47 റണ്‍സെടുക്കുന്നതിനിടെ അവസാന ഏഴ് വിക്കറ്റുകള്‍ വീണു; രോഹന്‍ കുന്നുമ്മലിന്റെ പോരാട്ടവും പാഴായി; വിജയ് ഹസാരെയിലെ നിർണായക മത്സരത്തിൽ തമിഴ്നാടിനോട് തോറ്റു; കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

Update: 2026-01-08 11:43 GMT

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ക്വാർട്ടർ ഫൈനൽ കാണാതെ കേരളം പുറത്ത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ തമിഴ്നാടിനോട് 78 റൺസിന്റെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയതോടെയാണ് കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണം അവസാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 294 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 40.2 ഓവറിൽ 217 റൺസിന് ഓൾ ഔട്ടായി.

തമിഴ്നാടിനായി വിക്കറ്റ് കീപ്പർ ബാറ്റർ എൻ. ജഗദീശൻ നേടിയ സെഞ്ചുറിയാണ് അവർക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 295 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ കേരളത്തിന് ക്യാപ്റ്റൻ രോഹൻ കുന്നുമ്മലും കൃഷ്ണ പ്രസാദും മികച്ച തുടക്കം നൽകി. സഞ്ജു സാംസണിന് പകരം ടീമിലെത്തിയ കൃഷ്ണപ്രസാദും രോഹനും ഓപ്പണിംഗ് വിക്കറ്റിൽ 8.4 ഓവറിൽ 57 റൺസ് കൂട്ടിച്ചേർത്തു. 14 റൺസെടുത്ത കൃഷ്ണപ്രസാദ് പുറത്തായതിന് ശേഷം ക്രീസിലെത്തിയ ബാബ അപരാജിതും രോഹനും ചേർന്ന് സ്കോർ 15.5 ഓവറിൽ 117-ൽ എത്തിച്ചു.

എന്നാൽ, വെറും 45 പന്തിൽ നിന്ന് 73 റൺസ് നേടി മികച്ച ഫോമിൽ കളിച്ച രോഹൻ കുന്നുമ്മൽ പുറത്തായത് കേരളത്തിന് വലിയ തിരിച്ചടിയായി. പിന്നാലെ 35 റൺസെടുത്ത ബാബ അപരാജിതും മടങ്ങി. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ വിഷ്ണു വിനോദും സൽമാൻ നിസാറും ചേർന്ന് 26.2 ഓവറിൽ ടീമിനെ 170 റൺസിലെത്തിച്ച് പ്രതീക്ഷ നൽകിയെങ്കിലും, 31 പന്തിൽ 35 റൺസെടുത്ത വിഷ്ണു പുറത്തായതോടെ കേരളം തകർന്നടിഞ്ഞു. തുടർന്ന് മുഹമ്മദ് അസറുദ്ദീൻ (1), അങ്കിത് ശർമ (7), ഷറഫുദ്ദീൻ (1) എന്നിവർ പെട്ടെന്ന് പുറത്തായതോടെ 47 റൺസെടുക്കുന്നതിനിടെ അവസാന ഏഴ് വിക്കറ്റുകൾ കേരളത്തിന് നഷ്ടമായി. സൽമാൻ നിസാർ 25 റൺസെടുത്തു.

ക്വാർട്ടർ ഫൈനലിൽ എത്താൻ മികച്ച റൺറേറ്റിലുള്ള വിജയം അനിവാര്യമായിരുന്ന മത്സരമായിരുന്നു കേരളത്തിന്റേത്. ത്രിപുരയോട് ജാർഖണ്ഡ് തോൽവി വഴങ്ങിയ സാഹചര്യത്തിൽ, തമിഴ്നാടിനെതിരെ മികച്ച മാർജിനിൽ ജയിച്ചിരുന്നെങ്കിൽ കേരളത്തിന് ക്വാർട്ടറിലെത്താമായിരുന്നു. ഗ്രൂപ്പ് എയിൽ നിന്ന് കർണാടക നേരത്തെ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. അവസാന മത്സരത്തിൽ കർണാടകയെ തോൽപ്പിച്ച് മധ്യപ്രദേശ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടറിലേക്ക് പ്രവേശിച്ചു. ഏഴ് കളികളിൽ നാല് ജയവും മൂന്ന് തോൽവിയും അടക്കം 16 പോയിന്റുമായി കേരളം ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Tags:    

Similar News