വിഷ്ണു വിനോദിന്റെ വെടിക്കെട്ട് ബാറ്റിംഗ്; 57 പന്തില്‍ നേടിയത് 101 റൺസ്; ഫിനിഷിംഗ് ടച്ചുമായി അഫ്സൽ; ഒമാനെതിരെ മികച്ച സ്കോർ

Update: 2025-09-26 10:55 GMT

മസ്കറ്റ്: ഒമാൻ ചെയർമാൻസ് ഇലവനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഓപ്പണർ വിഷ്ണു വിനോദിന്റെ വെടിക്കെട്ട് സെഞ്ചുറി മികവിൽ കേരളം മികച്ച സ്കോർ നേടി. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. 57 പന്തിൽ 101 റൺസെടുത്ത വിഷ്ണു വിനോദ് പുറത്താകാതെ നിന്നു. 30 റൺസെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസണും 13 പന്തിൽ 32 റൺസെടുത്ത പി.എം. അൻഫലും കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ചു.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് ആദ്യ ഓവറിൽ തന്നെ തിരിച്ചടി നേരിട്ടു. ഓപ്പണർ കൃഷ്ണപ്രസാദ് റൺസെടുക്കും മുമ്പ് പുറത്തായി. രണ്ടാം വിക്കറ്റിൽ വിനൂപ് മനോഹരനെ കൂട്ടുപിടിച്ച് വിഷ്ണു വിനോദ് മുന്നോട്ട് പോയെങ്കിലും 8 പന്തിൽ 11 റൺസെടുത്ത വിനൂപിനെ ഷാ ഫൈസൽ പുറത്താക്കി. 12-2 എന്ന നിലയിൽ പതറിയ കേരളത്തെ സഞ്ജു സാംസണും വിഷ്ണു വിനോദും ചേർന്ന കൂട്ടുകെട്ട് കരകയറ്റി. ഇരുവരും ചേർന്ന് 86 റൺസ് കൂട്ടിച്ചേർത്തു. 32 പന്തിൽ 30 റൺസെടുത്ത സഞ്ജുവിനെ ഷക്കീൽ അഹമ്മദ് പുറത്താക്കി. പിന്നാലെ അർജ്ജുൻ (5), അഖിൽ സ്കറിയ (1) എന്നിവരും കൂടാരം കയറിയതോടെ കേരളം 16 ഓവറിൽ 128-5 എന്ന നിലയിലായി.

എന്നാൽ അവസാന നാലോവറുകളിൽ വിഷ്ണു വിനോദും അൻഫലും ചേർന്ന് തകർത്ത് അടിക്കുകയായിരുന്നു. 13 പന്തിൽ 32 റൺസടിച്ച അൻഫൽ മൂന്ന് സിക്സും ഒരു ഫോറും പറത്തി. 57 പന്തിൽ 101 റൺസുമായി പുറത്താകാതെ നിന്ന വിഷ്ണു വിനോദ് നാല് ഫോറും എട്ട് സിക്സും പറത്തി. ഒമാൻ ചെയർമാൻസ് ഇലവനുവേണ്ടി ഷക്കീൽ അഹമ്മദ് 32 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. മൂന്ന് മത്സര പരമ്പരയിൽ ആദ്യ മത്സരം ഒമാൻ ജയിച്ചിരുന്നു. രണ്ടാം മത്സരത്തിൽ കേരളം ഒരു റണ്ണിന്റെ ആവേശ ജയം സ്വന്തമാക്കിയിരുന്നു. 

Tags:    

Similar News