ചേട്ടൻ സാംസൺ നയിക്കും; ഒമാനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) റാങ്കിംഗിൽ ഉൾപ്പെട്ട ഒമാൻ ദേശീയ ടീമിനെതിരെ കളിക്കാനുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സാലി വിശ്വനാഥാണ് ടീമിന്റെ ക്യാപ്റ്റൻ. സെപ്തംബർ 22 മുതൽ 25 വരെ മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയാണ് ഒമാനുമായി കളിക്കുക.
പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന ക്യാമ്പ് ഈ മാസം 16 മുതൽ 19 വരെ തൊടുപുഴ കെസിഎ സ്റ്റേഡിയത്തിൽ നടക്കും. സെപ്തംബർ 20ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടീം ഒമാൻ തലസ്ഥാനമായ മസ്കറ്റിലേക്ക് തിരിക്കും.
ടീം അംഗങ്ങളായി സാലി വിശ്വനാഥിനെ കൂടാതെ കൃഷ്ണ പ്രസാദ്, വിഷ്ണു വിനോദ്, അജ്നാസ് എം, വിനൂപ് എസ് മനോഹരൻ, അഖിൽ സ്കറിയ, സിബിൻ പി ഗിരീഷ്, അൻഫൽ പി എം, കൃഷ്ണ ദേവൻ ആർ ജെ, ജെറിൻ പി എസ്, രാഹുൽ ചന്ദ്രൻ, സിജോമോൻ ജോസഫ്, മുഹമ്മദ് ആഷിക്, ആസിഫ് കെ.എം, അബ്ദുൾ ബാസിത് പി എ, അർജുൻ എ കെ, അജയഘോഷ് എൻ എസ് എന്നിവരും ഉൾപ്പെടുന്നു. കോച്ചായി അഭിഷേക് മോഹനും മാനേജരായി അജിത്കുമാറും ടീമിനൊപ്പമുണ്ട്.