റഡിയത്തില്‍ നടക്കും. നാളെ രാവിലെ 10.30 ന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ ഫ്രാഞ്ചൈസി സംഗമം നടക്കും.

കഴിഞ്ഞ തവണത്തെ ആറ് ടീമുകളായ ട്രിവാന്‍ഡ്രം റോയല്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശൂര്‍ ടൈറ്റന്‍സ്, കലിക്കറ്റ് ഗ്ലോബ്‌സ്റ്റേഴ്‌സ്, ഏരീസ് കൊല്ലം സെയ്ലേഴ്‌സ്, ആലപ്പി റിപ്പിള്‍സ് എന്നീ ടീമുകളുടെ പ്രതിനിധികള്‍ പങ്കെടുക്കും.

സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, ജലജ് സക്സേന തുടങ്ങിയ പ്രമുഖരെല്ലാം ഇക്കുറിയുണ്ടാകും. സഞ്ജു കഴിഞ്ഞ തവണ കളിച്ചിരുന്നില്ല. താരലേലം ജൂലൈ അഞ്ചിന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയിലാണ്. ഓരോ ടീമിനും താരലേലത്തിനായി 50 ലക്ഷം രൂപ മുടക്കാം. കഴിഞ്ഞതവണ 35 ലക്ഷമായിരുന്നു. ഒന്നാം സീസണില്‍ ആറ് ടീമുകളിലായി 114 താരങ്ങളാണ് മത്സരംഗത്തുണ്ടായിരുന്നത്. 168 കളിക്കാരാണ് രജിസ്റ്റര്‍ ചെയ്തത്.

സച്ചിന്‍ ബേബി ക്യാപ്റ്റനായ ഏരീസ് കൊല്ലം സെയ്ലേഴ്‌സ് (ഏരീസ് ഗ്രൂപ്പ്) ആണ് പ്രഥമ ചാമ്പ്യന്മാര്‍. ഫൈനലില്‍ കലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തി. മോഹന്‍ലാലാണ് ലീഗിന്റെ ബ്രാന്റ് അംബാസിഡര്‍. രണ്ടാം സീസണ്‍ സ്റ്റാര്‍ സ്പോര്‍ട്‌സ് കൂടാതെ ഏഷ്യാനെറ്റ് ചാനലും തത്സമയം സംപ്രേക്ഷണം നടത്തും. ഒടിടി പ്ലാറ്റ്‌ഫോമായ ഫാന്‍കോഡിലും കളി കാണാം.

Tags:    

Similar News