'കോച്ചിന്റെ നിർദ്ദേശമില്ലാതെ അതെങ്ങനെ സാധിക്കും?'; രോഹിത് ശർമയെ നായകസ്ഥാനത്തുനിന്ന് മാറ്റിയത് ഗൗതം ഗംഭീർ; ആരോപണവുമായി മുൻ ഇന്ത്യൻ താരം
മുംബൈ: ഇന്ത്യൻ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് രോഹിത് ശർമയെ മാറ്റിയ തീരുമാനത്തിൽ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന് പങ്കുണ്ടെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ചീഫ് സെലക്ടർ അജിത് അഗാർക്കർ ഔദ്യോഗികമായി പ്രഖ്യാപിച്ച ഈ നീക്കത്തിന് പിന്നിൽ ഗംഭീറിന്റെ സ്വാധീനമുണ്ടെന്നും തിവാരി തുറന്നുപറഞ്ഞു. രോഹിത്തിന് പകരമായി യുവതാരം ശുഭ്മൻ ഗില്ലിനെയാണ് ബി.സി.സി.ഐ പുതിയ നായകനായി നിയമിച്ചത്.
'അജിത് അഗാർക്കറെ അറിയാം, അദ്ദേഹം ശക്തമായ വ്യക്തിത്വമുള്ളയാളാണ്. സ്വയം തീരുമാനങ്ങൾ എടുക്കാൻ ശേഷിയുള്ള ഒരാളാണ് അദ്ദേഹം. ഇത്തരമൊരു നടപടി (രോഹിതിനെ മാറ്റുന്നത്) എടുക്കുന്നതിൽ അദ്ദേഹം ഒട്ടും പിന്നോട്ട് പോകില്ല. എന്നാൽ ഇത്തരമൊരു സുപ്രധാന തീരുമാനത്തിൽ കോച്ചിന്റെ നിർദേശമില്ലാതെ മുന്നോട്ട് പോകാൻ സാധ്യതയില്ല' തിവാരി പറഞ്ഞു. മറ്റാരുടെയെങ്കിലും നിർദേശമാണോ നടപ്പിലാക്കിയത് എന്ന് അറിയേണ്ടിയിരിക്കുന്നതായി തിവാരി അഭിപ്രായപ്പെട്ടു.
ഐ.സി.സി ചാമ്പ്യൻസ് ട്രോഫി വിജയിച്ചതിന് പിന്നാലെ രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയത് കടുത്ത തീരുമാനമാണെന്ന പൊതുവെയുള്ള വിലയിരുത്തലിനും വലിയ ആരാധക രോഷത്തിനും ഇടയാക്കിയിരുന്നു. 2027 ലോകകപ്പ് ലക്ഷ്യമിട്ട്, 38 വയസ്സുകാരനായ രോഹിത് അടുത്ത ലോകകപ്പിൽ കളിക്കുമോ എന്ന സംശയമാണ് മാറ്റത്തിന് കാരണമെന്നാണ് ബി.സി.സി.ഐ പറയുന്നത്.
എന്നാൽ, രോഹിത്തിനോട് കാണിച്ചത് അനാദരവാണെന്ന് മനോജ് തിവാരി വിമർശിച്ചു. മൂന്ന് ഇരട്ട സെഞ്ചുറികൾ നേടിയ, ടീമിന് വേണ്ടി നിസ്വാർഥമായി കളിക്കുന്ന ഒരു താരത്തിന്റെ കഴിവിനെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും ക്രിക്കറ്റ് യുക്തിക്ക് നിരക്കാത്ത തീരുമാനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. പ്ലേയിങ് ഇലവൻ തിരഞ്ഞെടുക്കുന്നതിൽ സ്ഥിരതയില്ലായ്മ കാണുന്നതിനാൽ ഏകദിന മത്സരങ്ങൾ കാണാനുള്ള താൽപ്പര്യം തനിക്ക് നഷ്ടപ്പെട്ടെന്നും തിവാരി കൂട്ടിച്ചേർത്തു.