നിര്‍ണ്ണായക മത്സരത്തില്‍ കൊച്ചിയോട് തോല്‍വി; നിലവിലെ ചാമ്പ്യന്മാര്‍ക്ക് ആലപ്പിയുമായുള്ള അവസാന മത്സരം ജീവന്‍മരണ പോരാട്ടം; കൊച്ചിയോട് കൊല്ലത്തിന്റെ തോല്‍വി 6 വിക്കറ്റിന്; കുതിപ്പ് തുടര്‍ന്ന് കൊച്ചി
കൊച്ചിയോട് കൊല്ലത്തിന്റെ തോല്‍വി 6 വിക്കറ്റിന്
തിരുവനന്തപുരം:കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം സെയ്‌ലേഴ്‌സിനെതിരെ മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ആറ് വിക്കറ്റ് ജയം. തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സെയ്‌ലേഴ്‌സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടിയത്.രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജോബിന്‍ ജോബി, ജെറിന്‍ പിഎസ് എന്നിവരാണ് കൊല്ലത്തെ നിയന്ത്രിച്ചുനിര്‍ത്തിയത്.37 റണ്‍സെടുത്ത വത്സല്‍ ഗോവിന്ദാണ് ടോപ് സ്‌കോറര്‍. ബ്ലൂ ടൈഗേഴ്‌സ് 17.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. കെ അജീഷ് (39 പന്തില്‍ 58), വിനൂപ് മനോഹരന്‍ (22 പന്തില്‍ 36) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ബ്ലൂ ടൈഗേഴ്‌സിന്റെ വിജയം എളുപ്പത്തിലാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്‌സിന് മികച്ചൊരു സ്‌കോര്‍ ഉയര്‍ത്താനായില്ല. സെമിയുറപ്പിക്കാന്‍ അനിവാര്യ വിജയം തേടിയിറങ്ങിയ കൊല്ലത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ വിഷ്ണു വിനോദ് മടങ്ങി. തുടര്‍ന്നെത്തിയ സച്ചിന്‍ ബേബിയും അഭിഷേക് ജെ നായരും കരുതലോടെയാണ് ബാറ്റ് വീശിയത്. എന്നാല്‍ ജെറിന്‍ പി എസിനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തിനിടയില്‍ ആറ് റണ്ണെടുത്ത സച്ചിന്‍ ബേബിയും പുറത്തായി. അഭിഷേക് ജെ നായരെ പി കെ മിഥുനും എല്‍ബിഡബ്ല്യുവില്‍ കുടുക്കിയതോടെ മൂന്ന് വിക്കറ്റിന് 28 റണ്‍സെന്ന നിലയിലായിരുന്നു സെയിലേഴ്‌സ്.
നാലാം വിക്കറ്റില്‍ വത്സല്‍ ഗോവിന്ദും എം എസ് അഖിലും ചേര്‍ന്ന് നേടിയ 50 റണ്‍സാണ് കൊല്ലത്തെ വലിയൊരു തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 32 റണ്‍സെടുത്ത എം എസ് അഖിലിനെ ജെറിനാണ് പുറത്താക്കിയത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഷറഫുദ്ദീനാണ് സെയിലേഴ്‌സിന്റെ സ്‌കോര്‍ 130ല്‍ എത്തിച്ചത്. ഷറഫുദ്ദീന്‍ 20 പന്തുകളില്‍ നിന്ന് നാല് സിക്‌സടക്കം 36 റണ്‍സുമായി പുറത്താകാതെ നിന്നു.അഖിലിനും ഷറഫുദ്ദീനുമൊപ്പം മികച്ച കൂട്ടുകെട്ടുകളുണ്ടാക്കിയ വത്സല്‍ ഗോവിന്ദ് 37 റണ്‍സെടുത്തു. കൊച്ചിയ്ക്ക് വേണ്ടി പി എസ് ജെറിനും ജോബിന്‍ ജോബിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിക്ക് വിനൂപ് മനോഹരന്‍ മികച്ച തുടക്കമാണ് നല്‍കിയത്. കൂറ്റന്‍ ഷോട്ടുകളിലൂടെ അതിവേഗം റണ്‍സുയര്‍ത്തിയ വിനൂപ് 36 റണ്‍സുമായി മടങ്ങി. റണ്ണൊഴുക്ക് കുറഞ്ഞതോടെ മികച്ച ബൗളിങ്ങുമായി പിടിമുറുക്കാന്‍ കൊല്ലത്തിന്റെ താരങ്ങള്‍ ശ്രമിച്ചെങ്കിലും കെ അജീഷിന്റെ ഉജ്ജ്വല ഇന്നിങ്‌സ് കൊച്ചിക്ക് തുണയായി. 17 പന്തുകള്‍ ബാക്കി നില്‍ക്കെ കൊച്ചി അനായാസം ലക്ഷ്യത്തിലെത്തി. അജീഷ് 39 പന്തുകളില്‍ നിന്ന് മൂന്ന് ഫോറും അഞ്ച് സിക്‌സുമടക്കം 58 റണ്‍സെടുത്തു.അര്‍ദ്ധ സെഞ്ച്വറി നേടിയ കൊച്ചിയുടെ കെ അജീഷാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
തോല്‍വി വഴങ്ങിയതോടെ ആലപ്പി റിപ്പിള്‍സുമായുള്ള അവസാന അവസാന മത്സരം സെയ്‌ലേഴ്‌സിന് നിര്‍ണ്ണായകമായി. ഒന്‍പത് മത്സരങ്ങള്‍ കളിച്ച സെയ്‌ലേഴ്‌സിന് എട്ട് പോയിന്റും ആലപ്പിയ്ക്ക് ആറ് പോയിന്റുമാണുള്ളത്. അവസാന മത്സരത്തില്‍ ആലപ്പിയെ തോല്‍പിച്ചാല്‍ കൊല്ലത്തിന് സെമിയിലേക്ക് മുന്നേറാം. തോറ്റാല്‍ ഇരു ടീമുകള്‍ക്കും എട്ട് പോയിന്റ് വീതമാകും. അങ്ങനെ വന്നാല്‍ റണ്‍റേറ്റായിരിക്കും സെമിയിലേക്കുള്ള ടീമിനെ നിശ്ചയിക്കുക. നിലവില്‍ ആലപ്പിയെക്കാള്‍ മികച്ച റണ്‍റേറ്റുള്ളത് കൊല്ലത്തിനാണ്. 16 പോയിന്റുള്ള കൊച്ചിയും പത്ത് പോയിന്റ് വീതമുള്ള തൃശൂരും കോഴിക്കോടും നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു. കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും തൃശൂര്‍ ടൈറ്റന്‍സുമായാണ് വ്യാഴാഴ്ചത്തെ മറ്റൊരു മത്സരം.