നാലാം ഓവറിൽ സഞ്ജു പുറത്ത്, പിന്നാലെ കൂടാരത്തിലെത്തി രോഹൻ കുന്നുമ്മലും; കേരളത്തിന് മോശം തുടക്കം; വിജയ് ഹസാരെയിൽ പുതുച്ചേരിക്കെതിരെ 248 റൺസ് വിജയലക്ഷ്യം; എം.ഡി. നിധീഷിന് നാല് വിക്കറ്റ്
അഹമ്മദാബാദ്: അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെൻ്റിൽ പുതുച്ചേരിക്കെതിരെ 248 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ കേരളത്തിന് മോശം തുടക്കം. 14 പന്തിൽ 11 റൺസ് നേടിയ സഞ്ജുവിന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. നാലാം ഓവറിൽ പാർത്ഥ് വാംഘാനി സഞ്ജുവിനെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ ഭൂപേന്ദർ ചൗഹാൻ രോഹൻ കുന്നുമ്മലിനെയും മടക്കി. 8 പന്തിൽ 8 റൺസായിരുന്നു താരത്തിന് നേടാനായത്. ഒടുവിൽ വിവരം കിട്ടുമ്പോൾ കേരളം 4.3 ഓവറിൽ 30/2 എന്ന നിലയിലാണ്. വിഷ്ണു വിനോദും, ബാബ അപരാജിതുമാണ് ക്രീസിൽ.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരിയെ 47.4 ഓവറിൽ 247 റൺസിന് ഓൾ ഔട്ടാക്കിയാണ് കേരളം മികച്ച ബൗളിംഗ് പ്രകടനം നടത്തിയത്. നാല് വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധീഷാണ് കേരളത്തിനായി തിളങ്ങിയത്. നാലാം സ്ഥാനത്തുള്ള കേരളത്തിന് ഗ്രൂപ്പ് എയിൽ മുന്നേറാൻ ഈ മത്സരം നിർണായകമാണ്. ജസ്വന്ത് ശ്രീറാം (54 പന്തിൽ 57), അജയ് രൊഹേറ (53) എന്നിവരുടെ അർധസെഞ്ചുറികളാണ് പുതുച്ചേരിക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
പുതുച്ചേരിക്ക് ഓപ്പണർമാരായ നെയാൻ കനകയ്യനും അജയ് രൊഹേറയും ഭേദപ്പെട്ട തുടക്കം നൽകി. 22 പന്തിൽ 25 റൺസെടുത്ത കനകയ്യനെ വീഴ്ത്തി നിധീഷാണ് കേരളത്തിന് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. പിന്നീട് രണ്ടാം വിക്കറ്റിൽ ഒന്നിച്ച രൊഹേറ-ശ്രീറാം സഖ്യം പുതുച്ചേരിയെ 100 കടത്തി. എന്നാൽ, 53 റൺസെടുത്ത രൊഹേറയെ അങ്കിത് ശർമ പുറത്താക്കിയതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. പിന്നാലെ 11 റൺസെടുത്ത പരമേശ്വരനും 57 റൺസെടുത്ത ശ്രീരാമും വീണതോടെ പുതുച്ചേരി തകർന്നു.
വിഘ്നേശ്വരൻ മാരിമുത്തു (26), ജെ.ജെ. യാദവ് (23) എന്നിവർ ചേർന്ന് പുതുച്ചേരിയെ 200 കടത്തിയെങ്കിലും പിന്നീടാർക്കും പിടിച്ചുനിൽക്കാനായില്ല. കേരളത്തിനായി എം.ഡി. നിധീഷ് നാല് വിക്കറ്റ് നേടിയപ്പോൾ, അങ്കിത് ശർമയും ഏദൻ ആപ്പിൾ ടോമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പിന്തുണ നൽകി. കഴിഞ്ഞ മത്സരത്തിൽ ജാർഖണ്ഡിനെതിരെ തകർപ്പൻ ജയം നേടിയ ടീമിൽ ഒരു മാറ്റവുമായാണ് കേരളം ഇന്ന് കളിക്കാനിറങ്ങിയത്; വിഘ്നേഷ് പുത്തൂരിന് പകരം ബിജു നാരായണൻ പ്ലേയിംഗ് ഇലവനിലെത്തി.
എലൈറ്റ് ഗ്രൂപ്പ് എയിൽ അഞ്ച് കളികളിൽ മൂന്ന് ജയവുമായി 12 പോയിൻ്റുള്ള കേരളം നിലവിൽ നാലാം സ്ഥാനത്താണ്. ജാർഖണ്ഡിനും 12 പോയിൻ്റുണ്ടെങ്കിലും നെറ്റ് റൺറേറ്റിൻ്റെ മുൻതൂക്കത്തിൽ അവർ മൂന്നാം സ്ഥാനത്താണ്. ഈ മത്സരത്തിൽ വമ്പൻ ജയം നേടിയാൽ കേരളത്തിന് റൺറേറ്റിൽ ജാർഖണ്ഡിനെ മറികടക്കാൻ സാധിക്കും. അഞ്ച് കളികളിൽ ഒരു ജയം മാത്രമുള്ള പുതുച്ചേരി പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.
