കെസിഎല്‍ മാതൃകയില്‍ വനിതകള്‍ക്കും ടൂര്‍ണമെന്റ്; പ്രഖ്യാപനവും പ്രദര്‍ശന മത്സരവും ഇന്ന് നടന്നു; സ്ത്രീകള്‍ക്ക് പ്രൊഫഷണല്‍ വേദി ഒരുക്കിയും കൂടുതല്‍ പെണ്‍കുട്ടികളെ ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കുക എന്നതാണ് കെസിഎ ലക്ഷ്യം വക്കുന്നത്

Update: 2025-09-06 12:20 GMT

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) വനിതാ ക്രിക്കറ്റിന് പുതിയ അധ്യായം തുറക്കുന്നു. വിജയകരമായ രണ്ട് കേരള ക്രിക്കറ്റ് ലീഗ് സീസണുകള്‍ക്ക് ശേഷം, സംസ്ഥാനത്തെ വനിതാ താരങ്ങള്‍ക്കായി കെ.സി.എ വനിതാ ക്രിക്കറ്റ് ലീഗ് ആരംഭിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രഖ്യാപനവും പ്രദര്‍ശന മത്സരവും ഇന്ന് വൈകുന്നേരം 4.30ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്നു.

സ്ത്രീകള്‍ക്ക് പ്രൊഫഷണല്‍ വേദി ഒരുക്കിയും കൂടുതല്‍ പെണ്‍കുട്ടികളെ ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കുമെന്ന ലക്ഷ്യത്തോടെയാണു കെ.സി.എ ലീഗ് തുടങ്ങുന്നത്. പ്രഖ്യാപനത്തിനു പിന്നാലെ നടന്ന പ്രദര്‍ശന മത്സരത്തില്‍ കെസിഎ ഏഞ്ചല്‍സ്, കെസിഎ ക്വീന്‍സ് ടീമുകളാണ് ഏറ്റുമുട്ടിയത്. ഷാനി ടി നയിച്ച ഏഞ്ചല്‍സിനും സജന എസ് നയിച്ച ക്വീന്‍സിനുമായിരുന്നു മത്സരം.

'കേരളത്തിലെ വനിതാ ക്രിക്കറ്റിന്റെ സ്വപ്ന സാക്ഷാത്കാരമാണ് ലീഗ്. ദേശീയ-അന്തര്‍ദേശീയ തലങ്ങളിലേക്ക് നമ്മുടെ താരങ്ങളെ ഉയര്‍ത്താന്‍ ഇതൊരു വലിയ അവസരമാകും,' കെ.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു. 'കെ.സി.എല്‍ മാതൃകയില്‍ പോലെ തന്നെ പ്ലെയര്‍ ഓക്ഷന്‍ വഴി ടീമുകളെ രൂപീകരിക്കും. ഇതോടെ മത്സരവീര്യവും ടീമുകളുടെ സന്തുലിതത്വവും ഉറപ്പാക്കാം,' കെ.സി.എ സെക്രട്ടറി വിനോദ് എസ് കുമാര്‍ പറഞ്ഞു.

അടുത്ത സീസണില്‍ ലീഗ് പൂര്‍ണമായും ഔദ്യോഗികമായി ആരംഭിക്കുമെന്നാണ് കെ.സി.എ അറിയിച്ചത്. വനിതാ ക്രിക്കറ്റില്‍ കേരളത്തിന് പുതിയ കാലഘട്ടം തുറക്കുന്ന നീക്കമാണിതെന്ന് കായികലോകം വിലയിരുത്തുന്നു.

കെസിഎ ഏഞ്ചല്‍സ്: ഷാനി ടി (ക്യാപ്റ്റന്‍), അക്ഷയ എ, അനന്യ കെ പ്രദീപ് (വിക്കറ്റ് കീപ്പര്‍), വിസ്മയ ഇ ബി (വിക്കറ്റ് കീപ്പര്‍), ദിവ്യ ഗണേഷ്, സൗരഭ്യ പി, അഖില പി, അശ്വര്യ എ കെ, ദര്‍ശന മോഹന്‍, ഇഷിത ഷാനി, ശീതള്‍ വി ജിനിഷ്, സൂര്യ സുകുമാര്‍, അജന്യ ടി പി, അലീന ഷിബു, ജോഷിത വി ജെ.

കെസിഎ ക്വീന്‍സ്: സജന എസ് (ക്യാപ്റ്റന്‍), അന്‍സു സുനില്‍, വൈഷ്ണ എം പി (വിക്കറ്റ് കീപ്പര്‍), ജയലക്ഷ്മി ദേവ് എസ് ജെ (വിക്കറ്റ് കീപ്പര്‍), സായൂജ്യ കെ.എസ്, നജ്‌ല സി എം സി, അലീന സുരേന്ദ്രന്‍, വിനയ സുരേന്ദ്രന്‍, കീര്‍ത്തി കെ ജെയിംസ്, നിയ നസ്‌നീന്‍ കെ, ഇസബെല്‍ മേരി ജോസഫ്, നിത്യ ലൂര്‍ദ്, അനുശ്രീ അനില്‍കുമാര്‍, നിയതി ആര്‍ മഹേഷ്, ആശാ ശോഭന.

Tags:    

Similar News