കേരളം ക്രിക്കറ്റ് ലീഗ്; വിഷ്ണു വിനോദിന്റെ ബാറ്റിംഗ് വെടിക്കെട്ടിൽ കൊല്ലം സെയ്‌ലേഴ്‌സിന് അനായാസ ജയം; തൃശൂർ ടൈറ്റൻസിന് ആദ്യ തോൽവി

Update: 2025-08-25 13:56 GMT

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) വിഷ്ണു വിനോദിന്റെ ബാറ്റിംഗ് മികവിൽ കൊല്ലം സെയ്‌ലേഴ്‌സിന് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം. ടൂർണമെന്റിലെ ആദ്യ തോൽവിയാണ് തൃശൂർ ടൈറ്റൻസ് വഴങ്ങിയത്. 145 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സെയ്‌ലേഴ്‌സ് 14.1 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 38 പന്തിൽ നിന്ന് 86 റൺസെടുത്ത വിഷ്ണു വിനോദാണ് സെയ്‌ലേഴ്‌സിന്റെ വിജയം അനായാസമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ തൃശൂർ ടൈറ്റൻസ് 19.5 ഓവറിൽ 144 റൺസിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ അജയ്‌ഘോഷും മൂന്ന് വിക്കറ്റെടുത്ത അമലും ചേർന്നാണ് ടൈറ്റൻസിനെ ചെറിയ സ്കോറിൽ ഒതുക്കിയത്. 41 റൺസെടുത്ത ആനന്ദ് കൃഷ്ണനാണ് ടൈറ്റൻസ് നിരയിലെ ടോപ് സ്കോറർ. അക്ഷയ് മനോഹർ (24), അഹമ്മദ് ഇമ്രാൻ (16), വിനോദ് കുമാർ (13), ഷോൺ റോജർ (11) എന്നിവർ മാത്രമാണ് മറ്റു രണ്ടക്കം കടന്ന ബാറ്റ്സ്മാൻമാർ.

മറുപടി ബാറ്റിംഗിൽ, കഴിഞ്ഞ മത്സരത്തിൽ നിർത്തിയിടത്തുനിന്നാണ് വിഷ്ണു വിനോദ് തുടങ്ങിയത്. സ്കോർ നാലിൽ നിൽക്കെ അഭിഷേക് നായരുടെ (8) വിക്കറ്റ് നഷ്ടമായെങ്കിലും, പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ സച്ചിൻ ബേബിക്കൊപ്പം വിഷ്ണു തകർത്തടിച്ചു. രണ്ടാം വിക്കറ്റിൽ 103 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഈ സഖ്യം ടൈറ്റൻസിൽ നിന്ന് മത്സരം തട്ടിയെടുത്തു.

എട്ട് സിക്സറുകളും ഏഴ് ബൗണ്ടറികളും ഉൾപ്പെട്ടതായിരുന്നു വിഷ്ണുവിന്റെ ഇന്നിംഗ്സ്. വിഷ്ണു പുറത്തായ ശേഷം സച്ചിൻ ബേബി (32*), സജീവൻ അഖിലിനെ (19*) കൂട്ടുപിടിച്ച് ടീമിനെ വിജയത്തിലെത്തിച്ചു. നാല് മത്സരങ്ങളിൽ നിന്ന് സെയ്‌ലേഴ്‌സിന്റെ രണ്ടാം വിജയമാണിത്. അതേസമയം, മൂന്ന് മത്സരങ്ങൾ കളിച്ച ടൈറ്റൻസിന്റെ ടൂർണമെന്റിലെ ആദ്യ പരാജയമാണിത്.

Tags:    

Similar News