ഐപിഎല്‍ മത്സരങ്ങള്‍ തടയുമെന്ന ഭീഷണി; മുസ്തഫിസുറിനെ ഒഴിവാക്കാന്‍ ബി.സി.സി.ഐ നിർദേശം; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തിരിച്ചടി

Update: 2026-01-03 07:19 GMT

കൊൽക്കത്ത: ഐപിഎൽ മത്സരങ്ങൾ ആരംഭിക്കാനിരിക്കെ മുൻ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് (കെകെആർ) കനത്ത തിരിച്ചടി. ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് ഒഴിവാക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നിർദേശം നൽകി. ഇന്ത്യ-ബംഗ്ലാദേശ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മുസ്തഫിസുറിനെ ടീമിലെടുത്തതിനെതിരെ ഉയർന്ന ശക്തമായ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് ബിസിസിഐയുടെ ഈ നടപടി.

മുസ്തഫിസുറിനെ ഒഴിവാക്കാൻ കെകെആറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, പകരക്കാരനെ ആവശ്യമാണെങ്കിൽ അതിന് അനുമതി നൽകുമെന്നും ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ മാധ്യമങ്ങളോട് അറിയിച്ചു. കഴിഞ്ഞ മാസം അബുദാബിയിൽ നടന്ന ഐപിഎൽ മിനി താരലേലത്തിൽ 9.2 കോടി രൂപയ്ക്കാണ് മുസ്തഫിസുറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിംഗ്സുമായി കടുത്ത മത്സരമാണ് കെകെആർ നേരിട്ടത്.

എന്നാൽ, ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ മുസ്തഫിസുറിനെ ടീമിലെടുത്തതിനെതിരെ രാജ്യത്തെ ഒരു വിഭാഗം ആരാധകരും ഹിന്ദു സംഘടനകളും ബിജെപിയും ശക്തമായി രംഗത്തെത്തിയിരുന്നു. കെകെആർ സഹ ഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാനെതിരെ ബിജെപി, ശിവസേന നേതാക്കൾ രൂക്ഷ വിമർശനമുയർത്തി. മുസ്തഫിസുറിനെ കളിപ്പിച്ചാൽ ഐപിഎൽ മത്സരങ്ങൾ തടസ്സപ്പെടുത്തുമെന്ന് ഉജ്ജയിനിയിലെ മതനേതാക്കളും ഭീഷണി മുഴക്കിയിരുന്നു.

കഴിഞ്ഞ ഡിസംബറിൽ ബംഗ്ലാദേശിലെ മൈമെൻസിംഗിൽ ഹിന്ദുമത വിശ്വാസിയായ ദിപു ചന്ദ്രദാസ് എന്ന വസ്ത്രനിർമാണ ഫാക്ടറി തൊഴിലാളിയെ മതനിന്ദ ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ച് കൊന്നിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞയാഴ്ച രാജ്ബാരി ഗ്രാമത്തിൽ അമൃത് മൊണ്ഡൽ എന്ന ഹിന്ദുമത വിശ്വാസിയും ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ബംഗ്ലാദേശി താരത്തെ ടീമിലെടുത്ത കെകെആറിനും ഷാരൂഖ് ഖാനെതിരെയും സൈബർ ആക്രമണങ്ങൾ രൂക്ഷമാവുകയും നേതാക്കൾ പ്രകോപനപരമായ പ്രസ്താവനകളുമായി രംഗത്തെത്തുകയും ചെയ്തത്.

Tags:    

Similar News