തോറ്റാൽ പുറത്ത്, മഴ പെയ്താലും പണി പാളും; സെമിയിലേക്ക് കയറാൻ ഇന്ന് ജയിച്ചേ തീരൂ; വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ ഇന്ന് 'മരണപ്പോരാട്ടത്തിന്'; 'വെടിക്കെട്ട്' ബാറ്റിംഗും, സ്പിൻ നിരയും കരീബിയൻ പവർ; 2016-ലെ മുറിവുണക്കാൻ നീലപ്പട; 'വെർച്വൽ ക്വാർട്ടർ ഫൈനൽ' ഈഡൻ ഗാർഡൻസിൽ

Update: 2026-03-01 11:59 GMT

കൊൽക്കത്ത: ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് അഗ്നിപരീക്ഷ. ഈഡൻ ഗാർഡൻസിൽ നടക്കുന്ന സൂപ്പർ-8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെയാണ് ഇന്ത്യ നേരിടുന്നത്. 2016-ലെ ലോകകപ്പ് സെമിഫൈനലിൽ വെസ്റ്റ് ഇൻഡീസിനോടേറ്റ പരാജയത്തിന് പകരം വീട്ടാനുള്ള സുവർണ്ണാവസരമാണിത്. ഒരു 'വെർച്വൽ ക്വാർട്ടർ ഫൈനൽ' എന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തിൽ വിജയിക്കുന്നവർക്ക് സെമിയിലേക്ക് മുന്നേറാം.

സൂപ്പർ-8 പട്ടികയിൽ ഗ്രൂപ്പ് ഒന്നിൽ ഇന്ത്യയ്ക്കും വെസ്റ്റ് ഇൻഡീസിനും രണ്ട് പോയിന്റ് വീതമാണുള്ളത്. എങ്കിലും മെച്ചപ്പെട്ട നെറ്റ് റൺറേറ്റിന്റെ ബലത്തിൽ വെസ്റ്റ് ഇൻഡീസ് നിലവിൽ രണ്ടാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യയ്ക്ക് നേരിട്ട് സെമിയിലേക്ക് കടക്കാം. എന്നാൽ മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെടുകയും ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കുകയും ചെയ്താൽ, നെറ്റ് റൺറേറ്റിലെ മുൻതൂക്കം വെസ്റ്റ് ഇൻഡീസിന് തുണയാകും. അങ്ങനെയെങ്കിൽ ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്താകും.

ഇന്ത്യൻ നിരയിൽ റിങ്കു സിംഗ് ഉടൻ ടീമിനൊപ്പം ചേരുമെന്ന് കരുതുന്നുണ്ടെങ്കിലും പ്ലെയിംഗ് ഇലവനിൽ സ്ഥാനം ലഭിക്കാൻ സാധ്യതയില്ല. അങ്ങനെയെങ്കിൽ സഞ്ജു സാംസൺ തന്നെയാവും അഭിഷേക് ശർമ്മയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങുന്നത്. ടൂർണമെന്റിലെ ആദ്യ മത്സരങ്ങളിൽ തുടർച്ചയായി മൂന്ന് തവണ പൂജ്യത്തിന് പുറത്തായ അഭിഷേക് ശർമ്മ, സിംബാബ്‌വെയ്ക്കെതിരെയുള്ള മത്സരത്തിൽ നേടിയ അർധസെഞ്ചുറിയോടെ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇതിന് മുൻപ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പോരാട്ടത്തിലും അഭിഷേക് 15 റൺസ് നേടിയിരുന്നു. ഇടങ്കയ്യൻ ബാറ്ററായ അഭിഷേക് തന്റെ താളം വീണ്ടെടുത്തത് ഇന്ത്യൻ ക്യാമ്പിന് വലിയ ആശ്വാസമാണ് നൽകുന്നത്.

മറുവശത്ത് മികച്ച ആത്മവിശ്വാസത്തിലാണ് വെസ്റ്റ് ഇൻഡീസ്. ഇന്ത്യൻ ബാറ്റിങ് നിരയെ വട്ടംകറക്കാൻ സ്പിൻ കരുത്തുമായാണ് വെസ്റ്റ് ഇൻഡീസ് എത്തുന്നത്. ഗുദാകേഷ് മോട്ടിയാണ് വിൻഡീസ് ബൗളിംഗ് നിരയിലെ പ്രധാനി. 6 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റുമായി തകർപ്പൻ ഫോമിലുള്ള മോട്ടി, ഓരോ 12 പന്തിലും വിക്കറ്റ് വീഴ്ത്തുന്ന 'സ്‌ട്രൈക്ക് ബൗളർ' കൂടിയാണ്. ഇടംകയ്യൻ ബാറ്റർമാരെ കുഴക്കാൻ റിസ്റ്റ് സ്പിൻ ആയുധമാക്കുന്ന മോട്ടിയുടെ ആറടി ഉയരം ഇന്ത്യൻ നിരയ്ക്ക് വെല്ലുവിളിയാകും. കെകെആറിനൊപ്പം ഈഡനിൽ സമയം ചിലവഴിച്ചിട്ടുള്ള മോട്ടിയുടെ തന്ത്രങ്ങൾ സഞ്ജുവിനും സൂര്യയ്ക്കും തലവേദനയാകും.

ഇന്ത്യക്കെതിരെ എന്നും മികച്ച റെക്കോർഡുള്ള താരമാണ് അക്കീൽ ഹൊസൈൻ. 6.5 എക്കോണമിയിൽ 9 വിക്കറ്റുകൾ ഇതുവരെഇന്ത്യക്കെതിരെ നേടിയിട്ടുണ്ട്. ഇന്ത്യയുടെ ഇടംകയ്യൻ ബാറ്റർമാരുടെ ആധിക്യം മുതലെടുക്കാൻ ഷായ് ഹോപ്പ് അക്കീലിനെ തന്നെ പന്തേൽപ്പിക്കാനാണ് സാധ്യത. ചെറിയ പേരുകൾക്ക് മുന്നിൽ പോലും പതറുന്ന ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് റോസ്റ്റൺ ചേസിന്റെ ഓഫ് സ്പിൻ വലിയ ഭീഷണിയാണ്. ഇന്ത്യക്കെതിരെ 5.75 എന്ന മികച്ച എക്കോണമിയുള്ള ചേസിനെ വിലകുറച്ചു കാണുന്നത് അപകടമാകും.

സ്പിൻ കരുത്തിനപ്പുറം വിൻഡീസ് ബാറ്റിങ് നിരയുടെ ആഴമാണ് ഇന്ത്യയെ ഭയപ്പെടുത്തുന്നത്. ഒൻപതാം നമ്പറിൽ ഇറങ്ങുന്ന റൊമാരിയോ ഷെപ്പേർഡ് വരെ ബാറ്റിംഗിൽ വിസ്മയം തീർക്കാൻ ശേഷിയുള്ളവരാണ്. ഷിമ്രോൺ ഹെറ്റ്മെയർ, ഷെർഫെയ്ൻ റുഥർഫോർഡ്, ജേസൺ ഹോൾഡർ എന്നിവരുടെ സ്ട്രൈക്ക് റേറ്റ് 175-ന് മുകളിലാണ് എന്നത് ഇന്ത്യൻ ബൗളർമാർക്ക് ജാഗ്രതാ നിർദ്ദേശം നൽകുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 83-ന് 7 എന്ന നിലയിൽ തകർന്നിട്ടും 176 റൺസിലേക്ക് വിൻഡീസിനെ എത്തിച്ചത് ഈ വാലറ്റത്തെ കരുത്താണ്.

ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ പേടി മഴയാണ്. കളി ഉപേക്ഷിക്കേണ്ടി വന്നാൽ നെറ്റ് റൺറേറ്റ് കുറവായതിനാൽ ഇന്ത്യ പുറത്താകും. അതിനാൽ തന്നെ ടോസ് ലഭിച്ചാൽ ആദ്യം ഫീൽഡ് ചെയ്ത്, മഴ നിയമങ്ങൾ (DLS) മുൻകൂട്ടി കണ്ട് ബാറ്റ് ചെയ്യുന്നതാകും ഇന്ത്യയ്ക്ക് സുരക്ഷിതം.

സ്ക്വാഡ്:

ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, അക്സർ പട്ടേൽ.

വെസ്റ്റ് ഇൻഡീസ്: ബ്രാൻഡൻ കിംഗ്, ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), ഷിമ്രോൺ ഹെറ്റ്മെയർ, റോസ്റ്റൺ ചേസ്, ഷെർഫെയ്ൻ റുഥർഫോർഡ്, റോവ്‌മാൻ പവൽ, ജേസൺ ഹോൾഡർ, റൊമാരിയോ ഷെപ്പേർഡ്, അകീൽ ഹൊസൈൻ, ഗുഡകേഷ് മോട്ടി, ഷമർ ജോസഫ്, ജോൺസൺ ചാൾസ്, മാത്യു ഫോർഡ്, ജെയ്ഡൻ സീൽസ്, ക്വെന്റിൻ സാംസൺ.

Tags:    

Similar News