ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കി മൊഹ്സിന്‍ ഖാൻ; രഞ്ജി ട്രോഫിയിൽ ഇന്നിംഗ്സ് തോല്‍വി വഴങ്ങി കേരളം; ബോണസ് പോയിന്റോടെ ഗ്രൂപ്പിൽ തലപ്പത്തെത്തി കർണാടക; കരുൺ നായർ കളിയിലെ താരം

Update: 2025-11-04 11:32 GMT

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കര്‍ണാടകക്കെതിരെ കേരളം ഇന്നിംഗ്സ് തോല്‍വി വഴങ്ങി. 348 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത കേരളം, നാലാം ദിനം രണ്ടാം ഇന്നിംഗ്സില്‍ 184 റണ്‍സിന് ഓള്‍ ഔട്ടായതോടെ ഇന്നിംഗ്സിനും 164 റണ്‍സിനും പരാജയപ്പെടുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 586 റണ്‍സെടുത്ത കര്‍ണാടകക്കെതിരെ കേരളത്തിന് 238 റണ്‍സെടുക്കാനേ കഴിഞ്ഞിരുന്നുള്ളു.

പതിനൊന്നാമനായി ഇറങ്ങി 39 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഏദന്‍ ആപ്പിള്‍ ടോം ആണ് കേരളത്തിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. ഓപ്പണര്‍ കൃഷ്ണപ്രസാദ് 33 റണ്‍സെടുത്തപ്പോള്‍ അഹമ്മദ് ഇമ്രാന്‍ 23ഉം, ബാബാ അപരാജിത് 19ഉം, സച്ചിന്‍ ബേബി 12ഉം റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന് 15 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

കര്‍ണാടകക്കായി മൊഹ്സിന്‍ ഖാന്‍ വെറും 6 വിക്കറ്റുകള്‍ വീഴ്ത്തി കേരളത്തിന്‍റെ ബാറ്റിംഗ് നിരയെ തകര്‍ത്തെറിഞ്ഞു. വിദ്യുത് കവേരപ്പ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. നാലാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടമായി. സ്കോര്‍ 19 റണ്‍സിലെത്തിയപ്പോള്‍ നൈറ്റ് വാച്ച്‌മാനായി ക്രീസിലെത്തിയ നിധീഷ് എംഡിയെ (9) വിദ്യുത് കവേരപ്പ പുറത്താക്കി. പിന്നാലെ മൂന്നാം നമ്പറിലെത്തിയ അക്ഷയ് ചന്ദ്രനെ നേരിട്ട ആദ്യ പന്തില്‍ പുറത്താക്കി കവേരപ്പ കേരളത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കി.

ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനും കൃഷ്ണപ്രസാദും ചേര്‍ന്ന് ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും 15 റണ്‍സെടുത്ത അസറുദ്ദീനെ ശിഖര്‍ ഷെട്ടി പുറത്താക്കിയതോടെ കേരളം 40-3 എന്ന നിലയിലേക്ക് വീണു. തുടര്‍ന്ന് അഹമ്മദ് ഇമ്രാനും കൃഷ്ണപ്രസാദും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 57 റണ്‍സ് കൂട്ടുകെട്ടിലൂടെ പ്രതീക്ഷ നല്‍കിയെങ്കിലും, മൊഹ്സിന്‍ ഖാന്‍ ഇരുവരെയും വീഴ്ത്തിയതോടെ കേരളം 106-5 എന്ന നിലയിലേക്ക് കൂപ്പുകുത്തി.

ബാബാ അപരാജിത്-സച്ചിന്‍ ബേബി സഖ്യത്തിലായിരുന്നു കേരളത്തിന്‍റെ അവസാന പ്രതീക്ഷ. എന്നാല്‍ സ്കോര്‍ 130ല്‍ നില്‍ക്കെ സച്ചിന്‍ ബേബിയെ (12) മൊഹ്സിന്‍ ഖാന്‍ ബൗള്‍ഡ് ആക്കിയതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. പിന്നാലെ ആദ്യ ഇന്നിംഗ്സിലെ ടോപ് സ്കോററായ ബാബാ അപരാജിതിനെ (19) മൊഹ്സിന്‍ ഖാന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. തുടര്‍ന്ന് ഷോണ്‍ റോജറെ ബൗള്‍ഡ് ആക്കിയതോടെ മൊഹ്സിന്‍ ഖാന്‍ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി.

നേരത്തെ, കരുണ്‍ നായര്‍ (233), ആര്‍ സ്മരണ്‍ (പുറത്താവാതെ 222) എന്നിവരുടെ സെഞ്ചുറി കരുത്തില്‍ കര്‍ണാടക അഞ്ച് വിക്കറ്റിന് 586 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒന്നാം ഇന്നിങ്സിൽ കേരളത്തിന് വേണ്ടി ബേസില്‍ എന്‍ പി രണ്ട് വിക്കറ്റ് വീഴ്ത്തി. ഈ വിജയത്തോടെ എലൈറ്റ് ഗ്രൂപ്പ് ബിയില്‍ കര്‍ണാടക 11 പോയന്‍റുമായി ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. രണ്ട് പോയന്‍റുള്ള കേരളം നിലവില്‍ ഏഴാം സ്ഥാനത്താണ്. ആദ്യ ഇന്നിംഗ്സില്‍ കര്‍ണാടകക്കായി ഇരട്ട സെഞ്ചുറി നേടിയ കരുണ്‍ നായരാണ് കളിയിലെ താരം.

Tags:    

Similar News